- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
ബ്രിട്ടനിലെ ലിവർപ്പൂളിൽ താമസിക്കുന്ന ടോം ജോസ് തടിയമ്പാട് കുടുംബസമേതം നടത്തിയ ഇസ്രയേൽ യാത്രയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന യാത്രാവിവരണം ഇന്നു മുതൽ മറുനാടൻ മലയാളിയിൽ ആരംഭിക്കുന്നു. വിശുദ്ധ നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ടോം ജോസ് ഈ യാത്ര വിവരണം സമർപ്പിക്കുന്നത്. ഫലസ്തീൻ പ്രശ്‌നം എന്നും ഇസ്രയേൽ ആക്രമണം എന്
ബ്രിട്ടനിലെ ലിവർപ്പൂളിൽ താമസിക്കുന്ന ടോം ജോസ് തടിയമ്പാട് കുടുംബസമേതം നടത്തിയ ഇസ്രയേൽ യാത്രയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന യാത്രാവിവരണം ഇന്നു മുതൽ മറുനാടൻ മലയാളിയിൽ ആരംഭിക്കുന്നു. വിശുദ്ധ നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ടോം ജോസ് ഈ യാത്ര വിവരണം സമർപ്പിക്കുന്നത്. ഫലസ്തീൻ പ്രശ്‌നം എന്നും ഇസ്രയേൽ ആക്രമണം എന്നും ഒക്കെ എപ്പോഴും കേട്ട് കൊണ്ടിരിക്കുന്ന മിക്ക വായനക്കാരും എന്താണ് ഈ പ്രശ്‌നമെന്ന് പോലും അറിയില്ല. ചരിത്രത്തിലെ രക്തം വീണ സംഭവങ്ങളിലൂടെ നടന്നായിരിക്കും ടോം ഇസ്രയേലിന്റെ നേർക്കാഴ്ചകൾ വായനക്കാരെ അറിയിക്കുക. ഇനി ഒരിക്കൽ നിങ്ങൾ ഇസ്രയേൽ സഞ്ചരിച്ചാൽ നിങ്ങൾക്ക് ഇത് വലിയ സഹായം ആകുമെന്ന് തീർച്ച. ഒരാഴ്ചയിൽ അധികം നീണ്ട യാത്ര കഴിഞ്ഞ് മടങ്ങിയ ടോം എഴുത്ത് പൂർത്തിയാക്കി നൽകിയ പരമ്പരയാണ് ഇന്ന് മുതൽ പ്രസിദ്ധീകരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച്ചകളിലാകും തുടർപ്രസിദ്ധീകരണം. ആറോ എട്ടോ അദ്ധ്യായത്തിൽ അവസാനിക്കും എന്നാണ് ടോം അറിയിച്ചിരിക്കുന്നത് - എഡിറ്റർ
ഇസ്രയേൽ എന്നു കേട്ടാൽ ആദ്യം മനസ്സിൽ ഓടി വരുന്നത് യുദ്ധവും യുദ്ധ വിമാനങ്ങളുടെ ശബ്ദവുമാണ്. ഈ യാത്രാവിവരണം എഴുതാൻ തുടങ്ങിയ സമയത്ത് വന്ന വാർത്തയിൽ ഇസ്രയേൽ ഗസ്സയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ മൂന്ന് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ഗസ്സയിൽ നിന്നും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്താൻ ശ്രമിച്ചവരെയാണ് കൊലപെടുത്തിയത് എന്നാണ് ആക്രമണത്തെപ്പറ്റി ഇസ്രയേൽ ഭാഷ്യം. നിഷ്‌കളങ്കരായ മനുഷ്യരെയാണ് കൊലപ്പെടുത്തിയത് എന്നാണ് ഫലസ്തീൻകാർ പ്രതികരിച്ചത്.
ചരിത്രത്തിലേയ്ക്ക് തിരിഞ്ഞ് നോക്കിയാൽ കാണുന്നത് പരസ്പരം സമാധാനം ആശംസിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള മൂന്ന് മതങ്ങളുടെ പ്രഭാവകേന്ദ്രമാണ് ഇസ്രയേൽ എന്ന ഈ വിശുദ്ധ നാട്. സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥന കഴിഞ്ഞ 3250 വർഷങ്ങളായി തുടരുന്നു, എന്നാൽ ആ പ്രാർത്ഥന ഇപ്പോഴും ദൈവ സന്നിധിയിൽ എത്തിയില്ല എന്നു വേണം അനുമാനിക്കാൻ.
ക്രിസ്തുമത അനുയായികളെ സംബന്ധിച്ചടുത്തോളം ക്രിസ്തു ജനിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും മരിക്കുകയും ചെയ്ത സ്ഥലം, മുസ്ലീങ്ങളെ സംബന്ധിച്ചടുത്തോളം മുഹമ്മദ് നബി സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത സ്ഥലം, യഹൂദരെ സംബന്ധിച്ചടുത്തോളം അവരുടെ പൂർവ്വ പിതാക്കന്മാർക്ക് ദൈവം നൽകിയ വാഗ്ദത്ത ഭൂമി. അങ്ങനെ പോകുന്നു ഈ മൂന്ന് മതസ്ഥർക്കും ഇസ്രയേലും ജറുശലേമും ആയിട്ടുള്ള ആത്മബന്ധം.
ജറുശലേമിനെപ്പോലെ ഇത്രയേറെ യുദ്ധങ്ങൾക്ക് വേദി ആയിട്ടുള്ള മറ്റൊരു സ്ഥലം ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. 36 തവണ ഈ നഗരം കടന്നു കയറ്റക്കാർക്ക് മുൻപിൽ കീഴ്‌പ്പെട്ടു. 10 തവണ നശിപ്പിക്കപ്പെട്ടു. 50 പ്രാവശ്യം വളയപ്പെട്ടു. നീണ്ട യുദ്ധങ്ങൾക്ക് ഈ വിശുദ്ധ നഗരം സാക്ഷ്യം വഹിച്ചു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ലോകം മുഴുവൻ അഭയാർത്ഥികളായി നടന്നു. നീണ്ട 2000 വർഷം യഹൂദ ജനതയ്ക്ക് ഈ പട്ടണം അന്യമായി അങ്ങനെ പോകുന്നു ഈ വിശുദ്ധ നാടിന്റെ ചരിത്രം.
ഇസ്രയേലിനെപ്പറ്റി ഈ ലേഖകൻ ആദ്യം കേട്ടത് കരിങ്കുന്നം പള്ളിയിൽ നിന്നും ആയിരിക്കും എന്നു തോന്നുന്നു. പിന്നീട് പത്രം വായിക്കാൻ തുടങ്ങിയപ്പോൾ 1948 ൽ നടന്ന രാഷ്ട്ര സ്ഥാപനത്തെപ്പറ്റിയും 1967ൽ നടന്ന 6 ദിവസത്തെ യുദ്ധത്തെപ്പറ്റിയും ചരിത്ര പ്രസിദ്ധമായ എന്റബെ ഓപ്പറേഷനെപ്പറ്റിയും ഒക്കെ വായിച്ചറിഞ്ഞു. അക്കാലത്ത് ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടുള്ള താടിയച്ചൻ വിളിക്കുന്ന ആദ്യത്തെ ഇടുക്കി വാത്തിക്കുഴി പഞ്ചായത്ത് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ശ്രീ. ജോൺ പുതിയകുന്നിനെ പരിചയപ്പെടാൻ ഇടയായി. അദ്ദേഹത്തോട് ചോദിച്ചു ലോകത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതാണ് അദ്ദേഹം ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു ഇസ്രയേൽ അതിന്റെ കാരണം അവിടെ മാത്രമാണ് സ്ത്രീകൾ മാന്യമായി വസ്ത്രം ധരിച്ച് നടക്കുന്നത് എന്നായിരുന്നു. ഇത് അദ്ദേഹം പറയുന്നത് ഏകദേശം 22 വർഷങ്ങൾക്ക് മുൻപാണ് അന്ന് അത് ശരിയായിരിക്കാം എന്നാൽ ഇന്ന് ഇസ്രയേലിൽ കണ്ടത് ഇംഗ്ലണ്ടിലെ പോലെ വസ്ത്രം ധരിച്ച സ്ത്രീകളെയാണ് അതിൽ വ്യത്യാസം കണ്ടത് യഥാസ്ഥിക യഹൂദരിലും മുസ്ലീങ്ങളിലും മാത്രം.
ഇസ്രയേലിനെപ്പറ്റി ഈ കഥകൾ കേൾക്കുന്ന കാലത്ത് ഇംഗ്ലണ്ടോ ഇസ്രയേലോ ഒന്നും സ്വപ്നം കാണാൻ കഴിയുന്ന കാലമായിരുന്നില്ല. വിധിയുടെ കടാക്ഷം അതിനുള്ള അവസരം ഒരുക്കി എന്നു പറയാം.
ലിവർപൂളിൽ നിന്നും അനുവിന്റെയും ജെറിന്റെയും നേതൃത്വത്തിൽ വിശുദ്ധ നാട്ടിലേക്ക് നടത്തുന്ന യാത്രയിൽ പങ്കെടുത്താണ് ഞങ്ങൾ 36 അംഗ സംഘം ഇസ്രയേലിൽ എത്തിയത്.
ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങൾ ചൂടിനെ അതിജീവിക്കാൻ വേണ്ട തൊപ്പി, കൂളിങ് ഗ്ലാസ്, ക്യാമറ ചാർജ് ചെയ്യുന്നതിന് വേണ്ട ഇന്റർനാഷണൽ അഡാപ്റ്റർ അത്യാവശ്യം ഉപയോഗിക്കാൻ വേണ്ട അമേരിക്കൻ ഡോളർ എന്നിവ ഒക്കെ സംഘടിപ്പിച്ച് ഓഗസ്റ്റ് 23 തീയതി പത്ത് മണിക്ക് 36 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ച് 5 മണിക്കൂറുകൾക്ക് ശേഷം ബ്രിട്ടീഷ് സമയം 3 മണിക്കും ഇസ്രയേൽ സമയം 5 മണിക്കും ഞങ്ങൾ ഇസ്രയേലിൽ എത്തി എയർക്രാഫ്റ്റ് ലാന്റ് ചെയ്യുന്നതിന് 10 മിനിറ്റിന് മുൻപ് പൈലറ്റിന്റെ അറിയിപ്പ് വന്നു ടെൽ അവീവ് ബെൻ ഗുറിയൺ എയർപോർട്ടിൽ ഫ്‌ളൈറ്റ് ലാന്റ് ചെയ്യുന്നു എന്ന് അപ്പോൾ മസ്സിൽ ഓടി വന്ന ചിത്രം 1948 ൽ സിയോണിസ്റ്റ് നേതാവും രാഷ്ട്ര ശില്പിയും ആയിരുന്ന തീയോഡർ ഹെർസലിന്റെ ഫോട്ടോയ്ക്ക് മുൻപിൽ നിന്ന് ഐഡിഎഫിന്റെ ചെയർമാൻ ഡേവിഡ് ബെൻ ഗുറിയൺ ഇസ്രയേൽ എന്ന രാഷ്ട്രം പ്രഖ്യാപിക്കുന്ന ചിത്രമായിരുന്നു. രണ്ടായിരം വർഷമായി കൊച്ചി ഉൾപ്പെടെ ലോകം മുഴുവൻ അലഞ്ഞ ഇസ്രയേലിയർക്ക് കിട്ടിയ ഒരാശ്വാസമായിരുന്നു ആ പ്രഖ്യാപനം.
ബെൻ ഗുനിയൻ എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങൾക്ക് ഇംഗ്ലണ്ടിലെ എയർപോർട്ടിലെ പോലെ കാര്യങ്ങൾ അത്ര സുഖമായി നടക്കുന്നതായി തോന്നിയില്ല. ഇസ്രയേലിലെ എയർപോർട്ടിൽ നിന്നും പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്താൽ അറേബ്യൻ രാജ്യങ്ങളിൽ പ്രവേശനം അത്ര സുഖകരമല്ല എന്നറിഞ്ഞത് കൊണ്ട് സ്റ്റാമ്പ് ചെയ്യരുത് എന്ന അഭ്യർത്ഥന അവിടെ ഉദ്യോഗസ്ഥർ അംഗീകരിച്ചു.
ഞങ്ങളുടെ സംഘത്തിൽ സൗദി അറേബ്യയിൽ ജനിച്ച ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക് വിശദമായ ചോദ്യം ചെയ്യലിനെ അഭിമുഖീകരിക്കേണ്ടി വന്നു.
എയർപോർട്ടിൽ നിന്നും പുറത്തു വന്ന ഞങ്ങളെ കാത്ത് കോച്ചും ഗെയിഡും നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഗലീലിയ തടാകത്തിനടുത്തുള്ള ബീറ്റിട്ട്യുഡ് ഹോട്ടലിലേക്ക് യാത്ര തിരിച്ചു. 35 ഡിഗ്രി ചൂടാണ് ടെൽ അവീവിൽ അനുഭവപ്പെട്ടതെങ്കിലും കോച്ചിലെ എയർകണ്ടീഷൻ ആ ചൂടിൽ നിന്നും ഞങ്ങളെ രക്ഷിച്ചു. വലതു വശത്തു കൂടിയാണ് ഇസ്രയേൽ വാഹനങ്ങൾ ഡ്രെ#െവ് ചെയ്യുന്നത്. മോട്ടോർ വേയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഇസ്രയേലിനെക്കുറിച്ച് ഉള്ള ഒരു ചെറിയ വിശദീകരണം ഗെയിഡ് നൽകുകയുണ്ടായി. പോകുന്ന വഴിയിൽ ക്രിസ്തു ആദ്യമായി അത്ഭുതം പ്രവർത്തിച്ച കാനായിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂടെ വന്നിരുന്ന ഗെയിഡ് അവിടെ ഇറങ്ങി അവിടെ നിന്നും ഇഹാബ് കോപ്റ്റി എന്ന ഗെയിഡ് വണ്ടിയിൽ കയറി. അദ്ദേഹമാണ് പിന്നീടുള്ള ഒരാഴ്ച ഞങ്ങളെ നയിച്ചത്. ഏകദേശം ഒൻപത് മണിയോടെ ഞങ്ങൾ ഹോട്ടലിൽ എത്തി. വിമാനത്തിൽ നിന്നും ഭക്ഷണം ലഭിക്കാത്തതു കൊണ്ട് എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. വയറു നിറയെ ഇസ്രയേലിലെ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിൽ ഭൂരിഭാഗവും പച്ചക്കറികളും സലാഡും ആയിരുന്നു.
അതിനു ശേഷം ഫാ. എബ്രഹാമിന്റെ നേതൃത്വത്തിൽ ഹോട്ടലിലെ ചാപ്പലിൽ നടന്ന വിശുദ്ധ ബലിയിൽ പങ്കെടുത്തതിനു ശേഷം ഞങ്ങൾ റൂമിലേക്കു പോയി. വളരെ നല്ല സൗകര്യങ്ങൾ ആയിരുന്നു ഹോട്ടലിൽ ഒരുക്കിയിരുന്നത്. ജോൺപോൾ മാർപാപ്പ ഇസ്രയേൽ സന്ദർശിച്ചപ്പോൾ താമസിച്ച ഹോട്ടലിലായിരുന്നു ഞങ്ങൾ താമസിച്ചത്.
തുടരും..