- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോമിൻ തച്ചങ്കരി വീണ്ടും പൊലീസ് കുപ്പായത്തിൽ; കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി; മനുഷ്യാവകാശ കമ്മീഷനിൽ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചു; നിർണായകമായ മാറ്റം ഡിജിപി പദവിയിലേക്ക് പരിഗണിക്കുന്നതിനിടെ
തിരുവനന്തപുരം: ടോമിൻ.ജെ.തച്ചങ്കരി വീണ്ടും പൊലീസ് കുപ്പായത്തിൽ. നിലവിൽ കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം.ഡി സ്ഥാനത്തുള്ള ഡിജിപിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റിയാണ് നിയമനം നൽകിയിരിക്കുന്നത്. മനുഷ്യാവകാശ കമീഷനിലെ അന്വേഷണ വിഭാഗം മേധാവിയായാണ് തച്ചങ്കരിയെത്തുക. ഡയറക്ടർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന തസ്തിത സൃഷിച്ചു കൊണ്ടാണ് നിയമനം. ഇത്തരമൊരു തസ്തികയിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എത്തുന്നത് ഇതാദ്യമായാണ്.
വിജിലൻസ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് തച്ചങ്കരിക്ക് നിയമനം നൽകിയിരിക്കുന്നത്. ബി.അശോക് വീണ്ടും ഊർജ വകുപ്പ് സെക്രട്ടറിയാകും. ഷർമിള മേരി കായിക വകുപ്പ് സെക്രട്ടറിയായും ചുമതലയേൽക്കും. ഇതാദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമീഷനിലെത്തുന്നത്. നേരത്തെ ഡി.ജി.പിയായി തച്ചങ്കരിയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തച്ചങ്കരിയെ മനുഷ്യാവകാശ കമീഷനിൽ നിയമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒരു വർഷത്തേക്കാണ് തച്ചങ്കരിയുടെ ഇപ്പോഴത്തെ നിയമനം. അടുത്ത മാസം അവസാനത്തോടെ പുതിയ പൊലീസ് മേധാവിയുടെ നിയമനം ഉണ്ടാകും. ഈ ഘട്ടത്തിൽ ആരാകും ആ തസ്തികയിൽ എത്തുക എന്നാണ് അറിയേണ്ടത്. തച്ചങ്കരി ഇപ്പോൾ പൊലീസ് കുപ്പായത്തിൽ അല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനിൽ പൊലീസ് തസ്തികയിലേക്ക് നിയമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള സീനിയോറിട്ടി പട്ടിക സംസ്ഥാന സർക്കാർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് (യു.പി.എസ്.സി) അടുത്തിടെ കൈമാറിയിരുന്നു. പന്ത്രണ്ടുപേരുടെ പട്ടികയാണ് കൈമാറിയത്. പട്ടികയിൽ അരുൺ കുമാർ സിൻഹയാണ് സീനിയറെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ താത്പര്യമില്ലാത്തതിനാൽ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു തച്ചങ്കരി. പട്ടികയിൽ മൂന്നാമനാണ് കെ സുധേഷ് കുമാർ.
1984 ഡിസംബർ 23നാണ് അരുൺകുമാർ സിൻഹ സർവീസിൽ പ്രവേശിച്ചത്. ടോമിൻ ജെ. തച്ചങ്കരി 1987 ഓഗസ്റ്റ് 24നും സുധേഷ്കുമാർ 1987 ഡിസംബർ 15നുമാണ് സർവീസിൽ കയറിയത്. സിൻഹ മാറുകയാണെങ്കിൽ തച്ചങ്കരിയാണ് സീനിയോറിറ്റിയിൽ രണ്ടാമൻ. സംസ്ഥാന സർക്കാർ കൈമാറിയ 12 പേരിൽ നിന്ന് മൂന്ന് പേരുടെ പട്ടിക യു.പി.എസ്.സി സംസ്ഥാന സർക്കാരിന് കൈമാറും. ഇതിനായി യു.പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടാക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിലവിലെ പൊലീസ് മേധാവി, ഏതെങ്കിലും കേന്ദ്ര പൊലീസ് സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരും അംഗങ്ങളാകും.
ഇവർ യോഗം ചേർന്ന് സീനിയോറിറ്റി, വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട്, കേരള പൊലീസിലുള്ള പരിചയം എന്നിവ മാനദണ്ഡമാക്കി മൂന്നുപേരുടെ പട്ടിക തയ്യാറാക്കും. ഈ പട്ടികയിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം.അരുൺകുമാർ സിൻഹ, തച്ചങ്കരി, സുധേഷ് കുമാർ എന്നിവരെ കൂടാതെ ബി.സന്ധ്യ, അനിൽകാന്ത്, നിതിൻ അഗർവാൾ, എസ്. അനന്തകൃഷ്ണൻ, കെ.പത്മകുമാർ, ഷേക് ദർവേഷ് സാഹിബ്, ഹരിനാഥ് മിശ്ര, രവഡ ചന്ദ്രശേഖർ, സഞ്ജീവ് കുമാർ പട്ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂൺ 30ന് വിരമിക്കും.
സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ബെഹ്റയെ പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നയോഗത്തിൽ ബെഹ്റയെ ഒഴിവാക്കി മറ്റ് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായ വിവരവും പുറത്തുവരുന്നുണ്ട്. സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് തഴയപ്പെട്ടതോടെ സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് പദവിയിലേക്ക് ബെഹ്റയെ കേരള സർക്കാർ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ