അമ്പലപ്പുഴ: അനധികൃതമായി നിലം നികത്തുന്നതിനായി പാസില്ലാതെ എട്ട് ടോറസുകളിലായി കൊണ്ടു വന്ന ഗ്രാവൽ പൊലീസ് പിടികൂടി. പുന്നപ്ര സിഐ കെ എസ് പ്രതാപ് ചന്ദ്രൻ, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇവ പിടികൂടിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് പടിഞ്ഞാറ് വശത്ത് നിലം നികത്തിയിരുന്നു.

ഇതിന്റെ രേഖകൾ പരിശോധിക്കുന്നതിനായി പുന്നപ്ര പൊലീസിടപെട്ട് ഈ നിലം നികത്തൽ നിർത്തിവയ്‌പ്പിച്ചിരുന്നു. ഇതിന് എതിർ വശത്തുള്ള സ്ഥലത്താണ് അനധികൃതമായി നിലം നികത്താനായി എട്ട് ടോറസുകളിലായി പാസില്ലാത്ത ഗ്രാവൽ എത്തിച്ചത്.

രാവിലെ പുന്നപ്ര ജംഗ്ഷന് സമീപം ഒന്നര മണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ലോറി ജീവനക്കാർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ലോറികളും ഗ്രാവലും ആർഡിഒയ്ക്ക് കൈമാറുമെന്ന് സിഐ പറഞ്ഞു.