തിരുവനന്തപുരം: ഫയർഫോഴ്‌സിന്റെ ചുമതലയുള്ള എഡിജിപി ടോമിൻ തച്ചങ്കരിയെ വീണ്ടും പൊലീസിലേക്ക് മടക്കിവിളിച്ചും കെഎസ്ആർടിസിയുടെ സിഎംഡി പദവി അധിക ചുമതലയായി നൽകിക്കൊണ്ടും മുഖ്യമന്ത്രി പിണറായിയുടെ പുതിയ നീക്കം കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമം നടത്താൻ തന്നെ. അതീവ ഗുരുതരാവസ്ഥയിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ ഒരു അവസാനവട്ട നീക്കം എന്ന നിലയിൽ വലിയ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയതിട്ടുള്ളത്. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു നടത്തുന്ന ഈ നീക്കംകൂടി പരാജയപ്പെട്ടാൽ പിന്നെ കെഎസ്ആർടിസി അടച്ചുപൂട്ടുകയോ പൂർണമായും സ്വകാര്യവൽക്കരിക്കുകയോ ചെയ്യേണ്ടിവരും. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പുതിയ നീക്കം.

നിലവിൽ ഫയർഫോഴ്‌സിന്റെ ചുമതലയുള്ള തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയുടെ എഡിജിപി പദവി നൽകിയാണ് പുതിയ നിയമനം നടത്തിയിട്ടുള്ളത്. ഇതിന് പുറമെ കെഎസ്ആർടിസിയുടെ സിഎംഡി ചുമതല കൂടി നൽകുകയും കെഎസ്ആർടിസി എംഡി ആയിരുന്ന ഹേമചന്ദ്രനെ ഫയർഫോഴ്‌സിന്റെ മേധാവിയായി നിയമിക്കുകയായിരുന്നു. ഹേമചന്ദ്രനെ മാറ്റണമെന്ന് സിഐടിയു ഉൾപ്പെടെയുള്ള നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. തച്ചങ്കരിയുടെ നിയമനത്തോടെ കെഎസ്ആർടിസിയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാവുമെന്നും സൂചനയുണ്ട്. കെഎസ്ആർടിസിയുടെ ചെയർമാൻ കം മാനേജിങ് ഡയറക്ടർ എന്ന പദവി വരുന്നതോടെ കൂടുതൽ അധികാരങ്ങൾ തച്ചങ്കരിക്ക് ലഭിക്കും. ഇത്തരത്തിൽ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ തച്ചങ്കരിയിലൂടെ കാര്യക്ഷമമായി നടപ്പാക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയുടെ പുതിയ നിയമനം പ്രഖ്യാപിച്ചത്.

കെഎസ്ആർടിസി ഈ സർക്കാറിന്റെ കാലത്ത് അടച്ചുപൂട്ടുകയോ സ്വകാര്യ വൽക്കരിക്കുകയോ ചെയ്താൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അത്രയ്ക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. പെൻഷനും ശമ്പളവും നൽകാനായി എല്ലാ മാസവും സർക്കാറിന് മുമ്പിൽ കൈനീട്ടേണ്ട അവസ്ഥയിലാണ് സ്ഥാപനം. മുതിർന്ന ഉദ്യോഗസ്ഥരായ രാജമാണിക്യവും ഹേമചന്ദ്രനും സ്ഥാപനത്തിന്റെ തലപ്പത്ത് വന്നെങ്കിലും അതൊന്നും ക്ലച്ചുപിടിച്ചില്ല. രാജമാണിക്യം തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പലതും തൊഴിലാളുടെ എതിർപ്പ് മൂലം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. ഇതിനിടെ കെഎസ്ആർടിസിക്ക് വേണ്ടി രക്ഷാപാക്കേജ് തയ്യാറാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇത് ഫലപ്രദമായി നടപ്പാക്കാൻ കോർപ്പറേഷൻ തലപ്പത്ത് വലിയ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ആദ്യപടി എന്ന നിലയിലാണ് ഇപ്പോൾ തച്ചങ്കരിയുടെ നിയമനം.

1500 കോടിയിലേറെ രൂപ മുടക്കിയുള്ള പാക്കേജാണ് കെഎസ്ആർടിസിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഘടകക്ഷിയുടെ വകുപ്പിൽ തങ്ങളുടെ ഇഷ്ടക്കാരനായ ഒരാൾ വേണമെന്ന് സിപിഎം താൽപ്പര്യമാണ് ടോമിൻ തച്ചങ്കരിയിലേക്ക് അന്വേഷണം എത്തി നിൽക്കാൻ കാരണം. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തച്ചങ്കരിയോട് നേരിട്ടാവശ്യപ്പെട്ടു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര പുനഃസംഘടനയ്ക്കുള്ള നടപടികളും നടന്നുവരുന്നതിനിടെയാണ് തച്ചങ്കരിയെ ചുമതലയേൽപ്പിക്കാനുള്ള നീക്കം. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുക എന്ന വെല്ലുവിളിയായിരിക്കും അദ്ദേഹത്തിന് മുന്നിലുള്ളത്.

സുപ്രീംകോടതിവിധിയെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി പദത്തിൽ തിരികെയെത്തിയ ടി.പി. സെൻകുമാറിനെ നിയന്ത്രിക്കാൻ, പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി സർക്കാർ നിയമിച്ചതും തച്ചങ്കരിയെ ആയിരുന്നു. സെൻകുമാർ വിരമിച്ചതിനുപിന്നാലെ കഴിഞ്ഞ ജൂലായിലാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തുനിന്ന് അഗ്നിരക്ഷാ സേനയിലേക്ക് മാറ്റിയത്. മാർക്കറ്റ് ഫെഡ്, കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, അഗ്നിരക്ഷാസേന, ഗതാഗതവകുപ്പ് എന്നിവിടങ്ങളിൽ മേധാവിയായിരിക്കെ കാഴ്ചവെച്ച മികവാണ് തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്തേക്ക് പരിഗണിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കെ.എസ്.ആർ.ടി.സി.യിലെ സിപിഎം. അനുകൂല തൊഴിലാളി സംഘടനയും തച്ചങ്കരിയെ പരിഗണിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്നും കോർപ്പറേഷനിലെ രാഷ്ട്രീയ പ്രസരം അവസാനിപ്പിക്കുമെന്നതാണ് തച്ചങ്കരിയുടെ നിലപാട്. ഗതാഗത കമ്മിഷണറായിരുന്ന വേളയിൽ മന്ത്രി എ.കെ.ശശീന്ദ്രനുമായി തച്ചങ്കരി ഇടഞ്ഞതു ഏറെ വിവാദം ഉയർത്തിയിരുന്നു. ജന്മദിനത്തിൽ ആർ.ടി. ഓഫീസുകളിൽ ലഡ്ഡു വിതരണം ചെയ്തതിനെത്തുടർന്നുണ്ടായ വിവാദം തച്ചങ്കരിയുടെ ഗതാഗത കമ്മിഷണർ കസേര തെറിപ്പിച്ചിരുന്നു. മന്ത്രിയുമായുള്ള ഈ സ്വരചേർച്ചയില്ലായ്മ പരിഹരിച്ചാണ് ഇപ്പോൾ വീണ്ടും ഗതാഗത വകുപ്പിന്റെ കീഴിലുള്ള മറ്റൊരു സുപ്രധാന പദവിയിലേക്ക് തച്ചങ്കരി എത്തുന്നത്.