- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടികളുടെ സമ്മേളനങ്ങൾക്കും മറ്റും നിയന്ത്രണമില്ലെന്നിരിക്കെ പുതുവത്സര ആഘോഷങ്ങൾക്കും ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമുള്ള നിയന്ത്രണം ഇരുട്ടടി; രാത്രികാല നിയന്ത്രണങ്ങളിൽ എതിർപ്പുമായി ടൂറിസം മേഖല
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങളിൽ എതിർപ്പുമായി ടൂറിസം മേഖല. പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം വരുമെന്നായതോടെ ഹോട്ടലുകളിലും റിസോർട്ടുകളിലും ട്രാവൽസുകളിലും ഈ ദിവസങ്ങളിലെ ബുക്കിങ് റദ്ദാക്കിത്തുടങ്ങി. ഈ അപ്രതീക്ഷിത നടപടികൾ വിനോദസഞ്ചാരമേഖലയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന് സംരംഭകർ അഭിപ്രായപ്പെട്ടു.
അടച്ചിടലിനുശേഷം തുറന്ന ടൂറിസംമേഖലയിൽ ഏറ്റവും ഉണർവും വരുമാനവും പ്രതീക്ഷിച്ചത് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നശേഷം ഹോട്ടലുകളിലും റിസോർട്ടുകളിലും പൂർണ ബുക്കിങ് നടന്നത് ഡിസംബർ 24, 25 തീയതികളിലും പുതുവത്സര ആഘോഷങ്ങൾക്കായി ചൊവ്വാഴ്ചമുതൽ ജനുവരി ഒന്നുവരെയുമാണ്.
നിയന്ത്രണങ്ങൾ നിരാശയുണ്ടാക്കുന്നതാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറഞ്ഞു. നിർണായകമായ നാലുദിവസങ്ങളാണ് നഷ്ടമാകുന്നത്.
പാർട്ടികളുടെ സമ്മേളനങ്ങൾക്കും മറ്റും നിയന്ത്രണമില്ലെന്നിരിക്കെ പുതുവത്സര ആഘോഷങ്ങൾക്കും ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമുള്ള നിയന്ത്രണം ഇരുട്ടടിയാണെന്ന് ക്ലാസിഫൈഡ് ഹോട്ടൽ ആൻഡ് റിസോർട്ട് അസോസിയേഷൻ ഓഫ് കേരള ജനറൽസെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ പറഞ്ഞു.
സർക്കാർതീരുമാനം വന്നപ്പോൾത്തന്നെ വിദേശികളുടെ ബുക്കിങ് റദ്ദാക്കിത്തുടങ്ങിയത് വലിയനഷ്ടം വരുത്തുകയാണെന്ന് കേരള വോയേജ് ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. ജോർജ് സ്‌കറിയ പറഞ്ഞു. കേരളത്തിൽ സൗകര്യമില്ലെങ്കിൽ പുതുവത്സര ആഘോഷത്തിന് ജനം അയൽസംസ്ഥാനങ്ങളിലേക്കു പോകും, പണം അവർക്കു കിട്ടും -അദ്ദേഹം പറഞ്ഞു.