തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂർണ വാക്സിനേഷൻ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളിൽ ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ ഡെസ്റ്റിനേഷനുകളും പൂർണമായി വാക്സിനേറ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ഇതാവശ്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പൂർണ പിന്തുണയാണ് നൽകിയത്. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂർണ വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് സംസ്ഥാന പ്രധാനപ്പെട്ട മുഴുവൻ വിനോദ സഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. മന്ത്രി പറഞ്ഞു.

വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി ആദ്യ ഡോസ് വാക്‌സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേർക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്‌സിൻ നൽകുന്നത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂൾ, ചുണ്ടേൽ ആർ.സി.എൽ.പി സ്‌കൂൾ എന്നീ രണ്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പഞ്ചായത്തിൽ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ സമ്പൂർണ്ണ വാക്‌സിനേഷൻ നേടുന്ന ആദ്യ ഗ്രാമ പഞ്ചായത്തായി വൈത്തിരി മാറും.

സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോർ യൂ വിദഗ്ധ ഡോക്ടർമാരും സ്റ്റാഫുമടങ്ങുന്ന മൂന്ന് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകളെ ഇതിനായി അനുവദിച്ചിട്ടുണ്ട്. പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും , വയനാട് ടൂറിസം ഓർഗനൈസേഷനും (ഡബ്ലിയു.ടി ഒയും) പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

ഉദ്ഘാടന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ജില്ലാ പ്ലാനിങ് ഓഫീസർ സുഭദ്ര നായർ, ഡി.പി.എം ഡോ. അഭിലാഷ്, ആർ.സി.എച്ച്. ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ, സുഗന്ധഗിരി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജോയ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ വി. മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു.