- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കോവിഡ് കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം? കുറെ ഒതുക്കി പറഞ്ഞാൽ ഓണം എന്നുള്ളത് നല്ല നാളുകൾക്ക് വേണ്ടിയുള്ള പ്രതീക്ഷ; നന്മകൾ നൽകുന്ന ഓണം: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു
ഓരോ ഓണവും സന്തോഷത്തിന്റെ ഒരു പുതിയ അനുഭവമാണ് നാളിതുവരെ നൽകിയിട്ടുള്ളത്. ഈ കോവിഡ് കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം? കുറെ ഒതുക്കി പറഞ്ഞാൽ ഓണം എന്നുള്ളത് നല്ല നാളുകൾക്ക് വേണ്ടിയുള്ള പ്രതീക്ഷയാണ്.
പക്ഷേ, കാലം മാറുന്നതിനനുസരിച്ച് ഓണത്തിന്റെ ആഘോഷങ്ങൾക്ക് വലിയ രീതിയിലുള്ള മാറ്റം വന്നുകൊണ്ടേയിരിക്കുന്നു.ഒരുനേരത്തെ നിറവയർ എന്ന സ്വപ്നത്തിൽനിന്ന് ആഡംബരങ്ങളുടെ ഉത്സവമായി ഓണം മാറിക്കൊണ്ടിരിക്കുന്നു.എങ്കിലും ഓണം തരുന്ന സാഹോദര്യവും സന്തോഷവും ഊർജവും നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല.
മനുഷ്യരെല്ലാവരും വിവിധ ഭാവങ്ങളിൽ താലോലിക്കുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ചുള്ള വർത്തമാനങ്ങളോട് നിഷേധാത്മകമായ നിലപാടിൽ വർത്തമാനകാലലോക സാംസ്കാരിക-രാഷ്ട്രീയ നായകർ അഭിരമിക്കുമ്പോഴും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും സുവർണകാലത്തെ താലോലിക്കാൻ മലയാളിക്ക് കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.
നമുക്ക് തിരികെ പോകാൻ കഴിയാത്തവണ്ണം നമ്മുടെ പഴയ നാട്ടു വഴികൾ മാറിയിട്ടുണ്ടാവാം,എന്നാൽ പരസ്പരം കൈ കോർത്തു പിടിച്ചു നമ്മൾ ഒരുമിച്ചു നടന്നാൽ വീണ്ടും ആ വഴികൾ നമ്മുടേതാവും.ഓണം ഐക്യപ്പെടലിന്റെ മഹാസംസ്കാരമാണ്.നമ്മുടെ തന്നെ ഇച്ഛയും കർമവുംകൊണ്ട് നമ്മുടെ പൊന്നോണങ്ങൾ നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.
കാലവും ലോകവും അതിവേഗം സഞ്ചരിക്കുകയാണ്.അതിനോടപ്പം ചിലർ ഓടിയെത്തുന്നു.മറ്റു ചിലർ പിറകിൽ ആകുന്നു.കൂടുതൽ പേരുടെ ഓണവും ദൃശ്യമാധ്യമത്തിൽ ചിലവഴിക്കുന്നു.ഭൂരിഭാഗം ആളുകളും മൊബൈൽഫോണുകളിലും സന്ദേശങ്ങളിലും ഓണം ആഘോഷിക്കുന്നു.ഇനി വരുന്ന തലമുറയുടെ ഓണം ചിലപ്പോൾ ഇങ്ങനെ ആകാം.നമ്മുടെ കാലത്തെ ഓണം എത്ര നല്ലതായിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഖിന്നരായി ഇരിക്കുകയല്ല വേണ്ടത്.കാലത്തിനൊപ്പം ഓടുകയാണ് വേണ്ടത്.
ഓണം ഒരിടത്ത് സ്ഥായിയായി നിൽക്കുകയും പുതിയ മനുഷ്യരും പുതിയ കാലവും പുതിയ ചിന്തകളും പുതിയ വ്യാഖ്യാനങ്ങളും ഓണത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാകും നമുക്ക് നല്ലത്.മലയാളിയെ മലയാളിയായി നിലനിർത്തുന്ന അപൂർവം ആഘോഷങ്ങളിൽ ഒന്നാണ് ഓണം.നാം മലയാളിയാണ്, കേരളീയനാണ് എന്ന പ്രാഥമിക ബോധം നമ്മിൽ നിലനിർത്തുന്നത് ഒരു പക്ഷേ ഓണം തന്നെയല്ലേ? മഹത്തായ ഏകത്വദർശനമാണ് ഓണത്തിന്റെ കാതലായ സന്ദേശം.എല്ലാവരും ഒന്നാണെന്ന സമത്വബോധം.
ഓണത്തിന് ജാതിയില്ല,മതമില്ല,വർണ,വർഗ,ലിംഗ ഭേദമേതുമില്ല.എല്ലാവരും മനുഷ്യരാണ്.പുതിയ തലമുറക്ക് ഓണം എന്താണെന്ന് അറിയില്ല എന്ന് പറയാൻ വരട്ടെ.കേരളത്തിലെ പുതുതലമുറ പ്രളയകാലത്ത് കാണിച്ചു തന്ന ഒരുമയുടെയും സഹായങ്ങളുടെയും സന്ദേശമാണ് നമ്മുടെ ഓണത്തിന്റെ പുതിയ സന്ദേശം.പ്രളയത്തിൽ ഒറ്റപ്പെട്ടു കുടുങ്ങിപ്പോയവരെ ജി.പി.എസ്. ഉപയോഗിച്ച് കണ്ടെത്തി രക്ഷിക്കാൻ പുതിയ 'ആപ്' ഉണ്ടാക്കിയ തലമുറ ഓണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുകയാണ്.
ഓർമകളിൽനിന്നും പ്രതീക്ഷകളിലേക്ക് നമ്മെ തൊടുത്തുവിടുന്ന ഓണം കേരളീയ സംസ്കാരത്തിന്റെ വസന്ത പ്രതീക്ഷയാണ്.നന്മയും സമൃദ്ധിയും നാം പ്രതീക്ഷിക്കുന്നത് ഭൗതിക തലത്തിൽ മാത്രമല്ല.മനസ്സിൽ വീശുന്ന ശുദ്ധിയുടെ വെളിച്ചത്തെയാണ് നാം ഓണപ്പുലരിയിൽ കാണാനാഗ്രഹിക്കുന്നത്.ഓണം എന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലത്തിലെ ശ്രാവണമാസം കാരണമാണ്.ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം.ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.ഇനിയും ഏറെ അർത്ഥതലങ്ങൾ ഉണ്ട്,ഐതിഹ്യങ്ങളുണ്ട്.
ഓണത്തിന്റെ ആഘോഷങ്ങളിലും പരിഷ്കാരങ്ങൾ വന്ന് കഴിഞ്ഞു.എന്നാലും ഓണത്തിന്റെ നന്മ കാലാകാലം നിലനിൽക്കും, മലയാളി മൺമറയുന്നത് വരെ.സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും എന്നന്നേക്കുമായി നിലനിർത്തുന്ന ആളുകളായി മാറ്റാൻ ഓണത്തിന് കഴിയട്ടെ.ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും നിറയട്ടെ.