തൃശൂർ: മുപ്പതുകോടിയിലേറെ രൂപയുടെ തട്ടിപ്പിനു പിന്നിൽ മാള പുത്തൻച്ചിറ കുര്യാപ്പിള്ളി വീട്ടിൽ സാലിഹ എന്ന യുവതി മാത്രമാണെന്ന് പൊലീസ് കരുതുന്നില്ല. സ്ഥാപനത്തിന്റെ എം.ഡി സ്ഥാനത്ത് ഇവരായിരുന്നെങ്കിലും വിദേശത്തുള്ള സൃഹൃത്തായിരുന്നു പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് പുറകിലെന്ന് സംശയിക്കുന്നു.

അഷ്ടമിച്ചിറ സ്വദേശിയായ ഇയാളും കേസ്സിൽ പ്രതിസ്ഥാനത്തു വന്നേക്കും. സാലിഹയുടെയും സ്ഥാപനത്തിന്റെയും പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ സൈബർ സെൽ വിശദമായ അന്വേഷണം തുടരുകയാണ്.

പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നവമാദ്ധ്യമങ്ങൾ വഴി വിദേശത്തുവരെ തട്ടിപ്പ് വാർത്ത വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുള്ള സുഹൃത്തിന്റെ സമീപത്തുനിന്നും യുവതിക്ക് തിരിച്ചുപോരേണ്ടിവന്നത്. വിയൂർ വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സാലിഹയെ കസ്റ്റഡിയിലെടുത്തതിനുശേഷം മാത്രമെ പൊലീസിനും കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയൂ.

സാലിഹ പഠിപ്പ് കഴിഞ്ഞ ഉടനെ തൊഴിൽതേടി ഇറങ്ങുകയും ചെറുപ്രായത്തിൽ തന്നെ സ്വന്തം സ്ഥാപനം ആരംഭിക്കുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ബി.ബി.എ പഠനം പൂർത്തിയാക്കി. തുടർന്ന് ഇതേ രീതിൽതന്നെ എംബിഎ കോഴ്സും പഠിച്ചു. കുറച്ചുകാലം എറണാകുളത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അതുപേക്ഷിച്ചാണ് തൃശൂരിനടുത്തുള്ള കൂർക്കഞ്ചേരിയിൽ ഇൻവെസ്റ്റമെന്റ് സൊലൂഷൻസ് ആൻഡ് സർവീസസ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. ആർഭാടജീവിതം ഇഷ്ടപ്പെട്ടിരുന്ന യുവതി അതിനായി പണം ചെലവഴിക്കാൻ മടിച്ചിരുന്നില്ല. രാജ്യത്തും വിദേശത്തുമുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അവിവാഹിതയായ ഈ ഇരുപത്തൊമ്പതുകാരി സന്ദർശിച്ചിരുന്നു.

മാന്യമായ രീതിയിൽ നിക്ഷേപകരുമായി ഇടപെടുകയും മുസ്ലിം സ്ത്രീ എന്ന പരിഗണന ലഭിക്കുകയും ചെയ്തത്, പ്രവാസികളുടെയും നാട്ടുകാരുടെയും വൻ നിക്ഷേപങ്ങൾ സ്ഥാപനത്തിന് ലഭിക്കാൻ കാരണമായി. ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുള്ള ചെറിയ പരിചയം വലിയ തട്ടിപ്പിന് മുതൽക്കൂട്ടാകുകയായിരുന്നു. ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുവെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. 2010 മുതൽ നാലുവർഷത്തോളം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയ സ്ഥാപനത്തിന് പിന്നീട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒരു ലക്ഷം രൂപക്ക് മാസം പതിനായിരം രൂപയാണ് ആദ്യഘട്ടത്തിൽ ലാഭവിഹിതം നൽകിയിരുന്നത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു നടന്ന ടോട്ടൽ ഫോർ യു തട്ടിപ്പിന്റെ സമാനരീതി തന്നെയായിരുന്നു സാലിഹയുടേതും. തൃശൂർ നഗരത്തിൽ ആഡംബര വില്ലയും പുത്തൻച്ചിറയിൽ വീടുമെല്ലാം സമ്പാദിച്ചെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ കരൂപ്പടന്നയുള്ള അബ്ദുൾ മജീദ് തന്റെ ഒന്നരകോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് കഥകൾ ഒന്നൊന്നായി പുറത്തുവന്നത്. അറസ്റ്റു വിവരം അറിഞ്ഞ് പലരും പരാതികളുമായി പൊലീസിനെ സമീപിക്കുന്നുണ്ട്.