മലപ്പുറം: മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്‌സാനി. വീട്ടില്‍ പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് ഒരു ചാനലിനോട് പറഞ്ഞു. ആശുപത്രിയില്‍ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നന്നുമാണ് നൗഷാദ് പറഞ്ഞത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേള്‍വിക്കാരന്‍ ആയിരുന്നു ഇയാളെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

പ്രസവം നടന്ന ദിവസവും, സിറാജുദ്ദീന്‍ ഒരു സുഹൃത്ത് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് താന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, അതിന് ഇയാള്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം. അസ്മയുടെ മരണത്തിനിടയാക്കിയത് ഭര്‍ത്താവ് സിറാജുദ്ദീന്റെ അന്ധവിശ്വാസമാണെന്നാണ് വിവരം. വീട്ടില്‍ പ്രസവിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത് സിറാജുദ്ദീനാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്മയുടെ ആദ്യ രണ്ട് പ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീടുള്ള മൂന്ന് പ്രസവവും വീട്ടിലും. അസ്മ അഞ്ചാമത് ഗര്‍ഭം ധരിച്ചത് രഹസ്യമാക്കിവച്ചു. ആശാ വര്‍ക്കറോടുപോലും ഇക്കാര്യം മറച്ചു. ജോലിയുടെ ഭാഗമായി മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ ഒന്നരവര്‍ഷമായി താമസിക്കുന്ന ഇയാള്‍ അയല്‍വാസികളോടുപോലും കാര്യമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.

ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സിറാജുദ്ദീന്‍ ആത്മീയകാര്യം ആകര്‍ഷകമായി സംസാരിക്കുന്നതിനാല്‍ പല സ്ഥലങ്ങളിലുള്ള ആളുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അസ്മ അയല്‍ക്കാരോടുപോലും അടുത്തിടപഴകാതിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. വീട്ടില്‍ വരുന്നവരോട് ജനല്‍പ്പാളിയുടെ മറവില്‍നിന്നാണ് അസ്മ സംസാരിച്ചിരുന്നത്. 'മടവൂര്‍ ഖാഫില' എന്ന യു ട്യൂബ് ചാനലിലൂടെ ഇയാള്‍ മതപ്രഭാഷണം, അന്ധവിശ്വാസം, അശാസ്ത്രീയ ചികിത്സ എന്നിവ നടത്തി. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതും അതുമായി ബന്ധപ്പെട്ട ശാസ്ത്രവിരുദ്ധ വീഡിയോകളും യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു.

അസ്മയുടെ പ്രസവത്തിന് വയറ്റാട്ടിയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. രക്തസാവ്രം ഉണ്ടായെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. മറുപിള്ള നശിപ്പിച്ച് തെളിവുകള്‍ ഇല്ലാതാക്കാന്‍ സിറാജുദ്ദീന്‍ ശ്രമിച്ചു. വയറ്റാട്ടി, മൃതദേഹം പെരുമ്പാവൂരിലേക്ക് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോവാന്‍ സഹായിച്ച സുഹൃത്തുക്കള്‍ എന്നിവരെ പൊലീസ് ചോദ്യംചെയ്തേക്കും.

അന്ധവിശ്വാസങ്ങളും വീട്ടിലെ പ്രസവവും പ്രോത്സാഹിപ്പിക്കാനായി പ്രതി ചില വാട്‌സാപ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രതി ഉള്‍പ്പെട്ട ഇത്തരം നവമാധ്യമ ഗ്രൂപ്പുകളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് പ്രതി നടത്തിയ മറ്റു ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വിവരശേഖരണത്തിന്ന് ആരോഗ്യവകുപ്പിന്റെ സേവനവും പൊലീസ് തേടി.

അതേസമയം, കേസില്‍ പൊലീസ് തെളിവെടുപ്പ് ഇന്നും തുടരും. സിറാജുദ്ദീനെ ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് ഇന്നലെയും തെളിവെടുത്തിരുന്നു. വീട്ടില്‍ എങ്ങനെ, എവിടെ വെച്ചാണ് സംഭവമെന്ന് സിറാജുദ്ദീന്‍ പൊലീസിന് വിവരിച്ചു നല്‍കിയിരുന്നു. ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ അടുത്ത ദിവസം തന്നെ മലപ്പുറം പൊലീസ് പെരുമ്പാവൂരിലേക്ക് തിരിക്കും. അസ്മയുടെ ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കും.

നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പൊലീസാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീന്‍ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഇതിനിടെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടുപോകാന്‍ സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയതെന്ന് ആബുലന്‍സ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. സിറാജുദ്ദീന്‍ ഉള്‍പ്പെട്ട നവ മാധ്യമ കൂട്ടായ്മയെക്കുറിച്ചും വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അസ്മ അന്ധവിശ്വാസത്തിന്റെ ഇരയാകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മതഗ്രന്ഥത്തില്‍ പാണ്ഡിത്യമില്ലാത്ത അസ്മയുടെ ഭര്‍ത്താവ് സിറാജുദീന്‍ പിരിവിനുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മന്ത്രവാദത്തിന്റെ മാതൃകയില്‍ ജിന്നിനെ ഒഴിപ്പിക്കല്‍, വീട്ടിലെ ദുരിതങ്ങള്‍ മാറ്റല്‍ തുടങ്ങിയ സിദ്ധികള്‍ സ്വയം പ്രചരിപ്പിച്ചു. വീട്ടിലെ പ്രസവം എല്ലാവരും മാതൃകയാക്കണമെന്നാണ് ഇയാളുടെ ഉപദേശം. 4.100 കിലോയുള്ള ആണ്‍കുഞ്ഞിന്റെ പ്രസവം എടുത്തതും സിറാജുദീന്‍ തന്നെയാണെന്ന് പറയുന്നു.

കുഞ്ഞ് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞിന് ആശുപത്രിയിലെത്തിക്കുംമുമ്പ് ജീവന്‍ നിലനിര്‍ത്താന്‍ സംസം വെള്ളമാണ് കൊടുത്തത്. സിറാജുദീന്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചും മടവൂര്‍ കാഫില എന്ന യുടൂബ് ചാനലിലെ വരുമാനംകൊണ്ടും അടുത്തിടെ ബെന്‍സ് കാര്‍ സ്വന്തമാക്കിയിരുന്നു. അതിന് പെട്രോള്‍ നിറയ്ക്കാന്‍വരെ പിരിവെടുത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.