- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതി; സഹായവുമായി ടോവിനോ തോമസ്; പദ്ധതിയിലേക്ക് സംഭാവന നൽകിയത് രണ്ട് ലക്ഷം രൂപ
തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നൽകി നടൻ ടൊവിനോ തോമസ്. രണ്ട് ലക്ഷം രൂപയാണ് താരം നൽകിയത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സംഘടനയുടെ നന്ദി അറിയിച്ചു.
ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ബൃഹത്തായ സഹായ പദ്ധതികൾ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയ കോവിഡ് ബാധിതർക്ക് ധനസഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതി. അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്.
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ചലച്ചിത്ര മേഖല നിശ്ചലമായപ്പോൾ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ