ലണ്ടൻ: പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത കൺസർവേറ്റീവ് പാർട്ടിയെ അധികാരത്തിൽനിന്നിറക്കാൻ ലേബർ പാർട്ടി കഠിനപ്രയത്‌നം നടത്തുന്നതിനിടെ, പാർട്ടി നേതാന് ജെറമി കോർബിനെതിരെ മുൻപ്രധാനമന്ത്രി ടോണി ബ്ലെയർ രംഗത്ത്. കോർബിൻ പ്രധാനമന്ത്രിയാകുന്നത് അപകടകരമാകുമെന്നാണ് ബ്ലെയറുടെ വിലയിരുത്തൽ. കോർബിന്റെ തീവ്ര ഇടതുപക്ഷ നിലപാടുകൾ ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷകരമാകുമെന്നും ബ്ലെയർ പറയുന്നു.

ജൂൺ എട്ടിനുനടന്ന തിരഞ്ഞെടുപ്പിൽ കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി കൈവരിച്ച മുന്നേറ്റത്തെ അഭിനന്ദിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി പദത്തിലേക്ക് കോർബിന്റെ സാധ്യതകൾ താൻ പുനരവലോകനം ചെയ്യുകയാണെന്ന് ബ്ലെയർ പറഞ്ഞു. നികുതിയുയർത്തുന്നതുൾപ്പെടെയുള്ള കോർബിന്റെ നയങ്ങൾ പലതും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ബ്ലെയർ പറഞ്ഞു. ബ്രെക്‌സിറ്റിനെതിരെ ശക്തമായ നിലപാടെടുത്ത മുൻ ലേബർ പ്രധാനമന്ത്രി, സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുകയാണിപ്പോൾ.

കോർബിന്റെ തീവ്ര ഇടതുനിലപാടുകൾ ലേബർ പാർട്ടിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ബ്ലെയർ പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെങ്കിലും, ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ കോർബിന്റെ നയങ്ങൾ ഗുണകരമാകുമെന്ന് കരുതുന്നില്ലെന്ന് ബ്ലെയർ പറഞ്ഞു. മധ്യമാർഗത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഏറ്റവും ഫലപ്രദമെന്നും ബിബിസിയോട് സംസാരിക്കവെ,അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ കോർബിൻ കാട്ടിയ ആത്മവിശ്വാസവും ചെറുപ്പക്കാരായ വോട്ടർമാരെ ആർഷിച്ചതുമെല്ലാം നല്ലകാര്യങ്ങളാണെന്ന് സ്‌കൈ ന്യൂസുമായി നടത്തിയ മറ്റൊരഭിമുഖത്തിൽ ബ്ലെയർ പറഞ്ഞു. എന്നാൽ, ലേബർ പാർട്ടി അധികാരത്തിൽവരുമെന്നോ കോർബിൻ പ്രധാനമന്ത്രിയാകുമെന്നോ കരുതിയിട്ടല്ല പലരും ലേബറിന് വോട്ട് ചെയ്തതെന്ന് ബ്ലെയർ പറയുന്നു. കൺസർവേറ്റീവുകളുടെ രാഷ്ട്രീയത്തെ അവർ അത്രമേൽ ഭയന്നിരുന്നുവെന്നും ്അതാണ് ലേബറിന് നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം വിലയിരുത്തി.

കോർബിന്റെ ആവേശവും കുറേപ്പേരെ ലേബറിലേക്ക് ആകർഷിച്ചതായി ബ്ലെയർ പറഞ്ഞു. ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രി പദത്തിൽ കടിച്ചുതൂങ്ങുന്ന തെരേസ മേയോട് തനിക്ക് സഹതാപമാണെന്നും ലേബറിന്റെ അവസാന പ്രധാനമന്ത്രിയായ ടോണി ബ്ലെയർ പറയുന്നു.