കോതമംഗലം: രണ്ടടിയിൽ താഴെ ദൂരത്തിൽനിന്നു വെടിയേറ്റു. നാലുമണിക്കൂർ നേരം രക്തം വാർന്നുകിടന്നു. ആന ആക്രമിച്ചതെന്നു വരുത്താൻ നെഞ്ചിൽ ചെളിവാരിത്തേച്ചു. പകരം തോക്കു കണ്ടെത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമെടുത്ത കാലതാമസം ജീവനെടുത്തു.

താട്ടേക്കാട് ഞായപ്പിള്ളി വനത്തിൽ കൊല്ലപ്പെട്ട യുവഎഞ്ചിനിയർ ടോണിയുടെ പിതാവ് ഞായപ്പിള്ളി വഴുതനാപ്പിള്ളി മാത്യൂ ജോസഫ്, മകന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അഡ്വക്കേറ്റ് കെ പി വിൽസൺ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ.

മകന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും കാര്യ-കാരണങ്ങൾ സംബന്ധിച്ചും യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കോടതിയിൽ ഹാജരാക്കിയ തോക്ക് കുട്ടമ്പുഴയിലെ നായാട്ടുകാരന്റേതാണെന്നും സംഭവസമയം ഒരുനാടൻ തോക്കും മറ്റൊരു തോട്ടാ തോക്കും കൂടെയുണ്ടായിരുന്നവരുടെ കൈവശം ഉണ്ടായിരുന്നെന്നും മാത്യൂ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ടോണിക്ക് ആനയുടെ ആക്രമണം ഏറ്റിട്ടില്ലെന്നും രണ്ടടിയിൽ താഴെ ദൂരത്തുനിന്നാണ് ടോണിക്ക് വെടിയേറ്റതെന്നും നാലുമണിക്കൂറോളം തുടർച്ചയായി മുറിവിൽ നിന്നും രക്തമൊഴുകിയതിനെത്തുടർന്നാണ് മരണപ്പെട്ടതെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ തന്റെ പ്രതിനിധിയായി എത്തിയ അഭിഭാഷകനോട് വെളിപ്പെടുത്തിയിരുന്നെന്നും സംഭവം സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകളിൽ പലതും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും മാത്യു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്കൽ പൊലീസിനെതിരെ ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സംഭവസ്ഥലത്തുനിന്നും ആംബുലൻസിൽ കയറ്റുമ്പോൾ തന്നെ ടോണി മരിച്ചിരുന്നു എന്നതിന് സ്ഥലവാസികൾ സാക്ഷികളാണ്. എന്നാൽ കുട്ടമ്പുഴ എസ് ഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ള എഫ് ഐ ആറിൽ ടോണി ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ടോണിക്കൊപ്പമുണ്ടായിരുന്ന ബേസിൽ തങ്കച്ചന് സംഭവദിവസം വീഴ്ചയിൽ പരിക്കു പറ്റിയെന്നും വാരിയെല്ല് ഒടിഞ്ഞതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ഇയാൾ വെന്റിലേറ്ററിലാണെന്നും മറ്റും പൊലീസിന്റെ ഭാഗത്തുനിന്നും പ്രചരിപ്പിച്ചിരുന്നു. എന്നാൽ സംഭവം നടന്ന് നാലാം ദിവസം പൊലീസ് ഇയാളെയും മറ്റുപ്രതികളെയും മലമുകളിലെ സംഭവം നടന്ന വനപ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതുൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട വിവരങ്ങളിൽ ഒട്ടുമിക്കതും യഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും പ്രതികളുമായി ചേർന്ന് പൊലീസ് തെളിവുകൾ നശിപ്പിക്കുകയാണെന്നും മാത്യു ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നാലാം തിയതി രാത്രിയാണ് തട്ടേക്കാട് വനത്തിൽ ടോണി ( 26) വെടിയേറ്റ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടോണിയോടൊപ്പമുായിരുന്ന നാട്ടുകാരും സുഹൃത്തുക്കളുമായ ബേസിൽ, ഷൈററ്, അജേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെതിരുന്നു.