മെക്ക: വിശുദ്ധ ഹജ് കർമം നിർവഹിക്കുന്ന വേളയിലേക്ക് ലോകത്തെ മുസ്‌ളീം സമൂഹം എത്തുമ്പോൾ ഇറാനിലെ മുസ്‌ലിങ്ങളെ ഹജ് നിർവഹിക്കുന്നതിൽ നിന്ന് വിലക്കി സൗദിയിലെ മുസ്‌ളീം ആത്മീയ നേതാവ്. ദശാബ്ദങ്ങൾക്കിടെ ആദ്യമായാണ് ഒരു രാജ്യത്തെ പൗരന്മാർക്ക് ഹജ് കർമം നിഷേധിക്കപ്പെടുന്നത്. ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള തർക്കം അതിരൂക്ഷമായി മാറുകയാണ്.

കഴിഞ്ഞതവണ ഹജ് വേളയിൽ മെക്കയിൽ തിക്കുംതിരക്കുമുണ്ടായി നിരവധി പേർ മരിച്ച സംഭവത്തെ തുടർന്ന് ഇറാന്റെ ആത്മീയാചാര്യൻ ആയത്തൊള്ള ഖൊമേനി സൗദി രാജകുടുംബത്തെ കഴിവുകെട്ടവർ എന്നുവിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇക്കൊല്ലം മെയ് മാസത്തിൽ ഇറാൻകാരെ ഹജ് കർമ്മം നിർവഹിക്കുന്നതിൽ നിന്ന സൗദി വിലക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ഹജ് നിർവഹിക്കുന്നതിന് തൊട്ടുമുമ്പ് ഇരു രാജ്യങ്ങളിലെയും മതാചാര്യന്മാർതമ്മിൽ വാക്‌പോര് മുറുകുന്നത്. ഇതോടെ പ്രശ്‌നം കടുത്ത രീതിയിലുള്ള സൗദിയിലെ സുന്നി വിഭാഗവും ഇറാനിലെ ഷിയ വിഭാഗവും തമ്മിലുള്ള വിഷയമായി വളരുകയാണ്. സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും ഐസിസ് വിഷയത്തിലും സൗദിയും ഇറാനും എതിർ ചേരികളിലാണെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കഴിഞ്ഞവർഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നൂറുകണക്കിന് തീർത്ഥാടകർ മരിച്ചതോടെ മക്കപോലുള്ള വിശുദ്ധ തീർത്ഥാടനകേന്ദ്രം കൈകാര്യംചെയ്യാൻ സൗദി യോഗ്യരല്ലെന്നാണ് ഖൊമേനി പ്രതികരിച്ചത്. സൗദി ജനങ്ങളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞദിവസം സൗദി രാജകുടുംബം ശപിക്കപ്പെട്ടവരാണെന്നും അവർ ഇസഌമിന്റെ വിശുദ്ധ പ്രദേശം കൈകാര്യംചെയ്യാൻ യോഗ്യരല്ലെന്നും ഖൊമേനി ആവർത്തിക്കുകയായിരുന്നു.

ഇതിനു മറുപടിയായി സൗദിക്കുവേണ്ടി മുഫ്തി ഷേഖ് അബ്ദുൾ അസീസ് പറഞ്ഞത് ഇറാൻകാർ മുസഌമുകളേ അല്ലെന്നാണ്. സുന്നികളാണ് അവരുടെ എതിരാളികളെന്നും അദ്ദേഹം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതോടെ പ്രശ്‌നം ചൂടേറിയ ചർച്ചകൾക്ക് വഴിവയ്ക്കുകയായിരുന്നു.