തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസം 15 ന് നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പുതുകാൽവയ്പായാണ് കോർപറേഷനും സിഎംഡി ടോമിൻ തച്ചങ്കരിയും വിലയിരുത്തുന്നത്. എന്നാൽ, ജീവനക്കാരെ അധികസമയം ഡ്യൂട്ടിക്കിടുന്നുവെന്ന മട്ടിൽ വിമർശനങ്ങൾ വന്നിരുന്നു. ഇതിന്റെ പേരിൽ തൊഴിലാളി യൂണിയൻ നേതാക്കൾ മുതലെടുപ്പിനും ശ്രമം തുടങ്ങി. ഈ സാഹചര്യത്തിലാണ് തച്ചങ്കരി വിശദീകരണവുമായി രംഗത്തെത്തിയത്.

മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ടിലെ വകുപ്പ്പ്രകാരം ഒരു ജീവനക്കാരനെ ജീവനക്കാരനെ ഒരാഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ ജോലിക്ക് നിയോഗിക്കുവാൻ കോർപ്പറേഷന് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഡ്യൂട്ടികൾ ക്രമീകരിക്കുമ്പോൾ യാത്രക്കാരുടെ സൗകര്യാർത്ഥം ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറിൽ കൂടുതൽ സമയം ഡ്യൂട്ടിക്കായി നിയോഗിയ്‌ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം. എന്നാൽ ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരൻ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയിൽ 48 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരത്തിൽ ആഴ്‌ച്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധികസമയത്തിന് മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള അധികവേതനം ലഭ്യമാക്കും.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാൽവെയ്‌പ്പാണ്. ഇത് ഒരു വലിയ മാറ്റത്തിലേയ്ക്കാണ് കെഎസ്ആർടിസിയെ കൊണ്ടെത്തിക്കുന്നത്, ഒപ്പം കെ.എസ്.ആർ.ടി.സി. യ്ക്ക് ഇത് അനിവാര്യതയും ആണ്. കെഎസ്ആർടിസിയുടെ നന്മയെക്കരുതിയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏതു കോടതിയിലായാലും ഏതു വിചാരണയിലായാലും നിലനിൽക്കുന്നതുമാണ്. മാത്രമല്ല ടി സംവിധാനം പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ഒരു പ്രതീക്ഷയുമാണ്.

സിംഗിൾ ഡ്യൂട്ടിസമ്പ്രദായം നടപ്പിലാക്കുന്നത് മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന വിഷമതകൾ പരമാവധി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ ഒരു മാസത്തിന് ശേഷം ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും തച്ചങ്കരി തന്റെ കത്തിൽ പറഞ്ഞു.

ജീവനക്കാർക്കുള്ള തച്ചങ്കരിയുടെ കത്ത്:

പ്രിയപ്പെട്ട സഹപ്രവർത്തകരെ,

09.09.2018 മുതൽ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടിസമ്പ്രദായത്തെക്കുറിച്ച് ജീവനക്കാർക്കിടയിൽ ചില പരാതികളും ആശങ്കകളും ഉയർന്നു വരുന്നു എന്നുള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ സംബന്ധിച്ചിടത്തോളം നിലവിലുണ്ടായിരുന്ന മൾട്ടിപ്പിൾ ഡ്യൂട്ടി സമ്പ്രദായത്തിൽനിന്ന് സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് പെട്ടെന്ന് മാറിയപ്പോൾ എല്ലാദിവസവും ഡ്യൂട്ടിക്കായി എത്തിച്ചേരണം എന്ന ഒരു ബുദ്ധിമുട്ട് ഒരു താൽക്കാലിക പ്രതിഭാസമായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ചില തൊഴിലാളി സംഘടനകളും ജീവനക്കാരും ബഹു: കേരള ഹൈക്കോടതിയിൽ നൽകിയ ഹർജികളെ തുടർന്ന് ബഹു: കേരള ഹൈക്കോടതി ഉത്തരവിൻ പ്രകാരമാണ് മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട്,1961 പ്രകാരമുള്ള ഡ്യൂട്ടിസമ്പ്രദായം കോർപ്പറേഷനിൽ നടപ്പിലാക്കേണ്ടി വന്നത്. മേൽ ഹൈക്കോടതി വിധിയുടെയും കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തെക്കുറിച്ച് പഠനം നടത്തിയ പ്രൊഫ: സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമമായ ഉപയോഗത്തിനും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സിംഗിൾ ഡ്യൂട്ടി സമ്പ്രദായമാണ് അനുയോജ്യമെന്നു കണ്ടാണ് ബഹു: ഹൈക്കോടതിയും സർക്കാരും ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയതിനെ തുടർന്ന് വിദൂര ഡിപ്പോകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വിദൂര ഡിപ്പോകളിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് സ്വന്തം വീടിനടുത്തുള്ള ഡിപ്പോകളിലേയ്ക്ക് സ്ഥലംമാറ്റം നൽകാം എന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇത് സംബന്ധിച്ചുള്ള വിവരശേഖരണം പൂർത്തിയായാലുടൻ തന്നെ അതിനനുസരിച്ചുള്ള പുനർവിന്യാസം നടപ്പിലാക്കുന്നതാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.

സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമ്പോൾ 'എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുവാൻ പാടില്ല, Sign On, Sign Off-നും ഇടയിലുള്ള മുഴുവൻ സമയവും സ്റ്റിയറിങ് ഡ്യൂട്ടിയായി കണക്കാക്കണം', എന്നിത്യാദി വിവിധതരത്തിലുള്ള പ്രചാരണം ജീവനക്കാർക്കിടയിൽ ചില തൽപരകക്ഷികൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത്തരം പ്രചാരണങ്ങൾ പലതും നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം ഉണ്ടായിട്ടുള്ളതാണ് എന്ന വിവരം ജീവനക്കാർ ബോധ്യപ്പെടേണ്ടതാണ്.


മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ടിലെ 2,13,15,18 എന്നീ വകുപ്പുകളിൽ ജോലിസമയത്തെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത വകുപ്പുകളുടെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

Section 2(d) in The Motor Transport Workers Act, 1961

(d) 'day' means a period of twenty-four hours beginning at midnight: Provided that where a motor transport worker's duty commences before midnight but extends beyond midnight, the following day for him shall be deemed to be the period of twenty-four hours beginning when such duty ends, and the hours he has worked after midnight shall be counted in the previous day;

The Motor Transport Workers Act, 1961 Sec.16.Spread-over.

(1)The hours of work of an adult motor transport worker shall, except in any case referred to in the second proviso to section 13, be so arranged that inclusive of interval for rest under section 15, they shall not spread-over more than twelve hours in any day.
(2)The hours of work of an adolescent motor transport worker shall be so arranged that inclusive of interval for rest under section 14, they shall not spread-over more than nine hours in any day.

The Motor Transport Workers Act, 1961 Sec.17.Split duty.

Subject to the other provisions contained in this Act, the hours of work of a motor transport worker shall not be split into more than two spells on any day.

The Motor Transport Workers Act, 1961 Section 26.

Extra wages for overtime.-
(1) Where an adult motor transport worker works for more than eight hours in any day in any case referred to in the first proviso to section 13 or where he is required to work on any day of rest under sub-section (2) of section 19, he shall be entitled to wages at the rate of twice his ordinary rate of wages in respect of the overtime work or the work done on the day of rest, as the case may be.
(2) Where an adult motor transport worker works for more than eight hours in any day in any case referred to in the second proviso to section 13, he shall be entitled to wages in respect of the overtime work at such rates as may be prescribed.
(3) Where an adolescent motor transport worker is required to work on any day of rest under sub-section (2) of section 19, he shall be entitled to wages at the rate of twice his ordinary rate of wages in respect of the work done on the day of rest.
(4) For the purposes of this section, 'ordinary rate of wages' in relation to a motor transport worker means his basic wages plus dearness allowance.

മേൽ സൂചിപ്പിച്ചിരിക്കുന്ന മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഒരു ജീവനക്കാരനെ ഒരാഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ ജോലിക്ക് നിയോഗിക്കുവാൻ കോർപ്പറേഷന് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഡ്യൂട്ടികൾ ക്രമീകരിക്കുമ്പോൾ യാത്രക്കാരുടെ സൗകര്യാർത്ഥം ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറിൽ കൂടുതൽ സമയം ഡ്യൂട്ടിക്കായി നിയോഗിയ്‌ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം; എന്നാൽ ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരൻ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയിൽ 48 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരത്തിൽ ആഴ്‌ച്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധികസമയത്തിന് മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള അധികവേതനം ലഭ്യമാക്കുകയും ചെയ്യും.

മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ടിന്റെ മേലുദ്ധരിച്ച പ്രസക്തഭാഗങ്ങൾ പരിശോധിച്ചാൽ ഡ്യൂട്ടിസമയത്തെക്കുറിച്ച് വളരെ വ്യക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതായി കാണാം. ആയതു പ്രകാരം ഒരു ദിവസം 12 മണിക്കൂർ വരെയുള്ള സ്‌പ്രെഡ് ഓവറിൽ ഒരു ജീവനക്കാരനെ ആഴ്‌ച്ചയിൽ 48 മണിക്കൂറിൽ അധികരിക്കാത്ത വിധത്തിൽ, അനുവദനീയമായ വിശ്രമവും, ഡ്യൂട്ടി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ചെയ്യേണ്ട ജോലികൾക്കുള്ള സമയവും കണക്കാക്കി ജോലി ചെയ്യിക്കാൻ വ്യവസ്ഥയുണ്ട്. എങ്കിൽത്തന്നെയും കോർപ്പറേഷൻ വളരെ ചുരുക്കം ഷെഡ്യൂളുകളിൽ മാത്രമേ ഇത്തരം ഡ്യൂട്ടി പാറ്റേണുകൾ നടപ്പിലാക്കിയിട്ടുള്ളൂ.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാൽവെയ്‌പ്പാണ്. ഇത് ഒരു വലിയ മാറ്റത്തിലേയ്ക്കാണ് കെഎസ്ആർടിസിയെ കൊണ്ടെത്തിക്കുന്നത്, ഒപ്പം കെ.എസ്.ആർ.ടി.സി. യ്ക്ക് ഇത് അനിവാര്യതയും ആണ്. കെഎസ്ആർടിസിയുടെ നന്മയെക്കരുതിയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏതു കോടതിയിലായാലും ഏതു വിചാരണയിലായാലും നിലനിൽക്കുന്നതുമാണ്. മാത്രമല്ല ടി സംവിധാനം പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ഒരു പ്രതീക്ഷയുമാണ്.

സിംഗിൾ ഡ്യൂട്ടിസമ്പ്രദായം നടപ്പിലാക്കുന്നത് മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന വിഷമതകൾ പരമാവധി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ ഒരു മാസത്തിന് ശേഷം ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

കോർപ്പറേഷന്റെയും ജീവനക്കാരുടെയും നന്മയെക്കരുതി നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വിജയകരമായി നടപ്പിലാക്കുന്നതിന് നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങളും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,
നിങ്ങളുടെ സ്വന്തം...
ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ്.
ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
കെ.എസ്.ആർ.ടി.സി.