- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോൾ അടച്ചതിന്റെ രസീത് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; അരിശം മൂത്ത് കാറിന്റെ പിന്നിലെ ഗ്ലാസ് ടോൾ ബൂത്ത് ജീവനക്കാരൻ ഇടിച്ചുപൊട്ടിച്ചു; വിൻഡ്ഷീൽഡിലും മെഷീൻ വച്ച് ഇടിയോടിടി; കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കടന്നു പിടിച്ച് നെറ്റിക്കും നെഞ്ചിലുമെല്ലാം മെഷീൻ വച്ച് അടി; കുമ്പളം ടോളിൽ കാക്കനാട് സ്വദേശിക്കുണ്ടായ വിചിത്ര അനുഭവം
കൊച്ചി: ടോൾ അടച്ചതിന്റെ രസീത് ചോദിച്ച കാർ യാത്രക്കാരന് ടോൾ ജീവനക്കാരുടെ ക്രൂര മർദ്ദനം. കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ടോൾ അടച്ചതിന്റെ റെസീപ്റ്റ് ചോദിച്ചതിൽ പ്രകോപിതനായ ജീവനക്കാരൻ കാറിന്റെ ചില്ലു തല്ലിപ്പൊട്ടിക്കുകയും നെറ്റിയിലും കാലിലും ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തു എന്നാണ് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ പറ്റി പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാൻ കൂട്ടാക്കാതെ കുമ്പളം സ്റ്റേഷനിൽ നിന്നു വന്ന പൊലീസുകാർ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ടോളിലെ ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസുകാർ സ്വീകരിച്ചത്. പനങ്ങാട് സ്റ്റേഷനിലെ സിഐ മാത്രമാണ് മാന്യമായി പെരുമാറുകയും കേസെടുക്കാൻ തയാറായതെന്നും പരാതിക്കാരൻ വിപിൻ വിജയകുമാർ മറുനാടനോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പരാതിക്കാരൻ. ഫാസ്റ്റ് ടാഗ് ഇല്ലാത്തതിനാൽ കിഴക്കു വശം ചേർന്നുള്ള ഗേറ്റിലൂടെയാണ് കടന്നു പോയത്. ഈ സമയം കയ്യിൽ പണം ഇല്ലാതിരുന്നതിനാൽ എ.ടി.എം കാർഡാണ് നൽകിയത്. ആദ്യ തവണ റെസീപ്റ്റ് വന്നെങ്കിലും കസ്റ്റമർ കോപ്പി തന്നില്ല, പകരം ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും പിൻ നമ്പർ അടിക്കാൻ പറഞ്ഞു. അപ്പോൾ പ്രിന്റ് വന്നില്ല. രണ്ടു തവണ പിഴ സഹിതം പണം പിടിച്ചിട്ടുണ്ടോ എന്ന സംശയം തോന്നിയപ്പോൾ എ.ടി.എം ഇടപാട് നടത്തിയതിന്റെ റെസീപ്റ്റ് ചോദിച്ചു.
എന്നാൽ ടോൾ ജീവനക്കാരൻ എടിഎം കാർഡ് തിരികെ കൊടുത്ത ശേഷം പണം കിട്ടിയിട്ടുണ്ട്, പൊയ്ക്കോളൂ എന്നു പറഞ്ഞു. ടോൾ അടച്ചതിന്റെ റസീപ്റ്റും യാത്രക്കാരന് കൊടുത്തില്ല. കാർ മുന്നോട്ടെടുത്തസമയം ജീവനക്കാരൻ ക്രോസ്ബാർ താഴ്ത്തുകയും കാറിന്റെ ബോണറ്റിൽ ഇടിക്കുകയും ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ സോറി ഭയ്യാ, എന്നു പറഞ്ഞ് ക്രോസ് ബാർ ഉയർത്തി. വീണ്ടും മുന്നോട്ടെടുത്തപ്പോൾ കാറിന്റെ ഗ്ലാസിലേയ്ക്ക് ബാർ വന്നിടിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ടോൾ ജീവനക്കാരൻ കളിയാക്കി ചിരിക്കുകയാണെന്ന് മനസിലായി. ദേഷ്യം വന്ന യാത്രക്കാരൻ ഈ സമയം ഗ്ലാസ് തുറന്ന് എന്ത് കോപ്പാണ് കാണിക്കുന്നതെന്ന് മലയാളത്തിൽ ചോദിച്ചു.
ഇതു കേട്ട് പ്രകോപിതനായി പുറത്തേയ്ക്ക് ഇറങ്ങിവന്ന ടോൾ ജീവനക്കാരൻ കാറിന്റെ പിന്നിലെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു. ഡ്രൈവർ സീറ്റിന്റെ പിന്നിലെ വിൻഡ് ഷീൽഡിലേയ്ക്ക് കയ്യിലിരുന്ന മെഷീൻ വച്ച് ഇടിച്ചു. ഇതോടെ വാഹനം നിർത്തി പുറത്തിറങ്ങുകയും സംസാരമുണ്ടായി ഉന്തും തള്ളുമുണ്ടായി. ഈ സമയം മറ്റു രണ്ടു പേർ കൂടി വന്ന് കടന്നു പിടിച്ചു. കാർ തകർത്ത ജീവനക്കാരൻ യാത്രക്കാരന്റെ നെറ്റിക്കും നെഞ്ചിലുമെല്ലാം കയ്യിലുണ്ടായിരുന്ന മെഷീൻ വച്ചും അല്ലാതെയും അടിച്ചു. ഇതു കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. പത്തു മിനിറ്റിനകം ഫ്ളൈയിങ് സ്ക്വാഡ് പൊലീസ് എത്തിയെങ്കിലും അവർക്കു കാര്യമായി ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു.
പിന്നാലെ ഒരു എസ്ഐ.യും എഎസ്ഐയും രണ്ടു പൊലീസുകാരും സ്ഥലത്തെത്തി. യാത്രക്കാരനെ സ്ഥലത്തു നിന്ന് എങ്ങനെ എങ്കിലും പറഞ്ഞു വിടാനായിരുന്നു ഒപ്പമുണ്ടായിരുന്ന ഹെഡ്കോൺസ്റ്റബിളിന്റെ ശ്രമം. എത്രയും പെട്ടെന്ന് വിട്ടു പൊയ്ക്കോ, ഇതിന്റെ പിന്നാലെ നിന്നാൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത് എന്ന് വിപിൻ പറയുന്നു. പത്തു മിനിറ്റിനകം പോയില്ലെങ്കിൽ പ്രതിയാക്കുമെന്ന മട്ടിലായി സംസാരം. ഇതോടെ പരിചയക്കാർ ചിലരും സ്ഥലത്തെത്തി. തല്ലുകൊണ്ടിട്ട് പോകില്ലെന്നും, കേസെടുക്കണമെന്ന് നിർബന്ധം പിടിക്കുകയും വിപിൻ ചെയ്തു. ഇതോടെ സിഐ വരട്ടെ എന്നായി. സിഐ എത്തിയപ്പോൾ മാത്രമാണ് കേസെടുക്കാമെന്ന മട്ടിൽ സംസാരിച്ചത് എന്നും വിപിൻ പറഞ്ഞു.
സംഭവങ്ങൾ കണ്ട് നിന്ന നാട്ടുകാർ ഉപദ്രവിച്ച ആളെയും പൊലീസ് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് പ്രതിയെ കൂട്ടി വരാൻ ടോളിലുള്ളവരോടു പറയുകയുമായിരുന്നു. പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടു പോലും നിങ്ങൾക്ക് തെറ്റിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ മറുപടി. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കു പകരം വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടപ്പോൾ നൽകിയത്. തന്നെ സ്റ്റേഷനിൽ എത്തിച്ച് മണിക്കൂറുകളോളം ഇരുത്തിയതല്ലാതെ എഫ്.ഐ.ആർ ഇടാൻ പൊലീസ് തയാറായില്ല. പകരം ഏതോ പ്രതിയോടെന്ന പോലെയാണ് പൊലീസുകാരെല്ലാം പെരുമാറിയത്. പ്രതിയെ സ്ഥലത്തുകൊണ്ടുവന്ന് വൈകാതെ തന്നെ ടോൾ ഉദ്യോഗസ്ഥർക്കൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതും സ്കാനിങ് നടത്തിയതുമെല്ലാം. രാത്രി തലവേദനയായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലും കാണിക്കേണ്ടി വന്നെന്നും വിപിൻ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ടിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും പനങ്ങാട് സിഐ സുരേഷ് പറഞ്ഞു. പരാതിക്കാരൻ പറഞ്ഞ കാര്യങ്ങളിൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തടസം ഒഴിവാക്കാനായിരുന്നു പൊലീസ് ശ്രമിച്ചതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ പൊലീസ് ടോളുകാർക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നതെന്ന് വിപിൻ ആരോപിക്കുന്നു. ടോൾ ജീവനക്കാർ പലപ്പോഴും മോശമായാണ് പെരുമാറുന്നതെന്നും തന്റെ പ്രശ്നം നടക്കുമ്പോൾ കാറിലെത്തി ദമ്പതികളോട് ടോൾ ജീവനക്കാരൻ മോശമായി പെരുമാറുന്നത് കണ്ടു എന്നും വിപിൻ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.