ഴയ തലമുറയുടെ സിനിമയോടും പ്രേമത്തോടും ഒക്കെയുള്ള ആറ്റിറ്റിയൂഡ് എന്തെന്ന് വ്യക്തമാക്കുകയാണ് നടി ഉർവശി. പണ്ടത്തെ തലമുറയിൽ പ്രേമം എന്ന വാക്ക് മക്കൾ പറഞ്ഞാൽ തന്നെ അത് അച്ഛനമ്മമാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായിരുന്നെന്നാണ് ഉർവശി പറയുന്നത്. തന്റെ കുടുംബത്തിലുണ്ടായ ഒരു പഴയ കാല സംഭവം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഉർവശിയുടെ വാക്കുകൾ.

പ്രേമം എന്ന വാക്ക് പറഞ്ഞതിന് കൽപനയെ അച്ഛൻ അടിച്ചു പൊട്ടിച്ചു. വായിൽ നിന്നും ചോരയൊക്കെ ഒലിച്ച് കൽപന കരഞ്ഞ സംഭവമാണ് ഉർവശി ഓർത്തെടുത്തത്. 'അന്ന് ചേച്ചിക്ക് 12 വയസ്സാണ് പ്രായം. കൽപന ഏതോ ശിവാജി ഗണേശന്റെ സിനിമയുടെ കഥ പറയുകയാണ്. ഇടക്ക് നായികയും നായകനും തമ്മിൽ പ്രേമം എന്നൊക്കെ പറയുന്നുണ്ട്. ഉടനെ പ്രേമം എന്താണെന്ന് അച്ഛൻ ചോദിച്ചു. അപ്പോൾ ചേച്ചി പറയുകയാണ്, പ്രേമം എന്നുവച്ചാൽ രണ്ടുപേർ പ്രേമിച്ച് കല്യാണം കഴിക്കുന്നതാണ് എന്ന്. അതു കേട്ടയുടൻ അച്ഛൻ അടിവച്ചു കൊടുത്തു. അങ്ങനെയുള്ള തലമുറയാണ് ഞങ്ങളുടേത്.' ഉർവശി പറയുന്നു.

പഴയ തലമുറയിലുള്ള ആളുകൾക്ക് സിനിമയിലെ ചുംബന രംഗങ്ങളും മറ്റും ഒട്ടും രസിക്കില്ലെന്നും ഉർവശി ടോവിനോടോയ് പറഞ്ഞു. ടോവിനോയും ഉർവശിയും ഒന്നിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'എന്റെ ഉമ്മാന്റെ പേരി'ന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവേയാണ് ഉർവശി തന്റെ പഴയ കാല അനുഭവങ്ങൾ വെളിപ്പെടുത്തിയത്. പഴയ കാലത്തെ ചിന്താഗതികളെ ഇന്നത്തെ കാലത്തെ അഭിരുചികളുമായി താരതമ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉർവശി.

പണ്ടുകാലത്ത് സിനിമ കാണുമ്പോൾ ചുംബന സീനൊക്കെ വന്നാൽ എഴുന്നേറ്റ് ഓടണമോ എന്ന ചിന്താഗതിയാണ് മാതാപിതാക്കൾക്ക്. അടുത്ത് മക്കളൊക്കെ ഇരിക്കുമ്പോൾ സിനിമയിലെ ഇത്തരം സീനുകൾ പണ്ടുകാലത്തെ ആൾക്കാർക്ക് ഒത്തിരി ബുദ്ധിമുട്ടായി മാറിയിരുന്നു. ഇതുകൊണ്ടാവാം ചുംബനം ഉള്ള സിനിമകൾക്കെതിരെ ആളുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നത്.

കുട്ടിക്കാലത്ത് എന്റെ ആങ്ങള കൂട്ടുകാരുടെ കയ്യിൽ നിന്നും കിങ് കോങ് പോലുള്ള ഇംഗ്ലീഷ് സിനിമകളുടെ സിഡി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ഇടും. അതിനുള്ളിൽ ചില സംഗതികൾ വരും. ഇത് മുൻപേ തന്നെ ആങ്ങള കണ്ടു വെക്കും. എന്നിട് ആ സീൻ ആവുമ്പോൾ അത് ഓടിച്ച് കളയും. അമ്മൂമ്മ ചോദിക്കുമ്പോൾ ' ആ ഭാഗം കാണണ്ട' എന്നാവും പറയുക. ആ ടെൻഷനൊക്കെ ഇപ്പോഴാണ് തനിക്ക് മനസിലാകുന്നതെന്നും ഉർവശി പറയുന്നു.