കോട്ടയം: പ്രശ്‌സത കാർട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബോബനും മോളിയും കാർട്ടൂണിലൂടെയാണ് ശ്രദ്ധേയനായത്. 1961ൽ മലയാള മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായാണ് തുടക്കം. വി.ടി തോമസ് എന്നാണ് യഥാർത്ഥ പേര്. പത്രപ്രവർത്തകനായി മാദ്ധ്യമ പ്രവർത്തനം തുടങ്ങിയതോടെ ടോംസ് എന്ന തൂലികാ നാമം സ്വീകരിക്കുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യആശുപത്രിയിൽ ബുധനാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം

1929 ജൂൺ 6 ന് കുട്ടനാട്ടിൽ വി.ടി.കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു. തെരീസാക്കുട്ടി ആണു സഹധർമ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയിൽ 1961ൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ൽ വിരമിക്കുന്നതുവരെ മനോരമയിൽ തുടർന്നു. മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ഓർമകളിലെ രേഖാചിത്രം എന്ന തലക്കെട്ടിൽ ടോംസ് തന്റെ അനുഭവക്കുറിപ്പ് എഴുതിവരികയായിരുന്നു.

ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ് ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്ഛൻ പോത്തൻ, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവർ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വിഹരിക്കുന്നു.

തന്റെ അയൽപക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് ഇവർക്കു നൽകിയത്. ഈ കുട്ടികൾ അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികൾക്കും അദ്ദേഹം ഇതേ പേരിട്ടു. അയൽപക്കത്തെ കുട്ടികൾ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്‌കൂളിൽ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ ടോംസിനെ സഹായിച്ചു.

സഹോദരൻ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേക്ക് തിരിഞ്ഞത്. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താൽപര്യം ഉണ്ടായിരുന്നു. 30 ാം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അയൽപക്കത്തെ കുട്ടികളായിരുന്നു ബോബനും മോളിയും. ഇവരെ മാതൃകയാക്കിയാണ് കാർട്ടൂൺ രചിച്ചത്.