തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളിൽ കെഎസ്ആർടിസിക്കുള്ള പങ്ക് പ്രത്യേകിച്ച് ആരോടും പറയേണ്ട കാര്യമില്ലല്ലോ? കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ചുമതല സ്ഥാപനത്തിന് തന്നെയാണെങ്കിലും പലപ്പോഴു ശമ്പളവും പെൻഷൻ ബാധ്യതയും സർക്കാറിന് ഏറ്റെടുക്കേണ്ടി വരുന്നു. ഈ പതിവ് പല്ലവി അവസാനിപ്പിക്കാനാണ് പുതുതായി ചാർജ്ജെടുത്ത ടോമിൻ തച്ചങ്കരിയിൽ നിയുക്തമായ പ്രധാന ദൗത്യം. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തന്നെ മുന്നോട്ടു കൊണ്ടുപോകുകകയാണ് അദ്ദേഹം.

മുൻകാലങ്ങളിൽ മാറിമാറി ഭരിച്ചിരുന്നവരും കെടുകാര്യസ്ഥതയും തണുപ്പൻ നയവുമാണ് കെഎസ്ആർടിസി എന്ന പ്രസ്ഥാനത്തെ തകർച്ചയിൽ എത്തിച്ചത്. ഇതോടെ ജീവനക്കാർക്ക് കൃത്യ സമയത്ത് ശമ്പളം കിട്ടാതായി. മുൻ ജീവനക്കാർ പെൻഷൻ കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായി. ഇതോടെ കെഎസ്ആർടിസിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ കടക്കെണിയിലും ആയി. ഇങ്ങനെ പതിവായി കോർപ്പറേഷനെ കുറിച്ചു കേൾക്കുന്ന മോശം അഭിപ്രായങ്ങൾ തിരുത്താനുള്ള എളിയ ശ്രമമാണ് തന്റെ ഭാഗത്തു നിന്നും ഉണ്ടാകുകയെന്നാണ് തച്ചങ്കരി വ്യക്തമാക്കിയത്.

ലാഭത്തിലായില്ലെങ്കിലും നഷ്ടത്തിൽ നിന്നും കരകയറ്റാനും ജീവനക്കാർക്ക് കൃത്യസമയത്തു ശമ്പളം കൊടുക്കാനുമുള്ള തത്രപ്പാടിലാണ് ടോമിൻ തച്ചങ്കരി. കെഎസ്ആർടിസിയെ നേരെ ആക്കണമെങ്കിൽ ജീവനക്കാർക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം നൽകണം. അതുകൊണ്ട് 30-ാം തിയതി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ശ്രമമാണ് ഇപ്പോൾ തച്ചങ്കരി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ കെഎസ്ആർടിസിക്ക് ശമ്പളം നൽകുന്നത് വൈകുന്നത് പതിവാണ്. എട്ടാം തീയ്യതി ആയിട്ടും ശമ്പളം കിട്ടാത്ത അവസ്ഥ അടുത്തിടെ കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നു. കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയുന്ന വിധത്തിലേക്ക് വരുമാനം എത്തിയാൽ ടോമിൻ തച്ചങ്കരി വിചാരിച്ച വഴിയിലേക്ക് കാര്യങ്ങൾ മാറും.

അതേസമയം ട്രഷറിയിലെ കണക്ക് പ്രകാരം മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയ ശേഷമേ കൊടുക്കാനാവൂ എന്ന നിലപാടിലാണ് തോമസ് ഐസക്. എന്നാൽ ശമ്പളം കൊടുക്കാനുള്ള ശ്രമത്തിലാണ് തച്ചങ്കരി. എന്നാൽ ആനവണ്ടിയെ രക്ഷിച്ചെടുക്കാനുള്ള അടിമുടി പരിഷ്‌ക്കാരത്തിന് ഇറങ്ങിയ ഡിജിപിക്ക് സർ്കകാരിന്റെയും ഉറച്ച പിന്തുണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കുടി ഇടപെട്ട് ശമ്പളം നേരത്തെയാക്കി ജീവനക്കാരെ കയ്യിലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കോർപ്പറേഷൻ എംഡിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം നടപ്പിൽ വരുത്തുന്ന പരിഷ്‌ക്കരണങ്ങൾക്ക് വലിയ തോതിൽ ജനപിന്തുണ ലഭിക്കുന്നുണ്ട്. തൊഴിലാളികളും അദ്ദേഹവുമായി സഹകരിക്കുന്നു. അതുകൊണ്ട് തന്നെ തച്ചങ്കരിയെ എതിർക്കാനുള്ള കരുത്ത് ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക പോലുമില്ല. ജോലിയെടുത്തില്ലെങ്കിൽ പണി പോകുമെന്ന സന്ദേശം തച്ചങ്കരി നൽകി കഴിഞ്ഞു. വരുമാനം പ്രതിമാസം എട്ടരക്കോടിയാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുമെന്ന് തച്ചങ്കരിക്ക് ആത്മവിശ്വാസവും അദ്ദേഹം വെച്ചുപുലർത്തുന്നുണ്ട്.

ശമ്പളം കൃത്യസമയത്ത് നൽകണമെങ്കിൽ വരുമാനം അതിന് അനുസരിച്ച് ഉയർത്തണമെന്ന് തച്ചങ്കരി ജീവനക്കാരോട് നിർദേശിച്ചു കഴിഞ്ഞു. ദിവസവരുമാനം 8.5 കോടി രൂപയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ കുറവുകാരണം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും മൂന്ന് മാസത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ജീവനക്കാരില്ലാത്തതിനാൽ ദിവസം 200 ബസുകൾവരെ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. സർവീസ് മുടക്കുന്നതിലൂടെ സ്വന്തം ചോറിൽ തന്നെയാണ് ജീവനക്കാർ മണ്ണുവാരിയിടുന്നതെന്നാണ് തച്ചങ്കരി ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്.

കെഎസ്ആർടിയിൽ ജോലിയുണ്ടെങ്കിലും വിദേശത്തു പോയി ജോലി ചെയ്യുന്നവരെയും വരുതിയിൽ നിർത്താനാണ് തച്ചങ്കരിയുടെ പരിപാടി. വിദേശത്ത് ജോലിക്ക് പോകാൻ അവധി നൽകില്ലെന്ന നിലപാടിലേക്ക് കോർപ്പറേഷൻ മാറിയിട്ടുണ്ട്. ജോലി രാജിവച്ച് മാത്രമേ ഇനി വിദേശ ജോലിക്ക് കെ എസ് ആർ ടി സി ജീവനക്കാർക്ക് പോകാൻ കഴിയൂ എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറ്റും. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ മറ്റു ഡ്യൂട്ടികൾ ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടുതൽ സർവീസുകൾ നടത്തുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശ്യം. ശമ്പളം, പെൻഷൻ വിതരണം, ഓൺലൈൻ റിസർവേഷൻ എന്നിവ കൈകാര്യംചെയ്യുന്ന ഇലക്ട്രോണിക് ഡേറ്റാ പ്രോസസിങ് സെന്റർ (ഇ.ഡി.പി.സി.), റൂട്ട് കേസുകൾ കൈകാര്യം ചെയ്യുന്ന നിയമവിഭാഗം എന്നിവിടങ്ങളിൽ കണ്ടക്ടർ വിഭാഗത്തിൽപ്പെട്ടവരാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയാണ് ഇ.ഡി.പി.സി.യിൽ നിയോഗിച്ചത്.

അടുത്തയിടെ ഇവിടെ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയോഗിച്ചെങ്കിലും ഫലപ്രദമായില്ല. പണിയെടുക്കാതെ ശമ്പളം വാങ്ങി, സംഘടനാപ്രവർത്തനം മാത്രം നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ഇൻസ്‌പെക്ടർമാർക്കു ഇനി ജോലിയെടുത്തേ പറ്റൂ. പാറശാല മുതൽ കാസർഗോഡ് വരെ മുഴുവൻ റൂട്ടുകളിലും ബസുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണു പുതിയ എം.ഡി: ടോമിൻ ജെ. തച്ചങ്കരിയുടെ ഉത്തരവ്. ബസുകൾ പരിശോധിക്കുന്നതിനൊപ്പം ഗതാഗതത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ രാവിലെ 07-11 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി എട്ടുവരെയും പോയിന്റ് ഡ്യൂട്ടി ക്രമീകരിച്ച്, കോൺവോയ് ഒഴിവാക്കി പരമാവധി യാത്രക്കാരെ കയറ്റി സർവീസ് കാര്യക്ഷമമാക്കാനും നിർദ്ദേശമുണ്ട്. ഇതുവഴി കെ.എസ്.ആർ.ടി.സിയുടെ പ്രതിദിനവരുമാനം 10% വർധിപ്പിച്ച് എട്ടരക്കോടി രൂപയാക്കി ഉയർത്താമെന്നം അദ്ദേഹം കണക്കു കൂട്ടുന്നു.

കെഎസ്ആർടിസി പൂട്ടിക്കെട്ടണോ അതോ നഷ്ടത്തിൽ തന്നെ വീണ്ടും ഓടണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ജീവനക്കാർ തന്നെയാണെന്നാണ് തച്ചങ്കരിയുടെ പക്ഷം. തന്റെ കാലയളവിൽ ലാഭത്തിലാക്കിയില്ലെങ്കിലും നഷ്ടം കൂടാതെ കൊണ്ടുപോകാനുള്ള വഴികളെ കുറിച്ചാണ് ഡിജിപിയുടെ ആലോചന.