തിരുവനന്തപുരം: അമേരിക്കയിൽ ഡോക്ടറായ പാലാക്കാരി അനിതാജോസുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ തൊഴിൽ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടോം ജോസിന് വനിയാകും. പ്രവാസിയായ ഡോ. അനിത തനിക്ക് വൻ തുകകൾ നൽകിയതായി ടോംജോസ് വിജിലൻസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇതെന്നാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്. ബന്ധുവെന്നും സുഹൃത്തെന്നുമൊക്കെയാണ് അനിതാ ജോസിനെ ടോം വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിലെ വസ്തുത കണ്ടെത്താനാണ് വിജിലൻസ് നീക്കം.

അനിതാ ജോസിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കാര്യമായൊന്നും കണ്ടെത്തിയിരുന്നില്ല. റെയ്ഡിനെത്തുമ്പോൾ ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അനിതാ ജോസിന്റെ സഹായിയിൽനിന്ന് താക്കോൽ വാങ്ങിയാണ് പരിശോധന നടത്തിയത്. അതേസമയം, തിരുവനന്തപുരം വെള്ളയമ്പലത്തെ ടോം ജോസിന്റെ ഫ്‌ലാറ്റിൽനിന്നും സെക്രട്ടേറിയറ്റിലെ ക്യാബിനിൽനിന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകളും അനിതാ ജോസിന്റെ ബാങ്ക് പാസ്ബുക്കും ലഭിച്ചതായി വിവരമുണ്ട്. വലിയ തുക അനിത, ടോം ജോസിന് നൽകിയിട്ടുണ്ട്. ഇങ്ങനെ നൽകാനുണ്ടായ സാഹചര്യമാണ് അന്വേഷിക്കുന്നത്.

മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 2010ലാണ് ടോംജോസ് അൻപതേക്കർ ഭൂമി സ്വന്തമാക്കിയത്. 1.34 കോടി രൂപ എസ്.ബി.ഐയിൽ നിന്ന് വായ്പയെടുത്താണ് ഭൂമി വാങ്ങിയതെന്നാണ് ടോംജോസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയത്. എന്നാൽ ഒരു വർഷത്തിനകം 1.41കോടി രൂപയായി വായ്പ അടച്ചുതീർത്തു. ഭാര്യാപിതാവും ഉറ്റ ബന്ധുവുമാണ് വായ്പ തിരിച്ചടയ്ക്കാൻ പണം നൽകിയതെന്നാണ് ടോംജോസ് ആദ്യം പറഞ്ഞത്. പിന്നീട് പ്രവാസിമലയാളിയും സുഹൃത്തുമായ ഡോ. അനിതാ ജോസ് ഒരുകോടിയിലേറെ രൂപ നൽകി സഹായിച്ചുവെന്നും അറിയിച്ചു.

ഇതിനു പിന്നാലെ 2011ൽ കൊച്ചിയിൽ വാങ്ങാൻ കരാർ ഉറപ്പിച്ച ഫ്‌ളാറ്റിലും ഡോ. അനിതയ്ക്ക് സാമ്പത്തിക പങ്കാളിത്തമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ടോംജോസിന്റെ ഭാര്യ സോജ ജോസിനൊപ്പം അനിതയുടെയും പേരിലാണ് ഈ ഫ്‌ളാറ്റ്. എറണാകുളം ജവഹർ നഗറിലെ ഈ ഫ്‌ളാറ്റിനായി 2011ൽ 96 ലക്ഷം കൈമാറി. പാലാ രാമപുരത്തെ അനിതയുടെ വസതിയിൽ വിജിലൻസ് റെയ്ഡിനെത്തിയപ്പോൾ വർഷങ്ങളായി അവിടെ ആരും താമസമില്ലെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ ഇനി ടോംജോസിന്റെ മൊഴി രേഖപ്പെടുത്തിയേ തുടരന്വേഷണം സാദ്ധ്യമാവൂ എന്നാണ് വിജിലൻസ് പറയുന്നത്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന അനിതയുടെ ബാങ്ക് ഇടപാടുകൾ കൈകാര്യംചെയ്യുന്നത് ടോം ജോസാണെന്നും വിജിലൻസ് സംശയിക്കുന്നു. ടോം ജോസിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കാൻ ബാങ്ക് അധികൃതർക്ക് വിജിലൻസ് കത്തു നൽകിയിരുന്നു. ഈ അക്കൗണ്ടുകളും ലോക്കറുകളും തുടർന്നുള്ള ദിവസങ്ങളിൽ വിജിലൻസ് പരിശോധിക്കും. റെയ്ഡിൽ കണ്ടെടുത്ത രേഖകൾ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ്‌കോടതിയിൽ സമർപ്പിച്ച് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.

കെഎംഎംഎല്ലിൽ മഗ്‌നീഷ്യം സൾഫേറ്റ് വാങ്ങിയതിൽ ക്രമേക്കേട്. അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളിലാണ് ടോം ജോസ് അന്വേഷണം നേരിടുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതി ഉയരുന്നത്. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഒന്നേമുക്കാൽ കോടിയോളം മുടക്കി മഹാരാഷ്ട്രയിൽ എസ്റ്റേറ്റ് വാങ്ങി. ഐഎഎസ് ഉദ്യോഗസ്ഥർ ഭൂമി വാങ്ങുമ്പോൾ സർക്കാരിനെ അറിയിക്കുകയും പണത്തിന്റെ സ്രോതസ് കാണിക്കുകയും വേണം. എന്നാൽ ഇത് രണ്ടും ചെയ്യാതെയായിരുന്നു ടോം ജോസിന്റെ ഇടപാടുകൾ. മറ്റൊന്ന് ചവറയിലെ കെഎംഎംഎൽ മഗ്‌നീഷ്യം ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ടോം ജോസിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ടോം ജോസ് കെഎംഎംഎൽ എംഡി ആയിരിക്കെ നടത്തിയ വിവാദ മഗ്‌നീഷ്യം ഇടപാടിലൂടെ സർക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കെഎംഎംഎല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 201214 കാലഘട്ടത്തിലാണ് സംഭവം. ഒരു മെട്രിക് ടൺ മഗ്‌നീഷ്യം 1.87 കോടി രൂപക്കാണ് കെഎംഎംഎൽ പ്രാദേശിക വിപണിയിൽനിന്ന് വാങ്ങിയിരുന്നത്. ഇതൊഴിവാക്കാൻ ടോം ജോസ് ആഗോള ടെൻഡർ വിളിച്ചെന്നും ഇതിനുപിന്നിൽ അഴിമതിയുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് വിജിലൻസിനെതിരെയും ടോം ജോസ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.