എവിടെ തിരഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം സെൽഫികൾ മാത്രമെന്ന സീനുകളാണ് ചുറ്റും. സെൽഫിഭ്രമം ആളുകളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് വളർന്നതോടെ, സംഗതി നിയന്ത്രിക്കേണ്ട സ്ഥിതിയിലേക്കും കാര്യങ്ങൾ വളർന്നു.കഴിഞ്ഞ 18 മാസത്തിനിടെയുണ്ടായ 127 സെൽഫി മരണങ്ങളിൽ 76 എണ്ണം ഇന്ത്യയിലായിരുന്നുവെന്ന കണക്കും പ്രശ്‌നം നിസാരമല്ലെന്ന് തെളിയിക്കുന്നു. സെൽഫികൾ കിൽഫികളായി മാറുന്നത് തടയാൻ എന്തുചെയ്യാനാവുമെന്നാണ് അധികൃതരുടെ ആലോചന.

വിനോദ സഞ്ചാരമേഖലകളിലും, മറ്റ് പൊതുസ്ഥലങ്ങളിലും സെൽഫി ഫ്രീ മേഖലകൾ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.പക്വമായ രീതിയിൽ സെൽഫിയെടുക്കുന്നതിനെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന നിർദ്ദേശത്തിനും പ്രസക്തിയേറുന്നു.നാഗ്പൂരിനടുത്ത് മാംഗ്രുൽ തടാകത്തിൽ സെൽഫിയെടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ഏഴ് യുവാക്കൾ മരിച്ചിരുന്നു.കേരളത്തിലാകട്ടെ, കൊടുങ്ങല്ലൂരിൽ സെൽഫിയെടുക്കുന്നതിനിടെ 19 കാരനായ സമദ് എന്ന വിദ്യാർത്ഥി മുങ്ങി മരിച്ചു.തൃശൂരിൽ തീവണ്ടിപ്പാളത്തിൽ സെൽഫിക്ക് ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിക്കും ദാരുണമായ അന്ത്യമേറ്റുവാങ്ങേണ്ടി വന്നു.

സെൽഫിയെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരിക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മുംബൈ നഗരത്തിലെ 15 ഓളം സ്ഥലങ്ങൾ സെൽഫി ഫ്രീ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.അപകടസാധ്യതയേറിയ സ്ഥലങ്ങളിൽ നോ സെൽഫി സോണുകളാക്കുകയാണ് പ്രശ്‌നത്തിന് ഒരുപരിഹാരം. എന്നാൽ സ്വയം ബോധവൽകരണവും, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ അപകടസാധ്യത സ്വയം വിലയിരുത്താനുള്ള ശേഷിയുമാണ് ഏറ്റവും പ്രധാനം.

കോയമ്പത്തൂരിൽ 21 കാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ ട്രെയിൻ തട്ടിയുള്ള മരണം, ഉത്തരാഖണ്ഡിൽ അളകനന്ദ നന്ദിയിൽ അഷാന ഭണ്ഡാരിയുടെ മുങ്ങിമരണം,ബെംഗളൂരു ബന്നേർഗാട്ട ബയോളജിക്കൽ പാർക്കിൽ 30 കാരനെ ആന ചവിട്ടിക്കൊന്നത്, അമ്പർനാഥിൽ 17 കാരൻ ട്രെയിന്റെ മുകളിൽ വൈദ്യുതിയേറ്റ് മരിച്ചത് തുടങ്ങിയ സംഭവങ്ങളെല്ലാം വിവേകസൂന്യമായ സെൽഫി തീരുമാനങ്ങളുടെ ഫലമായിരുന്നു. ഈ പ്രശ്‌നത്തെ നേരിടാൻ സ്വയം ബോധവൽകരണവും, പക്വമായ വിശകലനശേഷിയും അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ ആവർത്തിച്ചുപറയുന്നതും ഇക്കാരണത്താലാണ്.

അപകടങ്ങളുണ്ടാക്കുന്ന സെൽഫികൾ കൂടാതെ, പങ്കാളികൾക്കൊപ്പം അശ്ലീല സെൽഫിയെടുത്ത് കുടുങ്ങുന്നവരുടെ കഥകളുമുണ്ട്. ഇത്തരം സെൽഫികൾ കൂട്ടുകാരുമായി പങ്കുവയ്ക്കുകയും, അത് ബ്ലാക്‌മെയിലിങ്, പീഡനം തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യുന്നത് അപൂർവമല്ല. സെൽഫികൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ, കൗമാരക്കാരായ മക്കൾക്ക് ഉപദേശം തേടി മന:ശാസ്ത്രജ്ഞരെ സമീപിക്കുന്ന മാതാപിതാക്കളും കുറവല്ല. പല വ്യക്തികൾക്കും സെൽഫി എന്ന് പറയുന്നത് അപകർഷതാബോധവും, അരക്ഷിതാവസ്ഥയും മറികടക്കാനുള്ള ഉപാധിയാണ്.അതിനുള്ള സെൽഫി പൊടിക്കൈകൾ അപകടകരമാകാതെ നോക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.