- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര ടൂറിസ്റ്റ് ബസ് കിലോ 45 രൂപ; കൊച്ചിയിലെ റോയൽ ട്രാവൽസ് ഉടമ റോയ്‌സൺ ജോസഫ് ബസുകൾ വിൽക്കുന്നത് ആക്രി വിലയ്ക്ക്; വയറ്റത്തടിച്ചത് കോവിഡും അടച്ചിടലും; അധിക പാരയായി ഞായറാഴ്ച ലോക്ഡൗണും; അരി മേടിക്കാൻ മറ്റുമാർഗ്ഗമില്ലെന്ന് റോയ്സൺ
കൊച്ചി: 'സാധാരണ ഫെബ്രുവരിയിൽ മൂന്നാറിലേക്കുളേള റോഡിൽ വൻതിരക്കായിരിക്കും. ഇപ്പോൾ ആളനക്കമില്ല. ഈയാഴ്ചയിൽ, കഴിഞ്ഞ നാല് ദിവസം മൂന്ന് ടൂറിസ്റ്റ് ബസുകൾക്ക് മാത്രമാണ് മൂന്നാറിലേക്ക് ട്രിപ്പ് കിട്ടിയത്.'കൊച്ചിയിലെ റോയൽ ട്രാവൽസ് ഉടമ റോയ്‌സൺ ജോസഫ് ഇത് സങ്കടത്തോടെ പറയുമ്പോൾ അറിയാം, സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരുടെ ദുരവസ്ഥ.
ആഡംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ എന്ന വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നുകഴിഞ്ഞു. വാഹനത്തിന് കിലോ 45 രൂപയാണ് വിലയിട്ടിരിക്കുന്നത്. റോയിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലായതോടെ ആണ് പലർക്കും ഈ രംഗത്തിന്റെ തകർച്ച ബോധ്യമായത്. കോവിഡ് പ്രതിസന്ധിക്ക് പുറമേ വലിയൊരു തിരിച്ചടിയായത്, ഞായറാഴ്ച ലോക്ഡൗണാണ്. കൊച്ചി വിമാനത്താവളത്തിൽ നിന്നും സഞ്ചാരികളെ സ്വീകരിച്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സഞ്ചരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയാക്കുന്ന 8-10 ദിവസത്തെ പാക്കേജ് ടൂറുകളുണ്ട്. അപ്പോഴാണ് സർക്കാർ പെട്ടെന്ന് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. അന്ന് ഓടിയാൽ, 2000 രൂപ പിഴയാണ്. റോഡ്, വാഹന നികുതിയായി വൻതുക കൊടുക്കുമ്പോഴാണ് ഈ കൊള്ള എന്നോർക്കണം, റോയസൺ പറയുമ്പോൾ ആരും ശരിവയ്ക്കും, ഞായറാഴ്ച ലോക്ഡൗൺ മണ്ടൻ തീരുമാനമായിരുന്നെന്ന്.
ഇനി റോയ്‌സൺ ജോസഫിന്റെ അനുഭവത്തിലേക്ക് വരാം
കോവിഡ് വയറ്റത്തടിച്ചതോടെയാണ് റോയ്സൺ ബസുകൾ ആക്രിവിലയ്ക്ക് തൂക്കി വിൽക്കുന്നത്. കണ്ടം ചെയ്യാറായ വണ്ടികളൊന്നുമില്ല. നികുതിയായി മൂന്ന് മാസം കൂടുമ്പോൾ 40,000 രൂപയും ഇൻഷുറൻസ് പ്രതിവർഷം 80,000 രൂപയും അടയ്ക്കണം. തിരിച്ചടവ് മുടങ്ങിയതോടെയാണ് തന്റെ പക്കലുള്ള 10 ബസുകളിൽ മൂന്നെണ്ണം കിലോ 45 രൂപയ്ക്ക് റോയ്സൺ തൂക്കി വിൽക്കുന്നത്. റോയൽ ട്രാവൽസിന്റെ പേരിൽ 20 ബസുകൾ ലോക്ക്ഡൗണിന് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ, 10 വാഹനങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയായിരുന്നു. ഇനിയുള്ള ബസുകൾ കൂടി വിറ്റാൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കൂ. എല്ലാം ബസുകളും വിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും ലോൺ ഉള്ളതിനാൽ അത് സാധിക്കില്ല. 36 മുതൽ 40 ലക്ഷം രൂപ വരെ ലോൺ ഉള്ള ബസുകളാണ് തനിക്കുള്ളതെന്നാണ് റോയി പറയുന്നത്. നിരന്തരമായി പിഴ ഉൾപ്പെടെയുള്ള നടപടികളും വരുന്നതോടെയാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 42 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് റോയ്സൺ.
ലോൺ തിരിച്ചടവ് മുടങ്ങി
കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ബസുകളും ലോൺ എടുത്താണ് വാങ്ങിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസുകാർ വീട്ടിലെത്തി തുടങ്ങിയതോടെയാണ് ബസുകൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് റോയി പറയുന്നത്. തന്റെ വാഹനങ്ങളിൽ ചിലതിന്റെ ഫിനാൻസ് കഴിഞ്ഞതാണ്. അതിനാൽ ആ ബസുകൾ വിറ്റ് ലോൺ തീർക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനമായി വിൽക്കാൻ ബുദ്ധിമുട്ട് ആയതിനാലാണ് കിലോ 40 രൂപയ്ക്ക് തൂക്കി വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയും പിഴയും ബുദ്ധിമുട്ടിക്കുന്നു
ലോക്ക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി ഒന്നിന് ടാക്സും ഇൻഷുറൻസും അടച്ച് വാഹനം നിരത്തുകളിൽ ഇറക്കിയിരുന്നു. എന്നാൽ, വഴി നീളെ പൊലീസ് ചെക്കിങ്ങിന്റെ പേരിൽ ബുദ്ധിമുട്ട് നേരിടുകയാണ്. 44,000 രൂപ ടാക്സ് അടച്ച തന്റെ ഒരു ബസിന് ഞായറാഴ്ച ഓടിയെന്ന് കാണിച്ച് കോവളം പൊലീസ് 2000 രൂപ പിഴ നൽകി. ഡ്രൈവറിന്റെ കൈവശം പണമില്ലാത്തതിനാൽ യാത്രക്കാരനിൽനിന്ന് ആ പണം വാങ്ങിയാണ് പിഴയൊടുക്കിയതെന്നാണ് റോയി പറയുന്നത്.
മുൻകൂട്ടി നിശ്ചയിക്കുന്ന ടൂറുകൾ നടത്താമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഓട്ടമെടുത്തത്. ടാക്സിന് പുറമെ, 80,000 രൂപ ഇൻഷുറൻസ് അടച്ചാണ് ഈ ബസുകൾ റോഡിലിറങ്ങുന്നത്. വാഹനങ്ങളുടെ രേഖകൾ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വാഹൻ സൈറ്റിൽ പരിശോധിക്കാം. ഇതിൽ വാഹനത്തിന്റെ പെർമിറ്റ്, ഇൻഷുറൻസ്, പുക പരിശോധന, ടാക്സ് തുടങ്ങി എല്ലാം അടച്ചതിന്റെ വിവരങ്ങളുണ്ട്. എന്നിട്ടും പൊലീസ് ബസിന് പിഴയിടുകയായിരുന്നു.
വാഹനം വിൽക്കുന്നത് പ്രതിഷേധമായി മാത്രമല്ല, ഈ ബസുകൾ വിൽക്കുകയാണെങ്കിൽ തനിക്ക് താത്കാലികമായെങ്കിലും പിടിച്ച് നിൽക്കാൻ സാധിക്കും. വാഹനങ്ങളുടെ ലോൺ അൽപ്പമെങ്കിലും അടയ്ക്കാൻ സാധിക്കുമെന്നും റോയി പറഞ്ഞു. കേരളത്തിലേക്ക് വരാനിരുന്ന യാത്രക്കാർ മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര മാറ്റുകയാണ്. ഇതിനൊപ്പം അനാവശ്യമായ പൊലീസ് ചെക്കിങ്ങുകൾ ഉൾപ്പെടെയുള്ള നടപടി കൂടി ഈ മേഖലയെ ബുദ്ധമുട്ടിക്കുകയാണ്. വാഹനം വിൽക്കുന്നതിലൂടെ കടബാധ്യതയെങ്കിലും കുറയുമല്ലോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
വായ്പ തിരിച്ചടക്കാൻ പണം കണ്ടെത്തുന്നതിനാണ് റോയ്‌സൺ 10 ബസുകൾ കുറഞ്ഞ നിരക്കിൽ വിറ്റത്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പണമിടപാടുകാർ അവയിൽ ചിലത് പിടിച്ചെടുത്തതോടെ കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ എണ്ണം 14,000 ൽ നിന്ന് 12,000 ആയി കുറഞ്ഞുവെന്ന് സി.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ പറഞ്ഞു. 'കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം ആയിരത്തിലധികം ബസുകൾ ബാങ്കുകളോ പണമിടപാട് നടത്തുന്നവരോ പിടിച്ചെടുത്തിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു. 'മാർച്ചിന് ശേഷമേ പിടിച്ചെടുത്ത ബസുകളുടെ കൃത്യമായ എണ്ണം വ്യക്തമാകൂ, എന്നാൽ അടുത്ത ഒരു മാസത്തിനകം 2000-3000 ടൂറിസ്റ്റ് ബസുകൾ ബാങ്കുകളും പണമിടപാടുകാരും അറ്റാച്ച് ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു'-ബിനു ജോൺ പറഞ്ഞു.
തൊഴിൽ നഷ്ടമാണ് ഈ രംഗത്ത് സംഭവിക്കുന്ന മറ്റൊരു വെല്ലുവിളി. ട്രാവൽ ഓപ്പറേറ്ററുടെ വരുമാനം കുത്തനെ ഇടിഞ്ഞതോടെ റോയ്‌സൺ ട്രാവൽസിൽ മാത്രം 50 ജീവനക്കാർ കമ്പനി വിട്ടു. പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിനുശേഷം മൊറട്ടോറിയം കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും മിക്ക ബാങ്കുകളും ഈ സൗകര്യം നിർത്തിവച്ചതായി ബിനു പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ