ചെന്നൈ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ചകളിലെ വാക്‌സിൻ ക്യാമ്പ് ശനിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യനാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഓമിക്രോൺ സ്ഥിരീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾ വീട്ടുനിരീക്ഷണത്തിൽ തുടരണമെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു.

തമിഴ്‌നാട്ടിൽ 2731 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരികരിച്ചത്. ഒമ്പത് മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈ ഉൾപ്പടെ അഞ്ച് ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം 1400ഓളം പേർക്ക് ചെന്നൈയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള നടപടികളെല്ലാം തമിഴ്‌നാട്ടിൽ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന ആറ് ജില്ലകളിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അതിർത്തി ചെക്‌പോസ്റ്റുകളിൽ മൃഗക്ഷേമ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.