മെൽബൺ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ കനത്ത മഴയും പ്രളയവും. മിന്നൽ പ്രളയം ചെറുപട്ടണങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഉൾനാടൻ പ്രദേശങ്ങളിൽ പ്രളയം ദുരിതങ്ങൾ തീർത്തിരിക്കുകയാണ്. അതിശക്തമായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലം ഒരാൾ മരിക്കുകയും ചെയ്തു.

സൗത്ത് ഓസ്‌ട്രേലിയയിലാണ് മഴയും വെള്ളപ്പൊക്കവും സങ്കീർണപ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകിയത് പലയിടങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. സൗത്ത് ഓസ്‌ട്രേലിയയാണ് ഏറ്റവും മോശം കാലാവസ്ഥ നേരിടുന്നത്. മുപ്പതു വർഷത്തിലെ ഏറ്റവും മോശം കാലാവസ്ഥയ്ക്കാണ് സൗത്ത് ഓസ്‌ട്രേലിയ സാക്ഷ്യം വഹിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ക്യൂൻസ് ലാൻഡിൽ ഇന്ന് ശക്തമായ ചുഴലി ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. Oodnadatta, Marree എന്നീ മേഖലകളിൽ ശരാശരി മഴയെക്കാൾ 15 മടങ്ങ് മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. ഇതേ വരെ സൗത്ത് ഓസ്‌ട്രേലിയയിൽ 120 മില്ലി മീറ്റർ മഴ പെയ്തുവെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തിങ്കളാഴ്ചയ്ക്കു മുമ്പ് 100 മില്ലി മീറ്റർ മഴയും പെയ്യും. നോർത്തേൺ ടെറിട്ടറിയിലും അതിശക്തമായ രീതിയിൽ മഴ പെയ്യും. കനത്ത മഴ പെയ്തിനെത്തുടർന്ന് കരകവിഞ്ഞ ടോഡ് നദിയിൽ നിന്നാണ് ഇരുപത്തിനാലു വയസുള്ള യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. മിന്നൽ പ്രളയം മൂലം കൂടുതൽ അപകടങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് റോയൽ ലൈഫ് സേവിങ് സേന മുന്നറിയിപ്പു നൽകുന്നുണ്ട്.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലാണ് മഴ മൂലം റോഡുകൾ ആകെ തകർന്നത്. റോഡുകൾ ഒലിച്ചു പോയതിനെത്തുടർന്ന് കിംബർലി മേഖല ഒറ്റപ്പെട്ടു. ഡാംപെയർ പെനിൻസുല, ഫിറ്റ്‌സ്‌റോയ് വാലി എന്നിവിടങ്ങളിലുള്ള അബൊറിജിനൽ കമ്യൂണിറ്റികൾ തീർത്തും ഒറ്റപ്പെട്ട നിലയിലായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ മേഖലകളിൽ 400 മില്ലി മീറ്ററിലേറെ മഴയാണ് ലഭിച്ചിരിക്കുന്നത്. എക്കാലത്തേയും ഉയർന്ന റെക്കോർഡ് ആണിത്.

ചുഴലി ആഞ്ഞുവീശുന്നതിനാൽ ക്യൂൻസ് ലാൻഡിൽ മിന്നൽ പ്രളയം ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ബെൻഡിഗോ മേഖലയിൽ വെള്ളപ്പൊക്കം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളിൽ മിക്കവരുടേയും വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്ന അവസ്ഥ വരെയെത്തിയിരിക്കുകയാണ്. അതേസമയം മഴ തിമിർത്തു പെയ്യന്നത് അടുത്ത കാലത്ത് പടർന്ന കാട്ടുതീ അണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് സഹായകമായി.