ല്ലാ ദുഃഖങ്ങളും ഇറക്കി വയ്ക്കുന്നതിനുള്ള അഭയസ്ഥാനങ്ങളായിട്ടാണ് ചർച്ചുകളെ മിക്കവരും കാണുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിലെ ചർച്ചുകളും സുരക്ഷിതമല്ലെന്നാണ് ഫ്രാൻസിലെ നോർമാഡിയിലെ ചർച്ചിൽ നടന്ന ഐസിസ് ആക്രമണം നടത്തി വൈദികനെ കഴുത്തറത്തുകൊന്നതിലൂടെ വ്യക്തമായിരിക്കുന്നത്. ഫ്രാൻസിൽ തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഐസിസ് തങ്ങളുടെ അടുത്ത ലക്ഷ്യം ലണ്ടനും വാഷിങ്ടണുമാണെന്ന ഭീഷണിയാണിപ്പോൾ മുഴക്കിയിരിക്കുന്നത്. ഇതോടെ വിവിധ യൂറോപ്യൻ നഗരങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹം നിലച്ച മട്ടാണിപ്പോഴുള്ളത്. ഇത്തരം ആക്രമണങ്ങളിൽ പലപ്പോഴും ഭാഗഭാക്കാകുന്നത് സ്വന്തം നാട്ടിലെ ഭീകരരാണെന്നത് പാശ്ചാത്യ ലോകത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

പടിഞ്ഞാറൻനാടുകളിലെ ഒരു ചർച്ചിൽ ഇതാദ്യമായിട്ടാണ് ഐസിസ് കയറി ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. ഇതോടെ ചർച്ചുകൾ തങ്ങളുടെ പ്രധാന ആക്രമണലക്ഷ്യങ്ങളാണെന്ന വ്യക്തമായ സൂചനയാണ് ഐസിസ് നൽകിയിരിക്കുന്നത്. യുകെയും തങ്ങളുടെ അടുത്ത ലക്ഷ്യത്തിൽ ഉൾപ്പെടുന്നുവെന്ന് ഐസിസ് ഭീഷണി മുഴക്കിയതോടെ ബ്രിട്ടനിലെ 47,000 ചർച്ചുകളും ഐസിസ് ആക്രമണഭീതിയിലായിരിക്കുകയാണ്. പൊലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പേകിയിട്ടുമുണ്ട്. ഇതിനെ തുടർന്ന് ചർച്ചുകൾക്കുള്ള സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുമുണ്ട്. ലണ്ടനാണ് അടുത്ത ലക്ഷ്യമെന്ന് ഐസിസ് ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് എസ്ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പ് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. തങ്ങൾ അടുത്ത് തന്നെ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ സൂചനകൾ മെസേജിങ് ആപ്പായ ടെലിഗ്രാമിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യമാണ് അതിലൊന്ന്. ഇതിനൊപ്പം വാഷിങ്ടൺ സൂൺ എന്ന ഭീഷണിപ്പെടുത്തുന്ന വാചകങ്ങളും കാണാം.

നോർമാഡിയിലെ സെന്റ് എറ്റിനെ ഡു റൗവറി ചർച്ചിന് പുറമെ ഫ്രാൻസിലെ മറ്റ് ചർച്ചുകൾക്ക് നേരെയും കടുത്ത ആക്രമണം നടത്താൻ ഐസിസ് ചൊവ്വാഴ്ച അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. ഏപ്രിലിൽ പിടിയിലായ ഐസിസ് തീവ്രവാദിയിൽ നിന്നും പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റിൽ ഈ ചർച്ചിന് പുറമെ തങ്ങൾ ലക്ഷ്യമിടുന്ന ഫ്രാൻസിലെ മറ്റ് ചില ചർച്ചുകളുടെയും പേരുകളുമുണ്ടായിരുന്നു.ചർച്ചുകൾക്ക് നേരെ ഇത്തരത്തിൽ ആക്രമണസാധ്യത വർധിച്ചതിൽ ആശങ്ക രേഖപ്പെടുത്തി ചൊവ്വാഴ്ച ഫ്രാൻസിലെ ചർച്ച് ലീഡർമാർ ഒരുമിച്ച് ചേരുകയും സുരക്ഷാ നടപടികൾ വർധിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.ചർച്ച് ആക്രമണത്തെയും പുരോഹിതന്റെ കൊലപാതകത്തെയും പോപ്പ് ഫ്രാൻസിസ് അപലപിച്ചിട്ടുണ്ട്. 

ഇത്തരത്തിൽ പാശ്ചാത്യ നഗരങ്ങൾക്ക് നേരെ ഐസിസ് തങ്ങളുടെ ആക്രമണഭീഷണി വർധിപ്പിച്ചതിനെ തുടർന്ന് ലണ്ടൻ,പാരീസ്, ബ്രസൽസ്, ആംസ്ട്രർഡാം, ഇസ്താംബുൾ,തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. ഇതിന് പുറമെ യൂറോപ്പിലാകമാനം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ അടുത്ത ദിവസങ്ങളിലായി ബിസിനസിൽ വൻ കുറവാണുണ്ടായിരിക്കുന്നതെന്നാണ് ഹോട്ടൽ ശൃംഖലകൾ, എയർലൈനുകൾ, ടൂർ ഓപ്പറേറ്റർമാർ, ലക്ഷ്വറി റീട്ടെയിലർമാർ തുടങ്ങിയവർ വെളിപ്പെടുത്തിയിരിക്കുന്നത്.

ജർമനി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾ ഉണ്ടായതിന്റെ പ്രത്യാഘാതമാണിത്. സമ്മർ സീസണിൽ തന്നെ പാരീസിലെ ഹോട്ടലുകളിൽ താമസിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം ശരാശരിയിലും താഴെയായിരുന്നുവെന്നും നൈസിലെ ആക്രമണത്തിന് ശേഷം ഇത് വീണ്ടും താഴോട്ട് പോയെന്നുമാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നൈസിലെ ആക്രമണത്തിന് ശേഷം ലണ്ടനിലെ ഹോട്ടലുകളിൽ താമസിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ 2.7ശതമാനവും ആംസ്ട്രർഡാമിൽ 8.3 ശതമാനവും കുറവുണ്ടായെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.ആക്രമണത്തിന് ശേഷം നൈസിലേക്ക് വിമാനം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ 57 ശതമാനവും ഫ്രാൻസിലേക്കുള്ള റിസർവേഷനിൽ 20 ശതമാനവും ഇടിവുണ്ടായെന്നാണ് ഫ്ലൈറ്റ് ബുക്കിങ്സ്, ട്രാവലർ ഡാറ്റ് അനലിസ്റ്റായ ഫോർവാർഡ്കീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രാൻസിലേക്കുള്ള ഹോളിഡേ ബുക്കിംഗിൽ മൊത്തത്തിൽ 11 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബെൽജിയത്തിലേക്കുള്ള റിസർവേഷനിൽ 23 ശതമാനവും തുർക്കിയിലേക്കുള്ള റിസർവേഷനിൽ 31 ശതമാനവും കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഇതേ സമയം ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗിൽ 7.8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016ൽ ഇതുവരെയുള്ള കാലത്തിനിടയിൽ യൂറോപ്പിലാകമാനം നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് യൂറോപ്യൻ ടൂറിസം മേഖലയിൽ ഭീതി പരന്നിരിക്കുന്നത്. ഇതുവരെയായി ഈ വർഷം 172 പേരാണ് യൂറോപ്പിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.