ടോക്യോ: പാരാലിംപിക്സിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളോടെ മുന്നേറ്റം തുടർന്ന് ഇന്ത്യ. ടോക്യോയിൽ ഇന്ത്യ നാലാം സ്വർണം സ്വന്തമാക്കി. എസ്എൽ 3 ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരമായ പ്രമോദ് ഭഗതാണ് സ്വർണം നേടിയത്. ഇതേ ഇനത്തിൽ മനോജ് സർക്കാർ ഇന്ത്യക്കായി വെങ്കലവും നേടി.

പാരാലിമ്പിക് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്. ഇതേയിനത്തിൽ ഇന്ത്യയുടെ മനോജ് സർക്കാരിനാണ് വെങ്കലം. 45 മിനിറ്റ് നീണ്ട ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം.

ഈ വിഭാഗത്തിൽ പ്രമോദാണ് ലോക ഒന്നാം നമ്പർ താരം. ബെതെൽ ലോക രണ്ടാം നമ്പർ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിതനായി, ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. എന്നിട്ടും തളരാതെ ബാഡ്മിന്റണെ സ്‌നേഹിച്ച താരം മൂന്ന് തവണ ലോക ചാമ്പ്യനായി.

അതേസമയം, ജപ്പാന്റെ ദയ്സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (22 - 20, 21 - 13) തകർത്താണ് മനോജ് സർക്കാർ വെങ്കലം സ്വന്തമാക്കിയത്.

പാരാലിംപിക്സ് ഷൂട്ടിംഗിൽ ഇന്ത്യ ഇരട്ട മെഡൽ നേടിയിരുന്നു. ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ്രാജ് അദാന വെള്ളിയും നേടി. 50 മീറ്റർ പിസ്റ്റൾ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം. പത്തൊൻപതുകാരനായ മനീഷ് 218.2 പോയിന്റുമായി പാരാലിംപിക് റെക്കോർഡോടെയാണ് സ്വർണം ചൂടിയത്. സിങ്രാജ് 216.7 പോയിന്റ് കരസ്ഥമാക്കി.

ടോക്കിയോയിൽ സിങ്രാജിന്റെ രണ്ടാം മെഡലാണിത്. നേരത്തേ 10 മീറ്റർ എയർ പിസ്റ്റൾ ടഒ1 വിഭാഗത്തിൽ സിങ്രാജ് വെങ്കലം നേടിയിരുന്നു. വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്നു നർവാൾ. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും ഫോമിലേക്കുയർന്നു. ഫൈനലിൽ നർവാൾ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. റഷ്യയുടെ സെർജി മലിഷേവിനാണ് വെങ്കലം.

പോയന്റ് പട്ടികയിൽ ഇന്ത്യ 25-ാം സ്ഥാനത്തായി. നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 17 മെഡലുകളാണ് ഇന്ത്യ ഇത്തവണ നേടിയത്.