തിരുവനന്തപുരം : സർക്കാരിന്റെ മദ്യ നയം എല്ലാക്കാലത്തും സംസ്ഥാനത്ത് വിവാദം സൃഷ്ടിക്കുന്ന വാർത്തയാണ്. ആചാരം പോലെ ഭരണ കക്ഷിയായ സിപിഐ മദ്യനയത്തിനെതിരെ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഇടത് പക്ഷത്തിന്റെ 2016 ലേയും 2021 ലേയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ലഹരി മുക്തനവകേരളത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ വെറും പ്രഹസനമാണെന്ന് പുതിയ മദ്യനയം വ്യക്തമാക്കുന്നുണ്ട്.

15 വയസിനു മുകളിലുള്ള അഞ്ചിലൊന്ന് ആളുകളേയും മദ്യപാനികളാക്കുന്ന മദ്യനയമാണ് നിലവിൽ വന്നത്. വ്യാപകമായി മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം അഴിമതിക്കിടയാക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിൽ ചില വസ്തുതകളുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തടഞ്ഞുവെച്ച ഡിസ്റ്റിലറികളും ബ്രൂവറികളും വീണ്ടും തുറക്കാനുള്ള അംഗീകാരമാണ് തുടർ ഭരണത്തിലൂടെ ലഭിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാറുകൾ അനുവദിച്ചപ്പോൾ രൂക്ഷമായി വിമർശിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഘട്ടം ഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്നും കൂടുതൽ മദ്യ വിപണന കേന്ദ്രങ്ങൾ തുറക്കില്ലെന്നും വാഗ്ദാനം ചെയ്തവരാണിപ്പോൾ മുക്കിന് മുക്ക് ബാറുകളും ബെവ് കോ ഔട്ട് ലെറ്റുകളും തുറക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 46, 546 കോടി രൂപയാണ് മദ്യ വ്യാപാരത്തിൽ നിന്നുള്ള നികുതി വരുമാനം. ഇടത് സർക്കാരിന്റെ മദ്യ നയം ശുദ്ധ തട്ടിപ്പാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. ജനങ്ങളെ ബോധവൽക്കരിച്ച് കുടി നിർത്തുമെന്ന് പറയുന്ന അതേ ടോണിൽ തന്നെ കൂടുതൽ മദ്യ വിൽപന കേന്ദ്രങ്ങൾ തുടങ്ങുമെന്നും പറയുന്നു. ഇമ്മാതിരി ഇരട്ടത്താപ്പുകൾ പറയാനും പ്രവർത്തിക്കാനും സി പി എമ്മിന് മാത്രമേ കഴിയു.

കൂടുതൽ വിൽപന കേന്ദ്രങ്ങളും ഉല്പാദന യൂണിറ്റുകളും തുറക്കുന്നതോടെ മദ്യക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിയുമെന്ന് പറയുന്നവരാണ് മദ്യവർജ്ജനത്തിനായി വിമുക്തി ബോധവൽക്കരണം നടത്തുമെന്ന് പറയുന്നത്. ചെറുപ്പക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും ബോറടി മാറ്റാനും ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കുന്നത്.

പിണറായി സർക്കാരിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യുന്ന ഏപ്രിൽ ഒന്നിന് മറ്റൊരു പ്രത്യേകതയുമുണ്ട്. കാൽ നൂറ്റാണ്ട് മുമ്പ് എ.കെ. ആന്റണി സർക്കാർ നടപ്പിലാക്കിയതും പിന്നീട് ആവിയായിപ്പോയതുമായ ചാരായ നിരോധനത്തിന്റെ ഗതി ഓർക്കുന്നത് നന്നായിരിക്കും

ഇന്നത്തെപ്പോലൊരു ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് ചാരായ നിരോധനം നിലവിൽ വന്നത്. ഇപ്പോൾ മദ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമല്ലെങ്കിലും ചാരായ ചരിത്രത്തിന് ഇന്നും പ്രസക്തി ഉണ്ട്. കേരളത്തിൽ ചാരായം നിരോധിച്ചിട്ട് ഏപ്രിൽ ഒന്നിന് 26 വർഷം തികയുന്നു.

വീട്ടമ്മമാരുടെ കണ്ണീരകറ്റാനും കുടുംബങ്ങളിൽ ശാന്തിയും ശാശ്വത സമാധാനവും കൈവരിക്കാനുമാണ് ചാരായം നിരോധിക്കു ന്നതെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ അവകാശവാദം - 1996 ഏപ്രിൽ ഒന്നു മുതലാണ് ചാരായ നിരോധനം നടപ്പിലാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി കൊണ്ടുവന്ന ഒരു തീരുമാനമായിരുന്നു ചാരായ നിരോധനം. ആന്റണിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചതിന് പിന്നിൽ ചെറിയാൻ ഫിലിപ്പിന്റെ നിർണായക സ്വാധീനമുണ്ടായിരുന്നു. അക്കാലത്ത് ആന്റണിയുടെ കണ്ണും കാതുമായിരുന്നു ചെറിയാൻ ഫിലിപ്പ്. പൊതുസമൂഹത്തിന് ഈ നിരോധനം കൊണ്ട് കാര്യമായ ഒരു ഗുണവുമുണ്ടായില്ല എന്നതാണ് സത്യം .
ഇക്കാര്യം ആന്റണി സമ്മതിക്കില്ലെങ്കിലും വാസ്തവം അതാണ് 5614 ചാരായ ഷാപ്പുകളാണ് 1996 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്നത്. ചാരായത്തിൽ നിന്നുള്ള വരുമാനം 250 .46 കോടി രൂപയായിരുന്നു. 1994- 95 ൽ രണ്ട് കോടി 35 ലിറ്റർ ചാരായമാണ് വിറ്റുപോയത്. ഇതൊക്കെയാണ് പട്ട ഷാപ്പുകൾ എന്ന് വിളിച്ചിരുന്ന ചാരായക്കച്ചവടത്തിന്റെ സാമാന്യ വിവരങ്ങൾ ...

ഇരുപത് രൂപയ്ക്ക് 100 മില്ലി ചാരായം വാങ്ങി പൂസായി വീട്ടിൽ പോയവന് പിന്നെ ഒന്ന് മിനുങ്ങാൻ 500 മുതൽ 1000 രൂപ ചെലവഴിക്കേണ്ടി വന്നു. ചാരായ നിരോധനം കൊണ്ട് നാട്ടിലെ പെണ്ണുങ്ങളുടെ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച ആന്റണിക്ക് കനത്ത തിരിച്ചടിയാണ് 96 ലെ ഇലക്ഷനിൽ ലഭിച്ചത്.

തങ്ങൾ അധികാരത്തിൽ വന്നാൽ ചാരായം തിരികെ കൊണ്ടുവരുമെന്നായിരുന്നു ഇടത് മുന്നണിയുടെ 96 ലെ പ്രകടന പത്രികയിലെ വാഗ്ദാനം - പക്ഷേ, പിന്നീട് അധികാരത്തിൽ വന്ന നായനാർ മന്ത്രിസഭ ചാരായം തിരിച്ചു കൊണ്ടു വന്നില്ല - പകരം മണിച്ചനെപ്പോലുള്ള സ്പിരിറ്റ് രാജാക്കന്മാരെ പരമാവധി പ്രോത്സാഹിച്ചു. ഒരു മാതിരിപ്പെട്ട പ്രാദേശിക സി പി എം - ഡിവൈ എഫ് ഐ നേതാക്കൾ സ്പിരിറ്റ് മാഫിയയുടെ മാസപ്പടിക്കാരായി മാറി. സത്യനേശൻ, ഭാർഗവി തങ്കപ്പൻ, കടകം പള്ളി സുരേന്ദ്രൻ തുടങ്ങിയ വിപ്ലവകാരികളുടെ പേരുകൾ മണിച്ചന്റെ മാസപ്പടി കണക്ക് ബുക്കിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

കാൽ നൂറ്റാണ്ട് മുമ്പ് ചാരായത്തിൽ നിന്ന് കേവലം 250 കോടി പ്രതിവർഷ വരുമാനം കിട്ടിയ സ്ഥാനത്തിപ്പോൾ 19508 കോടി രൂപ വിദേശമദ്യ വരുമാനമായി കിട്ടുന്നുണ്ട്. പ്രതിവർഷം 216 .34 ലക്ഷം കെയ്‌സു മദ്യം വിറ്റുപോവുന്നുണ്ട്. അതായത് രാജ്യത്തെ മദ്യവിൽപനയുടെ 4 .68% കേരളത്തിലാണ് നടക്കുന്നത്.

ചാരായ നിരോധനം കൊണ്ട് നാടിനും കോൺഗ്രസിനും എന്ത് ഗുണമുണ്ടായി എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും ഉണ്ടായിട്ടിട്ടില്ല. എന്തിന് കോൺഗ്രസുകാർക്ക് ഇന്ന് പോലും അതെക്കുറിച്ച് മിണ്ടാൻ ധൈര്യമില്ല. 2016 ലെ ബാർ പൂട്ടൽ പോലെ അട പടലം ചീറ്റിപ്പോയ ഒരു തിരഞ്ഞെടുപ്പ് സ്വപ്‌നം. കുറേ പള്ളിപ്പാതിരിമാരുടെ കൈയടി മേടിക്കാൻ മദ്യനിരോധനം നടപ്പാക്കാൻ തുനിഞ്ഞിറങ്ങി പെരുവഴിയിലായിപ്പോയ ആന്റണിയും ഉമ്മൻ ചാണ്ടിയും തങ്ങളുടെ പാളിപ്പോയ തിരുമാനത്തിൽ ഇന്ന് ദുഃഖിക്കുന്നുണ്ടാവാം.