കോതമംഗലം: ദുരൂഹതകൾ ബാക്കിനിൽക്കെ, തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപം വനത്തിൽ നായാട്ടിനു പുറപ്പെട്ട സംഘത്തിലെ യുവ എഞ്ചിനിയറുടെ കൊലപാതകം സംബന്ധിച്ച പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം. 

സംഭവത്തിൽ ഉൾപ്പെട്ട ഞായപ്പിള്ളി വാട്ടപ്പിള്ളി ബേസിൽ തങ്കച്ചനെ(25 )ഇന്നലെ രാത്രി കുട്ടമ്പുഴ എസ് ഐ പി ജംഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു. പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികത്സയിലായിരുന്ന ഇയാളെ ഇന്നലെ ഇവിടെ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ഉടൻ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. അജീഷിന്റെ തലയ്ക്കും വാരിയെല്ലുകൾക്കും പൊട്ടലും കൈക്കും കാലിലും മുറിവേറ്റ പരിക്കുകളുമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

നായാട്ടു സംഘത്തിലുണ്ടായിരുന്ന വടക്കേൽ ഷൈറ്റ് ജോസഫ് (25) ചെരുപ്പുവിള രാജേഷ് രാജൻ (20) എന്നിവരെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസ്സിലെ എല്ലാ പ്രതികളും പിടിയിലായെന്നും ഇതുവരെ നടന്ന അന്വേഷണത്തിലും തെളിവെടുപ്പിലും സംഭവത്തെക്കുറിച്ച് ഇവർ നൽകിയ മൊഴി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതായുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

സംഭവത്തിന് ശേഷം ഒളിവിൽപോയ ഷൈറ്റിനെയും അജേഷിനെയും പിൻതുടർന്ന് പിടികൂടുകയായിരുന്നെന്നാണ് പൊലീസ് വാദം. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ നരഹത്യക്ക് കേസെടുത്തിട്ടുള്ളതെന്നും തുടർനടപടികൾ താമസിയാതെ പൂർത്തിയാക്കുമെന്നുമാണ് സംഭവത്തെക്കുറിച്ച് മൂവാറ്റുപുഴ ഡിവൈ എസ് പി ബിജുമോൻ മാദ്ധ്യമങ്ങളുമായി പങ്കുവച്ച വിവരം.

ആന ആക്രമിക്കാനെത്തിയെന്നും ഭയന്നോടുന്നതിനിടയിൽ ഹെഡ്‌ലൈറ്റ് നഷ്ടപ്പെടുകയും ഷൈറ്റിന്റെ കയ്യിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയും ഇതിൽ നിന്നും ടോണിക്ക് പരിക്കേൽകുകയും ചെയ്തന്നാണ് ഷൈറ്റും അജീഷും പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

കഴിഞ്ഞ നാലിനാണ് സംഭവം. ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യൂ(25)വാണ് മരണപ്പെട്ടത്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ തൊപ്പിമുടിക്ക് സമീപം വനത്തിൽ നായാട്ടിനിറങ്ങിയ തങ്ങളെ ആന ഓടിച്ചെന്നും ഇതിനിടയിൽ ഒറ്റപ്പെട്ടുപോയ ടോണിയെ പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നെന്നുമായിരുന്നു സംഭവദിവസം രാത്രി ഇവർ മൂവരും പുറത്തുവിട്ട വിവരം.

ടോണി മരണപ്പെട്ടതായുള്ള വിവരം പുറത്തായ ഉടൻ ഷൈറ്റും അജേഷും നാട്ടിൽനിന്നും മുങ്ങുകയായിരുന്നു.ആക്രമിക്കാനെത്തിയ ആനക്കുനേരെ താൻ നിറയൊഴിച്ചപ്പോൾ അബദ്ധത്തിൽ ടോണിയുടെ കാലിൽ കൊള്ളുകയായിരുന്നു എന്നുള്ള ഷൈറ്റിന്റെ വെളിപ്പെടുത്തൽ മുഖവിലയ്‌ക്കെടുത്താൽ പോലും ഈ സംഭവത്തിൽ കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത നിരവധി വസ്തുതകൾ ഇപ്പോഴും നിലനിൽക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വെടിയേറ്റെന്നു വ്യക്തമായിട്ടും ആനയുടെ ആക്രമണത്താലാണ് മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതും അടുത്ത കാലത്തെങ്ങും ഉപയോഗിക്കാത്ത തോക്കിൽനിന്നാണ് വെടിപൊട്ടിയതെന്ന് പ്രചരിപ്പിച്ചതും ടോണിയുടെ ശരീരത്തിലെ മുറിവിൽ നിന്നും രക്തമൊഴുകുന്നത് തടയാൻ ചെറുനീക്കം പോലും കൂട്ടത്തിലുണ്ടായിരുന്നവർ നടത്താതിരുന്നതുമെല്ലാം മരണത്തിനുപിന്നിലെ ദുരൂഹത വ്യക്തമാക്കുന്നതായിട്ടാണ് പൊതുവേയുള്ള വിലയിരുത്തൽ.

മരണമടഞ്ഞ ടോണിക്കും പരിക്കേറ്റ ബേസിൽ തങ്കച്ചനും നേരെ ആനയുടെ ആക്രമണമുണ്ടായിട്ടില്ലന്ന് ഡോക്ടർമാർ നടത്തിയ ദേഹപരിശോധനയിൽ വ്യക്തമായി. ഇവർ ഇക്കാര്യം പൊലീസിനെ ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ വ്യാഴാഴ്ച വൈകി ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെടിയേറ്റ മുറിവിൽ നിന്നും രക്തം വാർന്നതിനെത്തുടർന്നാണ് ടോണിയുടെ മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.