കൊച്ചി: മലയാളം ചലച്ചിത്ര ലോകത്ത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് നടൻ പൃഥ്വിരാജ്. ഒരുകാലത്ത് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾക്ക് ഇരയായ താരമാണ് ഇപ്പോൾ നിലപാടുകളുടെ പേരിൽ സോഷ്യൽ മീഡിയ തന്നെ പുകഴ്‌ത്തുന്നത്. തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാനുള്ള ചങ്കുറപ്പ് കൊണ്ട് കൂടിയാണ് താരം പ്രിയങ്കരനായി മാറുന്നത്. പൃഥ്വിരാജിന്റെ ചിത്രങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിച്ച താരമാണ് ടൊവിനോ തോമസ്.

ടൊവിനോ ഇപ്പോഴിതാ പൃഥിയെ വാനോളം വാഴ്‌ത്തി യുവതാരം ടൊവിനോ തോമസും രംഗത്തെത്തിയിരിക്കുകയാണ്. പൃഥിയെക്കുറിച്ചുള്ള ടൊവിനോയുടെ വാക്കുകൾ കേട്ടാൽ കയ്യടിക്കാതിരിക്കാനാകില്ല. സ്നേഹവും ബഹുമാനവും കലർന്നൊരു അസൂയയാണ് പൃഥ്വിയോടുള്ളതെന്ന് ടൊവിനോ തുറന്നുപറഞ്ഞു. സിനിമാ മേഖലയിലെ താരമാകാൻ വേണ്ടി മറ്റുള്ളവരെ ഒതുക്കുന്നവർ താരത്തിനെ മാതൃകയാക്കണമെന്നും ടൊവിനോ പറയുന്നു.

സെൽഫ് സെന്റേർഡ് എന്ന നിലയിലുള്ള സ്വഭാവമില്ലാത്ത വ്യക്തിയാണ് പൃഥി. കൂടെ ജോലി ചെയ്യുന്നവരെ ഒരു തരത്തിലും ഒതുക്കി നിർത്താൻ അദ്ദേഹം ശ്രമിക്കാറില്ല. എല്ലാവർക്കും ജോലിചെയ്യാനുള്ള അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥി.

എല്ലാവരും വളരണമെന്ന് ആഗ്രഹിക്കുന്ന മനസ്സിനുടമയാണ് പൃഥ്വിയെന്ന് ടൊവിനോ പറഞ്ഞു. പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥിയെക്കുറിച്ച് ടൊവിനോ മനസ്സുതുറന്നത്.