വിരമിക്കുന്ന ദിവസം തന്നെ ഒരു പ്രിൻസിപ്പാളിന്, അതും സ്ത്രീയും ദലിതയുമായ ഒരു പ്രിൻസിപ്പാളിന്, ശവകുടീരം തീർത്തുകൊണ്ട് യാത്രയയക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതാണോ എന്നതാണ് പൊതുസമൂഹം ഉയർത്തുന്ന ചോദ്യം. സ്ത്രീ വിരുദ്ധതയുടേയും ദലിത് വിരുദ്ധതയുടേയും പ്രശ്‌നങ്ങളിലേക്ക് വഴിയേ വരാം. അതിനു മുൻപായി ഈ പ്രവൃത്തിയുടെ സംസ്‌കാരരാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യം നമുക്കു അഭിമുഖീകരിക്കാം. കുഴിച്ചു മൂടുന്നതും, കത്തിച്ചു ചാമ്പലാക്കുന്നതും, എന്നെന്നേക്കുമായി മറച്ചുപിടിക്കാൻ ശ്രമിക്കുന്നതും ഒരു വ്യക്തിയേയോ ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളേയോ ആയതിനാൽ തീർച്ചയായും നമുക്കു പറയാം അതിൽ അന്തർലീനമായ ഒരു ജനാധിപത്യവിരുദ്ധതയുണ്ടെന്ന്. മറ്റൊരാളുടെ ആശയങ്ങൾ കുഴിച്ചു മൂടുന്നതും തമസ്‌കരിക്കുന്നതും എന്തൊക്കെ പറഞ്ഞാലും ഒരു ജനാധിപത്യ സംവിധാനത്തിനും ഭൂഷണമല്ല. അത്തരം നിലപാടുകൾ ചേർന്നു നിൽക്കുന്നത് ലോകായത ചിന്താപദ്ധതികളെ കുഴിച്ചു മൂടിയ, കത്തിച്ചു ചാമ്പലാക്കിയ വൈദികപാരമ്പര്യവുമായാണ്

പക്ഷേ ഒരാളെകുഴിച്ചു മൂടുന്നതിനു തുല്യമാണോ അദ്ദേഹത്തിനെ/അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രതീകാത്മകമായി കുഴിച്ചുമൂടുന്നത്? കൂടുതൽ വ്യക്തമായി ചോദിക്കുകയാണെങ്കിൽ, ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നടന്നത് 'കാടത്ത'ത്തിന്റെ ഏറ്റവും സമകാലീനമായ ഉദാഹരണമാണോ? അത് മുൻ കാലങ്ങളിലൊന്നും നിലനിന്നിട്ടില്ലാത്ത ആരും ചെയ്യാത്ത ഒരു (അ)സാംസ്‌കാരിക, നൂതന പ്രവൃത്തിയാണോ?

ഇതിന്റെ ഉത്തരം നിസ്സംശയം പറയാം. ഇതിൽ നൂതനമായി ഒന്നുമില്ല. യഥാർത്ഥത്തിൽ പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ജെയിംസ് ഫ്രേയ്‌സർ (James Frazer) ഇത്തരം പ്രവൃത്തികളെ വിളിച്ചത് 'ഹോമിയോപതിക് മാജിക്' എന്നാണ്. ഇത് നമ്മൾ 'പ്രാകൃത'മെന്നു വിളിക്കുന്ന മിക്കവാറും എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നതുമാണ്. തന്റെ ശത്രുവിന്റെ ഇമേജിനോട് താൻ ചെയ്യുന്നതു തന്നെ തന്റെ ശത്രുവിനു സംഭവിക്കണം/ സംഭവിക്കും എന്ന അബോധ ചേതന അല്ലെങ്കിൽ പ്രതീക്ഷയാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പലപ്പോഴും നേരിട്ടുള്ള (immediate) ശത്രുവിനെ നേരിടുവാനും നമ്മുടെ ഉള്ളിൽ തന്നെയുള്ള അപരഭയത്തെ ഇല്ലായ്മ ചെയ്യുവാനുമുള്ള ഈ സംവിധാനം ആ അർത്ഥത്തിൽ അത്രയൊന്നും അപരിഷ്‌കൃതമല്ല. നന്മ തിന്മയെ വേർതിരിച്ച് തിന്മയെ ഉന്മൂലനം ചെയ്യുന്നു എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി ഒരു പക്ഷേ സംസ്‌കാരത്തിന്റെ ഘടനാപരമായ അടിത്തറയാണ്. ഉദാത്തമെന്നു വിവക്ഷിക്കപ്പെടുന്ന പല മതപരമായ അനുഭവങ്ങളിലും കാർണിവലസ്‌കായ (carnivalasque) സാംസ്‌കാരിക അനുഭവങ്ങളിലും ഉൽസവങ്ങളിലും അപരഭയത്തെ നിയന്ത്രണ വിധേയമാക്കുന്ന ഈയൊരു സംവിധാനം അന്തർലീനമായിട്ടുണ്ട്. ഇബിലീസിനെ പ്രതീകാത്മകമായി കല്ലെറിയുമ്പോഴും, കടമറ്റത്തച്ച ൻ യക്ഷിയെ പ്രതീകാത്മകമായി ബന്ധിച്ചപ്പോഴും, ചേട്ടയെ പടിയടച്ച് പുറത്താക്കുമ്പോഴും, ശത്രുസംഹാരപൂജ ചെയ്യുമ്പോഴും, ശത്രുവിനെ ഇല്ലായ്മ ചെയ്യാൻ കൂടോത്രം ചെയ്യുമ്പോഴും എല്ലാം അപരഭയത്തെ ഇല്ലായ്മ ചെയ്യുവാനുള്ള മനുഷ്യന്റെ ഈ അബോധവാസന കാണുവാൻ കഴിയും. പരിഷ്‌കൃതനെന്നു നാം വിളിക്കുന്ന മനുഷ്യൻ അപരഭയത്തെ മറികടന്നു എന്നു വിശ്വസിക്കുന്നത് നമ്മുടെ മൗഢ്യം മാത്രമാണ്. തന്റെ ജീവിതാന്വേഷണത്തിന്റെ ഭാഗമായി തന്റെ തന്നെ വിസർജ്ജ്യത്തോടുള്ള ഭയം മറി കടന്ന് അതിനെ ഭുജിച്ച ബുദ്ധനെപ്പോലെ ''നിർവാണ നിധി കണ്ട മഹാസിദ്ധ''ന് സാദ്ധ്യമാകുന്ന ഒരു കാര്യം (അപരഭയത്തെ മറികടക്കുക) അടച്ചുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതതിനു ശേഷവും ഗേറ്റിൽ കാവലിന് ആളെ നിയമിക്കുന്ന വിധം പരിഷ്‌കൃതമായ ഉത്തരാധുനിക കാലത്തെ സംസ്‌കൃത ജനങ്ങൾക്കു സാധ്യമാവുമെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കാണ്.

ഗവണ്മെന്റ് വിക്ടോറിയാ കോളേജിലെ ശവകുടീര കോപ്രായം ഈ അർത്ഥത്തിൽ അസാധാരണമാം വിധം സാധാരണമാണ്. .എന്നിരുന്നാലും ശ്മശാനത്തിന്റെ ഭീകരതയിൽ നിന്നും, മൂകതയിൽ നിന്നും ശവകുടീരത്തിനെ അടർത്തി മാറ്റി ആഘോഷത്തിന്റേതായ ഒരു ഇടത്തിലേക്ക് വിന്യസിപ്പിച്ചത് കൃത്യമായും പ്രശ്‌നവൽകരിക്കേണ്ട ഒരു സംഗതിയാണ്. കാർണിവലിനെ സൈദ്ധാന്തികമായി ആഘോഷിച്ച മിഹൈൽ ബക്തിനെതിരെ (Mikhail Bakhtin) കീഴാള-സ്ത്രീ പരിപ്രേക്ഷ്യത്തിൽ നിന്നുയരുന്ന വിമർശനങ്ങളും ഗൗരവത്തോടെ നാം കാണണം. യൂറോപ്യൻ നവോത്ഥാനത്തിന്റെ ബോധപൂർവ്വമായ മെരുക്കലുകൾക്കും ചട്ടക്കൂടുകൾക്കും ക്രമീകരണങ്ങൾക്കും എതിരായി ഉച്ചനീചത്വങ്ങൾ താത്കാലികമായി മാറ്റി നിർത്തുന്ന (temporary suspension of hierarchies) അബോധത്തിന്റേയും ശരീരത്തിന്റേയും മധ്യകാല ആഘോഷങ്ങളായാണ് ബക്തിൻ കാർണിവലുകളെ കണ്ടിരുന്നത്. പള്ളിയുടെയും, പള്ളിക്കൂടത്തിന്റേയും നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കുമപ്പുറം ഉൽസവങ്ങൾ തേടുന്ന മനുഷ്യന്റെ വാഞ്ചക്ക് ഒരു സൈദ്ധാന്തിക രാഷ്ട്രീയതലം സൃഷ്ടിക്കുകയായിരുന്നു ബക്തിൻ. എന്നാൽ ബക്തിൻ ഘോഷിക്കുന്ന കാർണിവൽ സംസ്‌കാരം പലപ്പോഴും നമ്മുടെ ഭൂതകാല സംസ്‌കൃതിയുടെ അധികാര ബലതന്ത്രങ്ങളുടെ ശേഷിപ്പുകൾ (traces) പേറുന്നവയാണ് എന്നുള്ള കീഴാള സ്ത്രീ കാഴ്ചകൾ ബക്തിന്റെ സൈദ്ധാന്തിക ചട്ടക്കൂടിനെ പൊളിക്കുന്നുണ്ട്. ത്രിശ്ശൂർപൂരത്തിനെ കാർണിവലിന്റെ; ഉച്ചനീചത്വങ്ങൾ താത്കാലികമായി മാറ്റി നിർത്തുന്ന ഉൽസവത്തിന്റെ; ഒരു പ്രതീകമായി ആഘോഷിക്കുന്ന ഒരു ബക്തിൻ കാഴ്ചയോട് മൗലികമായി വിഘടിക്കുന്നതാണ് കീഴാള ജനവിഭാഗങ്ങൾ ഉയർത്തുന്ന മറ്റൊരു കാഴ്ചപ്പാട്. ആ കാഴ്ചയിൽ തൃശ്ശൂർ പൂരത്തിലെ ഭൂരിഭാഗം ചടങ്ങുകളും ആചാരങ്ങളും തൃശ്ശൂരിന്റെ ഫ്യൂഡൽ പഴമയിൽ ബന്ധിതമാണ്. തൃശ്ശൂർ പൂരം ആരുടെ കാഴ്ചയെയാണ് സംതൃപ്തിപ്പെടുത്തേണ്ടത് (ഫ്യൂഡൽ ഭൂതകാലത്തിൽ പൂരഭ്രാന്തന്മാരായ പുരുഷ അതിഥികൾക്ക് ഭക്ഷണം വച്ചു വിളമ്പുന്ന തിരക്കിൽ പൂരാഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റാത്ത സ്ത്രീകൾക്ക് വേണ്ടിയാണല്ലോ പൂരപ്പിറ്റേന്നുള്ള ചെറുപൂരം) എന്നു മുതൽ ആരാണതിന്റെ വാദ്യഘോഷങ്ങളിൽ ഭാഗഭാക്കാകേണ്ടത്, ആരാണതിൽ കുടിച്ചു കുഴ മറിഞ്ഞു കിടക്കേണ്ടത് എന്നു വരെ വളരെ സൂക്ഷ്മമായി ഘടനാപരമായി സംവിധാനം ചെയ്ത ഒരു ആഘോഷമാണ് തൃശ്ശൂർ പൂരം. കീഴ്ജാതിവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഒരു സമൂഹത്തിന്റെ എല്ലാ ആശയ സങ്കല്പങ്ങളും ആ ഉൽസവത്തിൽ അടങ്ങിയിട്ടുണ്ട്. ഇന്നു തൃശ്ശൂർ പൂരം ഒരു കാർണിവലായി മാറുന്നത് ജാതിമതലിംഗ ഭേദമെന്യേ എല്ലാവർക്കും കാണികളായി കുടിച്ചോ കുടിക്കാതെയോ മദിക്കാൻ സാധിക്കുമെന്ന അർത്ഥത്തിൽ മാത്രമാണ്. അല്ലാതെ ഉൽസവത്തിന്റെ എല്ലാ പ്രക്രിയകളിലും ജാതിമതലിംഗ ഉച്ച നീചത്വങ്ങൾ അവസാനിപ്പിച്ചു എന്ന അർത്ഥത്തിൽ അല്ല.

അപ്പോൾ പ്രസക്തമാകുന്ന ചോദ്യം ഇതാണ്. ഒരു അധികാരയുഗം ഒഴിയുന്നതിനെ ആഘോഷമാക്കി മാറ്റി പ്രതീകാത്മക ശവകുടീരം തീർത്ത പുതുതലമുറ(?) പ്രതിഷേധത്തെ പുതുപ്രതിഷേധങ്ങളുടെ ബിനാലെ മോഡൽ ഇൻസ്റ്റലേഷൻ മാത്രമായി കണ്ടാൽ മതിയോ? അതോ അത്തരം പ്രതിഷേധങ്ങളിൽ കേരള ത്തിലെ ഫ്യൂഡൽ സംസ്‌കൃതിയുടെ (നിലനിന്നതും നിലനിന്നുകൊണ്ടിരിക്കുന്നതും) തിരുശേഷിപ്പുകൾ തിരയണമോ? വേണമെന്നു തന്നെയാണു തോന്നുന്നത്.

അധികാരം വിട്ടൊഴിയുന്ന ഒരു ദലിത് സ്ത്രീ ശവത്തിനു തുല്യമാണെന്നാണ് പ്രസ്തുത ശവകുടീരത്തിന്റെ വളരെ അലോസരപ്പെടുത്തുന്ന ഒരു സന്ദേശം. ജനാധിപത്യ സംവിധാനങ്ങൾ നൽകുന്ന അധികാരം വിട്ടൊഴിയുമ്പോൾ ഐഡന്റിറ്റി സാധ്യമാകുന്നത് ദലിതരല്ലാത്തവർക്ക്, സ്ത്രീയല്ലാത്തവർക്ക് മാത്രമാണ് എന്നുള്ളത് ഈ സന്ദേശത്തിന്റെ അത്രയൊന്നും വ്യക്തമാക്കപ്പെടാതെ പോയ ഒരു വശമാണ്. ജനാധിപത്യ സംവിധാനങ്ങൾ നൽകുന്ന അധികാരം നഷ്ടപെടുമ്പോൾ 'ആറാം തമ്പുരാ'നായി മാറുവാൻ കഴിയുന്നവർക്ക് മാത്രമേ നിലനില്പുള്ളൂ എന്നു പറയുന്നത് മുൻപ് നമ്മുടെ ചെരുപ്പ് തുടച്ചിരുന്നവർ ഇപ്പോൾ നമ്മെ ഭരിക്കുന്നു എന്ന ഉത്തരേന്ത്യൻ വിലാപത്തിന്റെ മലയാളത്തിലെ വേഷപ്പകർച്ചയാണ്. അതിനോടൊപ്പം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു സംഗതിയാണ് 'ശവം' എന്നത് മലയാളത്തിലെ തെറിവാക്കാണെന്ന വസ്തുത. ശവത്തിനെ ഒരു തൊട്ടുകൂടാത്ത വസ്തുവാക്കുന്ന വൈദിക സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങൾ ശവം എന്ന തെറിവിളിയിൽ കാണാം. (ആനുഷംഗികമായി പറയട്ടെ, പ്രിൻസിപ്പാൾ സരസു ടീച്ചർ വിളിച്ചു കൂട്ടിയ ഒരു സ്റ്റാഫ് മീറ്റിംഗിൽ പ്രിൻസിപ്പാളിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ നിശ്ശബ്ദമായി എതിർത്ത അദ്ധ്യാപകരെ 'ശവം പോലെ ഇരിക്കുന്നവർ'' എന്നു വിശേഷിപ്പിച്ചതും പ്രിൻസിപ്പാളിന്റെ 'ശക്തമായ നടപടികളിൽ'' ഒന്നായിരുന്നു.) തൊട്ടു കൂടാത്ത ഒന്നിനെ ശവമായി വിശേഷിപ്പിക്കുന്ന ഒരു സംസ്‌കൃതിയിൽ, ചരിത്രപരമായി തൊട്ടുകൂടാനാവാത്ത ഒരാളായി ജനിക്കുന്ന വ്യക്തിയെ അയാളുടെ ശവാവസ്ഥ വീണ്ടുമോർമ്മിപ്പിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയ അബോധത്തിന്റെ ക്രൂരമായ ഒരു വി.കെ.എൻ ഫലിതമുണ്ട്. അതിനാൽ തന്നെ നമ്മൾ നിശ്ചയമായും പറയണം ഈ പ്രതിഷേധ രൂപങ്ങളിൽ തീർത്തും കീഴാള വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഒരു ധാര കാണാം എന്ന്.

കാര്യങ്ങൾ ഈ വിധത്തിൽ കാണുമ്പോൾ മാത്രമേ സംഘപരിവാർ ശക്തികൾ ഈ വിഷയത്തിൽ നടത്തി കൊണ്ടിരിക്കുന്ന അപ്രോപ്രിയേഷൻ തന്ത്രങ്ങളെ നമുക്കു ചെറുക്കുവാൻ കഴിയൂ. അവരുടെ കാഴ്ചപ്പാടിൽ ഇത് ദലിതയായ സ്ത്രീയെ ബോധപൂർവ്വം അവരുടെ ജാതിയുടെ പേരിൽ അധിക്ഷേപിച്ച ഒരു സംഭവമാണ്. ഇതിനെ നിഷേധിച്ചു കൊണ്ട് പ്രസ്തുത സംഭവത്തെ ദലിത-സ്ത്രീ പരിപ്രേക്ഷ്യത്തിൽ കാണേണ്ട എന്ന പ്രിൻസിപ്പാളിന്റെ പ്രസ്താവന ഈയൊരർത്ഥത്തിൽ ശരിയാണ്. ഇതിൽ സംഘപരിവാർ പറയുന്നതു പോലെ ,ബോധപൂർവ്വം ആരും അവരുടെ ജാതിയോ സ്ത്രീ എന്ന അവസ്ഥയോ ധ്വനിപ്പിച്ചിട്ടില്ല. എന്നിരുന്നാലും ഇതു ചെയ്തവ ർ പ്രിൻസിപ്പാൾ ദലിതയാണോ അല്ലയോ എന്നറിഞ്ഞിട്ടാണോ ചെയ്തത് എന്നതിലുപരി ചെയ്ത പ്രവൃത്തിയിൽ ദലിത് വിരുദ്ധമായ ഒരു അബോധം പ്രവർത്തിച്ചിട്ടുണ്ടോ എന്നാണ് നാം അന്വേഷിക്കേണ്ടത്. ഈ കാഴ്ചപ്പാടിൽ അവർ ദലിതയല്ലെങ്കിലും സ്ത്രീയല്ലെങ്കിലും അവരുടെ സ്ഥാനത്ത് ഒരു സവർണ്ണ പുരുഷൻ തന്നെയാണെങ്കിലും ഇത്തരം പ്രതിഷേധങ്ങൾ വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. അതിനു കാരണം അത്തരം പ്രതിഷേധങ്ങൾ വേരൂന്നി നിൽക്കുന്നത് സവർണ്ണമായ ഒരു പൊതു ബോധത്തിലാണ് എന്നതാണ്. ഇതിൽ ദലിത് ഇരയുണ്ടോ എന്ന പ്രശ്‌നത്തേക്കാളും രൂക്ഷമായി അന്വേഷിക്കേണ്ടത് ഇത്തരം പ്രതിഷേധങ്ങൾ ദലിത് വിരുദ്ധമായ സ്ത്രീ വി രുദ്ധമായ ഒരു അബോധ ചിന്തയിൽ നിന്നാണോ വരുന്നതെന്നാണ്. അതായത് ഉള്ളടക്കത്തിന്റെ രൂപത്തേക്കാൾ (form of content- അതായത്, ദലിത് ഇരയുടെ സാന്നിദ്ധ്യം) നാം കൂടുതൽ ചിന്തിക്കേണ്ടത് രൂപത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചാണ് (content of form).

ഇങ്ങനെ പ്രതിഷേധത്തിന്റെ രൂപത്തിലെ കീഴാള വിരുദ്ധതയിൽ ഊന്നി നിന്നാൽ മാത്രമേ സംഘപരിവാർ ശക്തികൾ ഉയ ർത്തുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള മറ്റൊരാശങ്കയിൽ നിന്ന് നമുക്ക് മാറി നിൽക്കാൻ കഴിയൂ. സംഘപരിവാർ ശക്തികളുടെ അഭിപ്രായത്തിൽ, ഇത്തരം പ്രതിഷേധത്തിന്റെ സവിശേഷമായ മറ്റൊരുള്ളടക്കം ഗുരുനിന്ദയാണ്. അക്ഷരം പഠിപ്പിച്ച അദ്ധ്യാപകനെ നിന്ദിക്കുന്നത്/ വിമർശിക്കുന്നത് ദൈവത്തിനെ നിന്ദിക്കുന്നതിന്/വിമർശിക്കുന്നതിന് തുല്യമാണ്. കാരണം പിതാവും മാതാവും ഗുരുവും എല്ലാം വൈദിക സങ്കല്പത്തിൽ ദൈവതുല്യരാണ്. അതിനാൽ തന്നെ ദൈവത്തെ പോലെ അവരെല്ലാം വിമർശനാതീതരാണ്. മാതാവിനെ തല്ലിയാൽ ഒറ്റ അഭിപ്രായം മാത്രമേ പാടുള്ളൂ. മറ്റൊരു അഭിപ്രായമുണ്ടായാൽ, അവരുടെ പരിപ്രേക്ഷ്യത്തിൽ, അതു കാണിക്കുന്നത് സമൂഹത്തിന്റെ അപച്യുതിയെയാണ്. ഇത്തരം വിശ്വാസങ്ങൾ സനാതന ധർമ്മ ചിന്തകരുടെ സനാതന സത്യമാണെങ്കിലും, അംബേദ്കർ പക്ഷത്തു നിന്നു ചിന്തിക്കുന്ന ജനാധിപത്യവാദികൾക്ക് സ്വീകാര്യമായവയല്ല. കാരണം എല്ലാ മുൻ ധാരണകളേയും ഗുരുവിജ്ഞാനത്തേയും തന്റെ യുക്തിയിൽ അപഗ്രഥിച്ചു കൊണ്ട് തന്റെ യുക്തിക്കു സ്വീകാര്യമായതു മാത്രം ഉൾക്കൊണ്ട് സ്വന്തം പിതാവിനെയും രാജ്യത്തേയും ഭാര്യയേയും മകനേയും പിന്നിലുപേക്ഷിച്ച ഒരന്വേഷിയായ ബുദ്ധനാണ് അംബേദ്കറെ ഏറെ സ്വാധീനിച്ച ചരിത്ര വ്യക്തിത്വം.സ്വന്തം പുത്രനെ രാഹുലൻ (ചിലർ ഇതിനെ രാഹുവുമായി ബന്ധപ്പെടുത്തുന്നുണ്ട്) എന്നു പേരിട്ട ബുദ്ധനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏതൊരു ജനാധിപത്യവാദിയും എല്ലാ അധികാര കേന്ദ്രങ്ങളെയും (അത് കുടുംബമാവട്ടെ, സമൂഹമാവട്ടെ, ദേശ-രാഷ്ട്രമാവട്ടെ) നിശിതമായ പരിശോധനകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കും. അപ്പോൾ അച്ഛനെ വിമർശിക്കേണ്ടി വരും; അമ്മയെ വിമർശിക്കേണ്ടി വരും; ഗുരുവിനെ വിമർശിക്കേണ്ടി വരും; ദേശ-രാഷ്ട്രത്തെ വിമർശിക്കേണ്ടി വരും; പ്രധാനമന്ത്രിയെ വിമർശിക്കേണ്ടി വരും; ദൈവത്തെ വിമർശിക്കേണ്ടി വരും; അംബേദ്കറെ വിമർശിക്കേണ്ടി വരും; ഭരണഘടനയെ വിമർശിക്കേണ്ടി വരും; സർവ്വോപരി, അവനവനെ/ അവളവളെ ഏറ്റവും നിശിതമായി വിമർശിക്കേണ്ടി വരും. അമ്മയ തല്ലിയത് തെറ്റെന്ന് മുൻവിധിയെടുക്കുന്നതിനു മുൻപ്, അമ്മ അകാരണമായി, തിളച്ച മീൻ കറി മകളുടെ കണ്ണിലൊഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കേണ്ടി വരും. തല്ലിയത് മനോരോഗിയായ മകളാണോ എന്നും അന്വേഷിക്കേണ്ടി വരും. കാരണം അത്തരം ചോദ്യങ്ങളും പുനർ ചോദ്യങ്ങളും ഉത്തരങ്ങളും പുതിയ അന്വേഷണങ്ങളും ഒരു ജനാധിപത്യ സംവിധാനത്തിന് അത്യാവശ്യമാണ്; കാരണം ജനാധിപത്യം വളരെ ചലനാത്മകമാണ്. അല്ലാതെ 'ഭഗവദ് ഗീത' ഉദ്‌ഘോഷിക്കുന്നതു പോലുള്ള സനാതന സത്യങ്ങളല്ല ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്.

ചരിത്ര ബോധമില്ലാത്ത ആരോ ചെയ്ത പ്രതീകാത്മക വിവരമില്ലായ്മയെ, ആശയ സംവാദത്തിലൂടെ അഭിമുഖീകരിച്ച് ആ പ്രവൃത്തിക്കു പിന്നിൽ പ്രവർത്തിച്ച ദലിത്-സ്ത്രീ വിരുദ്ധത അതു ചെയ്തവർക്കു ബോധ്യപ്പെടുത്തുന്ന ഒരധ്യാപക സമീപനം സ്വീകരിക്കുന്നതിനു പകരം പൊലീസന്വേഷണസംവിധാനത്തിന്റെ സഹായം തേടിയ പ്രിൻസിപ്പാളിന്റെ നിലപാട് സമകാലിക വിദ്യാഭ്യാസത്തെക്കുറിച്ച് അത്ര നല്ല കാഴ്ചപ്പാടല്ല പൊതുസമൂഹത്തിനു നൽകുന്നത്. ആശയ സംവാദങ്ങളുടെ ഇടമാകേണ്ട -- ലൂയി അൽത്തൂസറിന്റെ (Louis Althusser) ഭാഷയിൽ പറഞ്ഞാൽ ISA (Ideological State Apparatus) -- യൂണിവേർസിറ്റിയിലേക്കും കോളേജിലേക്കും ആശയങ്ങളേയും പ്രതിരോധങ്ങളേയും നേരിടാൻ അൽത്തൂസറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ മർദ്ദക സംവിധാനമായ (RSA-Repressive State Apparatus) പൊലീസും പട്ടാളവും കടന്നു വരുന്നത് അത്രയും ഭൂഷണമായ ഒരു സംഗതിയല്ല. തനിക്കെതിരെയുള്ള കായികപരമല്ലാത്ത ഏതൊരാശയ പ്രതിഷേധങ്ങളേയും ഒരധ്യാപകൻ/അദ്ധ്യാപിക നേരിടേണ്ടത് ആശയങ്ങളിലൂടെ ആയിരിക്കണം. അല്ലാത്ത പക്ഷം ' മർദ്ദനം ' തന്നെ അദ്ധ്യാപകരുടെ ഏറ്റവും 'ഒടുക്കത്തെ' ആശയമാകുന്ന സ്ഥിതി വരും. മർദ്ദനം തന്നെയാണ് അവസാനത്തെ ആശയമെന്ന് പ്രചരിപ്പിച്ചത് ഹിറ്റ്‌ലറുടെ മൂന്നാം റെയ്ക്ക് (The Third Reich) ആയിരുന്നു എന്നതും ഇവിടെ പ്രത്യേകം സ്മരണീയമാണ്. യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത് ജർമൻ ദേശീയതയെ വിജൃംഭിപ്പിച്ച മൂന്നാം റെയ്ക്ക് ആ കൂട്ടക്കൊലക്കു കൊടുത്ത പേരാണ് അവസാനത്തെ പരിഹാരം (The Final Solution) അവസാനത്തെ പരിഹാരം ഒരൊറ്റ ആശയമായിരുന്നു: കൂട്ടക്കുരുതി.

ഇവിടെയാണ് ദലിതയായ പ്രിൻസിപ്പാളിനെ ദലിതരായ അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം ക്യാമ്പസ്സിലെ ബഹുഭൂരിപക്ഷം എതിർക്കുന്നതിന്റെ മർമ്മം. കുട്ടികൾ നടത്തിയതെന്നു പറയപ്പെടുന്ന പ്രതിഷേധ സമരം, അതെത്ര കന്നം തിരിഞ്ഞതായാലും, അതൊരാശയ സമരമായിരുന്നു. ഇന്നും അതെന്തുകൊണ്ട് തെറ്റാകുന്നു എന്ന് സംഘപരിവാർ നൽകുന്ന വിശദീകരണത്തിനപ്പുറം ഒരാശയം വയ്ക്കുവാൻ സരസു ടീച്ചർക്ക് കഴിയുന്നില്ല. അതാണ് ഇവിടെ പ്രതിഷേധത്തിനു പിന്നിലെ ക്രിമിനലുകളെ ടീച്ചർ തിരയുവാൻ കാരണം. ഇതു പി.സായ്‌നാഥ് ചൂണ്ടിക്കാണിച്ചതു പോലെ കഴിഞ്ഞ ഒന്നോ രണ്ടോ ദശകങ്ങളിലായി ഇന്ത്യയിലെ ഗ്രാമീണർ നടത്തുന്ന പ്രതിഷേധങ്ങളെ ഭരണകൂടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന രീതിയാണു: പ്രതിഷേധങ്ങളെ ക്രിമിനൽവൽക്കരിക്കുക എന്നത്. സിന്ധു സൂര്യകുമാർ എന്ന ക്രിമിനലിനെ തുപ്പി ശിക്ഷിക്കാൻ നടക്കുന്ന; 'ഭാരത് മാതാ കീ ജയ്' വിളിക്കാത്ത ക്രിമിനലുകളെ കൊന്നൊടുക്കുവാൻ വെമ്പുന്ന; ആശയങ്ങൾക്കും വിശദീകരണങ്ങൾക്കും പകരം തുപ്പലും തോക്കുമായുധമാക്കിയ പ്രബലമായ ഭാരതീയ ദേശവാദത്തിന്റെ യുക്തികളോട് എവിടെയൊക്കെയോ സരസു ടീച്ചർ അറിഞ്ഞോ അറിയാതെയോ സമരസപ്പെടുന്നുണ്ട് എന്നതാണ് എന്നെ അസ്വസ്ഥനാക്കുന്ന വസ്തുത. ടീച്ചർ തുടർച്ചയായി പറയുന്നത് അവരെടുത്ത 'ശക്തമായ നിലപാടു'കളാണ് ഒരു കൂട്ടം വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അവർക്കെതിരെ ആക്കിയതെന്ന്. എത്ര ആലോചിച്ചിട്ടും ഈ ശക്തമായ നിലപാടുകൾ എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല .ഇതെന്താണെന്ന് ടീച്ചർ വിശദീകരിക്കും വരെ ഈ ശക്തമായ നിലപാടുകൾ/നടപടികൾ അജ്ഞാത സംഗതിയായി തന്നെ തുടരുകയും ചെയ്യും.

ഇനി ശക്തമായ നിലപാടുകളെന്ന് ടീച്ചർ ഉദ്ദേശിച്ചത് ടീച്ചറടിച്ചേല്പിക്കുവാൻ ശ്രമിച്ച ഏകശിലാരൂപത്തിലുള്ള (monolithic) അച്ചടക്കം മുതൽ ഏക ശിലാരൂപത്തിലുള്ള ദേശസ്‌നേഹം വരെയുള്ള സവർണ്ണ ഫാസിസ്റ്റ് ജനാധിപത്യവിരുദ്ധ വ്യവസ്ഥയോട് ഒത്തു പോകുന്ന പിടിവാശികളാണെങ്കിൽ, ടീച്ചർ ക്ഷമിക്കണം, ഇനിയും ടീച്ചറോട് വിയോജിച്ചു കൊണ്ടു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. ഈ വിയോജിപ്പ് പക്ഷേ സംഘ പരിവാർ കാണുന്ന ദലിത് വിരുദ്ധത കൊണ്ടല്ല, മറിച്ച് ഇത് ജനാധിപത്യ രൂപത്തിലുള്ള എതിർപ്പുകളോടും ക്യാമ്പസിലെ ബഹുസ്വരതയോടും ആശയ സംവാദങ്ങളോടും ടീച്ചർ പ്രകടിപ്പിച്ച അസഹിഷ്ണുതയോടുള്ള വിയോജിപ്പാണ്.

P. S. അദ്ധ്യാപകരുടെ പണി ഒന്നുകൂടി വ്യക്തമാക്കുവാൻ: ബോർഡ് വച്ചും സി.സി.ടിവി ക്യാമറ വച്ചും ശിക്ഷാ നടപടികളെ ഓർമ്മിപ്പിച്ചു കൊണ്ടും പൊതുസ്ഥലത്തു തുപ്പരുതെന്നു പറയുന്നത് പൊലീസിന്റെ പണിയാണ്. ശിക്ഷാ നടപടികളെ കുറിച്ച് ചിന്തിക്കാതെ തന്നെ പൊതുസ്ഥലത്ത് തുപ്പരുതെന്ന നൈതിക ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയാണ് അദ്ധ്യാപകരുടെ ധർമ്മം. ഉപദേശമല്ല അതിനുള്ള മാർഗ്ഗം; ഭീഷണിയുമല്ല. ആ മാർഗ്ഗം ബുദ്ധനും സോക്രട്ടീസും കാണിച്ചു തന്നതാണ്. വിദ്യാർത്ഥികളുടെ ചിന്താമണ്ഡലത്തെ ചോദ്യങ്ങളാൽ, ഉത്തരങ്ങളാൽ പ്രചോദിപ്പിക്കുക എന്നത്. അത് ചോദ്യങ്ങളെ ഭയപ്പെടുന്നവർക്ക്, വിദ്യാർത്ഥികളിൽ നിന്നും അനുസരണ മാത്രം ആവശ്യപ്പെടുന്നവർക്ക് കഴിയുമോ എന്നതാണ് മൗലികമായ പ്രശ്‌നം. തന്റെ ചോദ്യങ്ങളാൽ ഈ ലേഖനം എഴുതാൻ എന്നെ നിർബന്ധിച്ച/ പ്രേരിപ്പിച്ച എന്റെ പ്രിയ സുഹൃത്തും വിദ്യാർത്ഥിയുമായ നാലാം സെമെസ്റ്റർ ബി.എസ്.സി ഫിസിക്‌സ് ക്ലാസ്സിലെ കൈലാസ് നാഥിന് നന്ദിയോടെ ഈ ലേഖനം സമ ർപ്പിക്കുന്നു. സുഹൃത്തും കോളേജിലെ ഹിന്ദി വിഭാഗത്തിലെ അദ്ധ്യാപികയും ആയ സുമ ടീച്ചറോടുള്ള കടപ്പാടും ഈയവസരത്തിൽ രേഖപെടുത്തുന്നു.

  • പാലക്കാട് വിക്ടോറിയ കോളേജിലെ അദ്ധ്യാപകനും എഴുത്തുകാരനുമാണു ലേഖകൻ