കൽപറ്റ: എക്കാലത്തും യു.ഡി.എഫിന്റെ ഉറച്ചകോട്ടയായാണ് വയനാട ് ജില്ല അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ള മൂന്നു സീറ്റുകളും യു.ഡി.എഫിനായിരന്നു. എന്നാൽ തദ്ദേശ തെരഞ്ഞെപ്പിൽ യു.ഡി.എഫ് തോറ്റ് ഞെട്ടിയ ജില്ലകൂടിയാണിത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ പേരിൽ തൂങ്ങിമരിച്ച പി.വി ജോൺ എന്ന കോൺഗ്രസ് നേതാവിന്റെ മരണത്തിന്റെ അലയൊലികൾ ഇപ്പോഴും മാഞ്ഞിട്ടില്ല. ആകെയുള്ള മൂന്നിൽ രണ്ട് മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളിൽ എഴുപത്തഞ്ച് ശതമാനവും തദ്ദേശത്തിൽ സ്വന്തമാക്കില ഇടതുമുന്നി ആ നേട്ടം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. കൽപ്പറ്റ,സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ ജില്ലയിലെ മൂന്ന് നിയമസഭാമണ്ഡലങ്ങളിലും യു.ഡി.എഫ് വിയർക്കുന്ന കാഴ്ചയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.സംസ്ഥാന ഭരണത്തിൽ വ്യാപകമായ അഴിമതിയും വയനാടിന്റെ വികസനപിന്നോക്കാവസ്ഥയും കാർഷിക വിലത്തകർച്ചയുമെല്ലാം ചൂണ്ടിക്കാട്ടി ഇടതുപക്ഷം നടത്തുന്ന പ്രചാരണത്തിന് വലിയ പിന്തുണയാണ് കിട്ടുന്നത്. ബിജെപിയാവട്ടെ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനുവിന്റെ പിന്തുണയോടെ നിലമെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഗേത്രമഹാസഭയിൽ ഉണ്ടായ ഭിന്നിപ്പുകാരണം ഇത് എത്രത്തോളം ഫലപ്രദമാവുമെന്നും കണ്ടറിയേണ്ടതുണ്ട്.

കൽപ്പറ്റയിലാണ് എറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. ഹാട്രിക് ജയം തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ജെ.ഡി.യുവിലെ എം വി ശ്രേയാംസ്‌കുമാറിനെതിരെ സിപിഐ(എം) ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രൻ കന്നിയങ്കത്തിന് കച്ചമുറുക്കിയതോടെയാണ് കൽപറ്റയിൽ പോരാട്ടം കടുത്തത്. ഇക്കുറി ഒന്നു പിന്നോട്ടാഞ്ഞുപോയാൽ പിടിവിട്ടുപോകുമെന്ന് ഐക്യമുന്നണിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ വൈകി രംഗത്തിറങ്ങിയ യു.ഡി.എഫ് തിരക്കിട്ട കൂടിയാലോചനകളിലും തന്ത്രങ്ങളിലുമാണ്. മണ്ഡലത്തിൽ മൂന്നിലൊന്നു വരുന്ന ന്യൂനപക്ഷവോട്ടുകളിൽ സിംഹഭാഗവും അനുകൂലമായി പോൾ ചെയ്യപ്പെടുന്നതാണ് കൽപറ്റയിൽ പരമ്പരാഗതമായി യു.ഡി.എഫിന്റെ ശക്തി. എന്നാൽ, മാതൃഭൂമിയുടെ പ്രവാചക നിന്ദാവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന ആശങ്ക മുൻനിർത്തി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധവും തുടങ്ങിയിട്ടുണ്ട്്.

അടിസ്ഥാനപരമായി വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് ഇവിടുത്തെ സ്ഥാനാർത്ഥികൾ. ഒരുവശത്ത്, ഊർജസ്വലനും ക്രിക്കറ്റ് പ്രേമിയും ടെക്‌നോളജിയിൽ തൽപരനുമായ സിറ്റിങ് എംഎ‍ൽഎ. മറുവശത്ത്, ആദിവാസികളുടെയും തോട്ടംതൊഴിലാളികളുടെയും കർഷകരുടെയും അവകാശസമരങ്ങളിൽ മുന്നണിയിലുള്ള ക്ഷീരകർഷകൻ. ചെരുപ്പുപോലും ഉപയോഗിക്കായെ തനി 'പച്ച മനുഷ്യനായ' ശശീന്ദ്രന്റെ ഇമേജ് ശ്രേയാംസിന് വെല്ലവിളിയാവുന്നുണ്ട്. ജില്ലയിൽ തങ്ങളുടെ ഏറ്റവും കരുത്തനായ നേതാവിനെ സ്ഥാനാർത്ഥിയായി ലഭിച്ചതോടെ ഇടതുമുന്നണി ആവേശത്തിലാണ്. ഈ ആവേശം അവരുടെ പ്രവർത്തനത്തിലും പ്രതീക്ഷകളിലുമുണ്ട്. 'നമ്മളിലൊരാൾ' എന്ന വിശേഷണവുമായാണ് ശശീന്ദ്രനെ ഇടതുപക്ഷം അവതരിപ്പിക്കുന്നത്.

അതേസമയം സാമൂഹിക മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും ഹൈടെക് പ്രചാരണ രീതികളിലൂടെയുമാണ് ശ്രേയാംസ് മുന്നേറുന്നത്. 'ഉറപ്പ്: വാക്കും വികസനവും' എന്ന തലക്കെട്ടിൽ പ്രചാരണം നടത്തുന്ന യു.ഡി.എഫ് ന്യൂജെൻ വോട്ടുകളെ കാര്യമായി ഉന്നമിടുന്നുണ്ട്. ബിജെപിക്ക് മുൻ ജില്ലാ പ്രസിഡന്റ് കെ. സദാനന്ദനാണ് സ്ഥാനാർത്ഥി. പൊതുരംഗത്ത് സജീവമായ സദാനന്ദൻ ബിജെപിയിൽ സ്വീകാര്യതയുള്ള നേതാക്കളിലൊരാളാണ്. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ സ്വന്തം വോട്ടുകൾ താമരയിൽ ഉറപ്പിക്കാനുള്ള ശ്രമമമാണ് ബിജെപി നടത്തുന്നത്.

സംവരണ മണ്ഡലമായ മാനന്തവാടിൽ മന്ത്രി പി.കെ ജയലക്ഷ്മിയും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.ഇവിടെ ഇത്തവണ പോര് കുടുംബക്കാർ തമ്മിലാണ്. പി.കെ. ജയലക്ഷ്മിനേരിടാൻ എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത് അവരുടെ പിതാവ് കുഞ്ഞാമന്റെ ജ്യേഷ്ഠൻ വെള്ളന്റെ മകൾ ശാന്തയുടെ ഭർത്താവ് ഒ.ആർ. കേളുവിനെയാണ്. അതായത്, മത്സരം സഹോദരിയും സഹോദരനും തമ്മിലാണ്.

2011ൽ കന്നിയങ്കത്തിലൂടെ 12,734 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച് മന്ത്രിയുമായതിന്റെ ആത്മവിശ്വാസത്തിലും മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മണ്ഡലത്തിലുണ്ടാക്കിയ വികസന നേട്ടം എണ്ണിപറഞ്ഞുമാണ് ജയലക്ഷ്മിയുടെ വോട്ടഭ്യർഥന. 2006-2011 കാലയളവിൽ സിറ്റിങ് എംഎൽഎയായ  കെ.സി. കുഞ്ഞിരാമനെ മലർത്തിയടിച്ചാണ് അന്ന് കന്നിക്കാരിയായ ജയക്ഷ്മിയുടെ വിജയം.  മന്ത്രി സുപരിചിതയായതിനാൽ പുതിയ വോട്ടർമാർക്കുപോലും അറിയാമെന്നത് നേട്ടമാണ്.

പക്ഷേ, ഉമ്മൻ ചാണ്ടി ഭരണത്തിലെ അഴിമതികളുടെ കഥകളാണ് എൽ.ഡി.എഫിന്റെ മുഖ്യപ്രചാരണ വിഷയം. സ്വാഭാവികമായും മന്ത്രിയെന്ന നിലയിൽ ജയലക്ഷ്മിയും അതിന് മറുപടി പറയേണ്ടിവരും. ആദ്യഘട്ടത്തിൽ ജയലക്ഷ്മിക്കെതിരെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധവും യു.ഡി.എഫിന് തലവേദനയായിരുന്നു. മന്ത്രി ആർഎസ്എസ് ആണെന്ന കടുത്ത ആരോപണമുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പോസ്റ്റർ ഒട്ടിക്കവരെ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. അടിസ്ഥാനമേഖലയിലെ പിന്നാക്കാവസ്ഥയും ആദിവാസിമേഖലയിലെ ദുരിതവുമെല്ലാം എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നുണ്ട്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മാനന്തവാടി നഗരസഭയുടെയും മൂന്നു പഞ്ചായത്തുകളുടെയും ഭരണം എൽ.ഡി.എഫ് കൈകളിലാണ്. മൂന്നു പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിന്റെ പക്കലുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കുത്തകമണ്ഡലമായ മാനന്തവാടിയിൽ 8666 വോട്ടുകൾക്ക് മുന്നിലത്തൊൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. രണ്ടുതവണ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ബ്‌ളോക് പഞ്ചായത്തംഗവുമെന്ന പരിചയ സമ്പത്തുമായാണ് ഇടതുസ്ഥാനാർത്ഥി ഒ.ആർ. കേളു കളത്തിലിറങ്ങിയിരിക്കുന്നത്. കൂടാതെ, സിപിഐ(എം) ഏരിയാ കമ്മിറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ നിലകളിലുള്ള സംഘടനാപ്രവർത്തന പരിചയവുമുണ്ട്.

2011ൽ 5732 വോട്ടുകളാണ് ബിജെപി മാനന്തവാടിയിൽ നേടിയത്. യുവാവും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ മോഹൻദാസിനെ മത്സരരംഗത്തിറക്കിയതോടെ വോട്ടുനില വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തിലെ നിർണായകമായ ആദിവാസി വോട്ടുകൾ ഏത് പെട്ടിയിൽ വീഴുമെന്നത് അനുസരിച്ചായിരിക്കും ജയപരാജയങ്ങൾ. മന്ത്രി ജയലക്ഷ്മിയും കേളുവും കുറച്യസമുദായത്തിൽ പെട്ടവരായതുകൊണ്ട് കുറുമ്മരും പണിയരും അടക്കമുള്ള ആദിവാസികളുടെ വോട്ട് തങ്ങൾക്ക് തുണയാവുമെന്നാണ് ബിജെപി കരുതുന്നത്.

സി.കെ ജാനുവിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ സുൽത്താൻ ബത്തേരിയിലും യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമല്ല. സിറ്റിങ് എംഎ‍ൽഎയായ കോൺഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണനെ നേരിടുന്നത് സിപിഐ.എമ്മിലെ രുഗ്മണി സുബ്രമണ്യനാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയം കണ്ട് യു.ഡി.എഫ് ഞെട്ടിയ മേഖലയാണിത്.ഇത്തവ നിയമസഭയിലും അത് ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയയാ സി.കെ ജാനു എത്ര വോട്ട് പിടക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ജാനുവിന് സ്വാധീനമുള്ള പണിയപുലയ ആദിവാസി സമൂഹത്തിൽ സിപിഐ.എമ്മിനാണ് സ്വാധീനം കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ജാനുപിടിക്കുന്ന വോട്ടുകൾ ഇവിടെ ഇടതുമുന്നണിക്കാണ് ദോഷമാവുക. എന്നാൽ പുതിയ രാഷ്ട്രീയമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസികൾ ജാനുവിനെ തള്ളിപ്പറഞ്ഞിരിക്കയാണെന്നും, മുമ്പ് ബിജെപി പിന്തുണയോടെ പഞ്ചായത്തിലേക്ക് മൽസരിച്ചപ്പോൾ ഇവർക്ക് വെറും 14വോട്ടാണ് കിട്ടിയതെന്നും എൽ.ഡി.എഫ് തിരച്ചടിക്കുന്നു.