റ്റക്കര ടോംസ് കോളജിനെതിരെയും കോളജ് ചെയർമാൻ ടോം ജോസഫിനെതിരെയും നിരവധി ആക്ഷേപങ്ങളാണല്ലോ പുറത്തുവരുന്നത്. എന്നാൽ, ഈ കോളജിന്റെ സമീപ പ്രദേശത്തു താമസിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ എനിക്കറിയാവുന്ന ഏതാനും വിവരങ്ങൾ പങ്കുവയ്ക്കട്ടെ. ടോംസ് എൻജിനീയറിങ് കോളജിന്റെ ചെയർമാനായി ഒരു സുപ്രഭാതത്തിൽ ഉദിച്ചുയർന്ന വ്യക്തിയല്ല ടോം ജോസഫ്. എൻജിനീയറിങ് രംഗത്തെ ഒരു മികച്ച അദ്ധ്യാപകനെന്ന നിലയിൽ ഇദ്ദേഹം വർഷങ്ങൾക്കുമുമ്പേ അംഗീകരിക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിലെ മറ്റക്കര എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം കഠിനാധ്വാനത്തിലൂടെയാണ് എൻജിനീയറിങ് ബിരുദം നേടിയത്.

തൊണ്ണൂറുകളുടെ ആദ്യം കോട്ടയത്ത് റെയിൽവേ സ്റ്റേഷനടുത്ത് വിശ്വേശ്വരയ്യ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ തുടങ്ങിയ ചെറിയ വിദ്യാഭ്യാസ സ്ഥാപനം പിന്നീടു നേടിയ വളർച്ചയിലാണ് ഇന്നത്തെ നിലയിലെത്തിയത്. അല്ലാതെ ചിലർ ആരോപിക്കുന്നതുപോലെ ഉമ്മൻ ചാണ്ടിയുടെ ഷെയർകൊണ്ട് വളർന്നതല്ലെന്ന് ഈ നാട്ടുകാർക്കു നന്നായി അറിയാം. ഇന്നത്തെപ്പോലെ എൻജിനീയറിങ് പഠനം സുഗമമല്ലാതിരുന്ന കാലത്ത് എ.എം.ഐ.ഇ എന്ന എൻജിനീയറിംഗിനു സമാനമായ കോഴ്സാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. അടുത്ത കാലത്ത് ബി.ടെക് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതോടെയാണ് വിശ്വേശ്വരയ്യ കോളജ് ടോംസ് കോളജ് എന്നു പേരുമാറ്റിയത്. ഇക്കഴിഞ്ഞ 25 വർഷത്തിനിടയിൽ ഈ സ്ഥാപനത്തിൽനിന്നും പഠിച്ചിറങ്ങി ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന ആയിരക്കണക്കിന് എൻജിനീയർമാർ ഉണ്ട്. ഇവരാരും ഉന്നയിക്കാത്ത പരാതികൾ ഈ അടുത്ത കാലത്തായി ഇവിടത്തെ ചില വിദ്യാർത്ഥികൾ പറയുന്നത്.

കുറച്ചുനാളുകൾക്കുമുമ്പ് ഈ സ്ഥാപനത്തെക്കുറിച്ച് പൊട്ടിപ്പുറപ്പെട്ട രണ്ട് കിംവദന്തികളും പൊളിഞ്ഞിരുന്നു. ആദ്യത്തെ സംഭവം ഇവിടത്തെ ഒരു വിദ്യാർത്ഥിയെ കാണാതായതുമായി ബന്ധപ്പെട്ടതാണ്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നെങ്കിലും ഈ വിദ്യാർത്ഥി വർഷങ്ങൾക്കുശേഷം തിരിച്ചെത്തി. പഠനം ബുദ്ധിമുട്ടായതിനാൽ താൻ ഇവിടെനിന്നും ഒളിച്ചുപോയി മദ്രാസിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്നുവെന്നു ആ കുട്ടി വെളിപ്പെടുത്തി. പക്വതയുറയ്ക്കാത്ത ഒരു വിദ്യാർത്ഥി ചെയ്ത ഈ തെറ്റിനു പകരമായി നിരവധി തവണ കോളജിനു നേരേ ആക്രമണം നടന്നു. തിരിച്ചെത്തിയ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധക്കാരുടെ നാവടങ്ങി. രണ്ടാമത്തെ സംഭവം ഇവിത്തെ ഒരു വിദ്യാർത്ഥി ഹോസ്റ്റലിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. ഈ വിദ്യാർത്ഥി അശ്രദ്ധമായി ബാൽക്കണിയിലേക്ക് ഓടുന്നതിനിടെ ഗ്ലാസ് ഡോറിൽ തട്ടി മുറിവേറ്റാണ് മരിച്ചതെന്ന് കാമറ ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്.

ഇന്നത്തെ യുവതലമുറ ഏറെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. ആധുനിക കാലത്ത് അധികമൊന്നും പഠിക്കാതെതന്നെ പത്താംക്ലാസും +2വും ജയിക്കാമെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതു സാധ്യമല്ല. മാത്രവുമല്ല ഈ കോളജിൽ എത്തുന്നതു കൂടുതലും ശരാശരിയും അതിൽ താഴെയും സാമ്പത്തിക നിലവാരവുമുള്ള വിദ്യാർത്ഥികളാണ്. കർശനമായ ചിട്ടകളോടെ ഈ കുട്ടികളെ പഠിപ്പിച്ച് വിജയിപ്പിക്കാൻ ടോം സാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ശ്രമിക്കുമ്പോൾ അതു ചിലരെ അലോസരപ്പെടുത്തുമെന്നു തീർച്ച. കർശന ചിട്ടകൾ ഇഷ്ടപ്പെടാത്ത വിദ്യാർത്ഥികളും ആക്ഷേപങ്ങൾ ഉന്നയിക്കും. ഇവരെ നേർവഴിക്കു തിരിച്ചുവിടേണ്ടതിനു പകരം അവസരം കിട്ടിയപ്പോൾ കോളജിനുനേരേ അക്രമം അഴിച്ചുവിടാനാണ് ചിലർ ശ്രമിച്ചത്.

അദ്ധ്യാപകരെ തല്ലി അവരെ നേർവഴിക്കു നയിക്കാനാണ് ചില വിദ്യാർത്ഥികൾക്ക് ഇഷ്ടം. ഇത്തരക്കാരെ ചിലർ ചട്ടുകമാക്കി അവർക്കു വേണ്ടതൊക്കെ ചെയ്തുകൊടുത്ത് ഉന്നതസ്ഥാനങ്ങൾ നൽകുന്നു. കഷ്ടപ്പാടുകളൊന്നുംകൂടാതെ ഇല്ലാതെതന്നെ ഇത്തരക്കാർ വിജയിക്കുന്നതു കാണുമ്പോൾ പിന്നെ എന്തിനു നിയമങ്ങൾ അനുസരിക്കണമെന്ന് മറ്റു വിദ്യാർത്ഥികളും ചിന്തിച്ചുപോകുക സ്വഭാവികം.

ഇപ്പോൾ കോളജിനെക്കുറിച്ചും ടോം സാറിനെക്കുറിച്ചുമുള്ള രൂക്ഷമായ ചില ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് ചെയർമാൻ ലേഡീസ് ഹോസ്റ്റലിൽ രാത്രി സന്ദർശനത്തിനെത്തുമെന്നതാണ്. അച്ചടക്കത്തിന്റെ ഭാഗമായി പണ്ടുമുതൽ ഇദ്ദേഹം വിദ്യാർത്ഥികളുടെ ഹോസ്റ്റൽസന്ദർശിക്കാറുണ്ട്. മൊബൈൽ ഫോൺ ദുരുപയോഗം തടയുകയും കുട്ടികൾ പഠിക്കുന്നുണ്ടോ എന്നറിയുകയുമാണു ലക്ഷ്യം. ടോം സാറിന്റെ ചെറുപ്പകാലത്ത് അവിടത്തെ അദ്ധ്യാപികകൂടിയായ അദ്ദേഹത്തിന്റെ ഭാര്യയുമൊന്നിച്ചായിരുന്നു ഹോസ്റ്റലിൽ എത്തിയിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മകനും അവിടെ വിദ്യാർത്ഥിയായതോടെ മക്കൾക്കൊപ്പമായി വിദ്യാർത്ഥികളുടെ സ്ഥാനം. വിദ്യാർത്ഥികളെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു ദുരാരോപണം ഉന്നയിക്കുന്നത് അദ്ദേഹത്തെ അറിയാവുന്നവർ ആരും അംഗീകരിക്കില്ല.

മറ്റൊരു ആരോപണം ടോം സാർ വിദ്യാർത്ഥികളോടു ദേഷ്യപ്പെടുകയും ചീത്തവിളിക്കുകയും വരെചെയ്യുമെന്നാണ്. അടിക്കുന്ന വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ അടിക്കുക എന്നുള്ള പഴഞ്ചൊല്ല് ടോം സാറിനു വശമില്ല. അദ്ദേഹം സ്വല്പം മുൻകോപിയാണെന്നുള്ളതു സത്യമാണ്. പക്ഷേ, ദേഷ്യം വരുമ്പോൾ മക്കളെ തല്ലുകയും ചിലപ്പോൾ ചീത്ത വിളിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഒരു ശാപമാണെന്ന് ആരെങ്കിലും കരുതുമോ? അതോ, മക്കളെ തോന്നുന്ന വഴിക്ക് വിടണമെന്ന് ആരെങ്കിലും ഉപദേശിക്കുകമോ? അന്യ സംസ്ഥാനങ്ങളിലുംമറ്റും പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭക്ഷണക്രമത്തെപ്പറ്റി അറിയാവുന്നവർ ഈ ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടില്ല.

നമ്മുടെ പഠനകാലത്ത് നാം ഇഷ്ടപ്പെട്ടിരുന്ന, നമ്മെ ഇഷ്ടപ്പെട്ടിരുന്ന ഒരു അദ്ധ്യാപകൻ, അദ്ധ്യാപികയെങ്കിലും ഇല്ലാതിരിക്കുമോ? അവരുടെ ശാസനയും ശിക്ഷണവും സ്നേഹബഹുമാനങ്ങളോടെ ഏറ്റുവാങ്ങിയിട്ടുള്ളവർ പരാജയപ്പെട്ടിട്ടുണ്ടോ?. ടോംസ് കോളജിലെ വിദ്യാർത്ഥികൾക്ക് ഭാവിയിൽ കുറ്റബോധം തോന്നാൻ ഇടവരാത്ത വിധം അവർ പെരുമാറട്ടെ എന്ന് ആശംസിക്കാം.