കേരളം രാഷട്രീയ പ്രബുദ്ധമാണെന്നാണല്ലോ പൊതുവെയുള്ള വെപ്പ്. അതുകൊണ്ടുതന്നെ തിളച്ചുമറിയുന്ന രാഷ്ട്രീയ കേരളം, ഈ നാട്ടിലെയും ഏറ്റവും ശക്തമായ മാദ്ധ്യമമായ വെള്ളിത്തിരയിലും നിറയുക സ്വാഭാവികം മാത്രം. അങ്ങനെയുള്ള നിരവധി മികച്ച രാഷ്ട്രീയ സിനിമകൾ പുറത്തുവന്ന നാടാണിത്. 'മീനമാസത്തിലെ സൂര്യനും' , 'പിറവിയും', 'കബനീ നദി ചുവന്നപ്പോഴും', 'ലാൽസലാമും' തുടങ്ങി 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' വരെ നീളുന്ന ആ പട്ടികയിൽ എടുത്തുപറയാൻ ഒരുപാടുണ്ട്. ഐ വി ശശി ടി ദാമോദരൻ, ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങൾ പുറത്തുവന്നു. 'കണ്ണൂർ', 'വീണ്ടും കണ്ണൂർ', 'ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി' തുടങ്ങി നിരവധി തട്ടിക്കൂട്ട് സിനിമകളും കേരളത്തിൽ പല കാലങ്ങളിൽ പ്രദർശനത്തിനത്തെിയിട്ടുണ്ട്. ഈ തട്ടിക്കൂട്ടൊന്നും ഒന്നുമല്‌ളെന്ന് , നമ്മുടെ മൊയ്തു താഴത്ത് സംവിധാനിച്ച ടി.പി 51 കണ്ടാൽ മനസ്സിലാകും. മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു സിനിമ ശ്രദ്ധയോടെ കണ്ടിരുന്നെങ്കിൽ ഇതുപോലൊരു പാതകത്തിന് മൊയ്തു മുതിരില്ലായിരുന്നു. അസാമാന്യ ബോറടിയും, സന്തോഷ്പണ്ഡിറ്റ് തോറ്റുപോവുന്ന അസംബന്ധങ്ങളുമായി എന്തൊക്കെയോ കാട്ടിക്കൂട്ടി വച്ചിരിക്കുന്നു.

മൊയ്തു താഴത്ത് എന്ന സംവിധായകന് (സോറി അങ്ങനെ വിളിക്കാമോ എന്നറിയില്ല) സിനിമയെന്തെന്നോ, സീരിയൽ എന്തെന്നോ, നാടകം എന്തെന്നോ അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ഈ സ്വയം പ്രഖ്യാപിത വിവാദ സിനിമ. ചില ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചതിന്റെ ഓർമ്മയുമായി സിനിമ പിടിക്കാനത്തെിയതാണ് മൊയ്തു. സത്യം പറയാമല്ലോ, വിവാദങ്ങളിലൂടെ തന്റെ പൊട്ടപ്പടം വിജയിപ്പിക്കാമെന്ന് അദ്ദേഹം കരുതി. നെഗറ്റീവ് പബ്‌ളിസിറ്റിയിലൂടെ നേട്ടമുണ്ടാക്കിയ സാക്ഷാൽ സന്തോഷ് പണ്ഡിറ്റ് മാതൃക നേരത്തെ മുന്നിലുണ്ടല്ലേ. പക്ഷെ പണ്ഡിറ്റ് ചെയ്യത്ത വലിയൊരു പാതകം മൊയ്തു താഴത്ത് ചെയ്തു. സന്തോഷ് സിനിമയെടുത്ത് ആരെയും അപമാനിച്ചിരുന്നില്ല. എന്നാൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്വന്തം ചോരകൊണ്ട് ഇതിഹാസമെഴുതിയ ടി പി ചന്ദ്രശേഖരന്റെ ഓർമ്മകളെ അപമാനിക്കുന്നതായി മൊയ്തുവിന്റെ ടി. പി 51 എന്ന സിനിമ. അതുകൊണ്ടുതന്നെ ഒരു സാംസ്കാരിക കുറ്റകൃത്യമായേ ഈ പടപ്പിനെ വിശേഷിപ്പിക്കാൻ കഴിയൂ.

ടി.പിയെ ഓർമ്മകൾക്ക് ഇത് അപമാനം

ഞ്ചിയത്തെ സി. പി. എമ്മിന്റെ ശക്തനായ നേതാവായിരുന്നു ടി. പി ചന്ദ്രശേഖരൻ. പിന്നീട് കലഹിച്ച പുറത്തുപോയ ചന്ദ്രശേഖരൻ ആർ. എം. പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതും പിന്നീട് അദ്ദേഹം സിപിഎമ്മുകാരാൽ തന്നെ ക്രൂരമായി കൊലചെയ്യപ്പട്ടതും കേരളം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ അതിഭീകരമായ ഈ ഫാസിസ്റ്റ് കൊലയുടെ അകത്തേക്ക് കടക്കാനൊന്നും ഉപരിവിപ്‌ളവമായ ഈ സിനിമക്ക് കഴിയുന്നില്ല.ടി. പി ചന്ദ്രശേഖരന്റെ ജീവിതത്തിലൂടെ സമകാലീന കേരള രാഷ്ട്രീയ ചരിത്രത്തിലേക്കും അതുവഴി അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ സന്ദേശമായും ഈ പടം മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നലൊല്ലാരു തിരക്കഥ രചിക്കാനോ അത് നന്നായി അവതരിപ്പിക്കാനോ മൊയ്തുവിന് സാധിച്ചിട്ടില്ല. ജനാധിപത്യ പാർട്ടികളിൽ എങ്ങനെയാണ് ഫാസിസം കടന്നുവരുന്നത് എന്നതിന്റെ നല്ല കേസ് സ്റ്റഡിയായിരുന്ന ടി.പി വധം. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു അറിവുമില്ലാത്ത സംവിധായകൻ പ്രമേയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിട്ടുമില്ല. പത്രവാർത്തകളിൽ വായിച്ചറിഞ്ഞ ചില കാര്യങ്ങൾ ക്യാമറയിൽ പകർത്തിവെക്കാൻ മാത്രം ശ്രമിച്ചു. ഫലമോ സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളുടെ പോലും നിലവാരമില്ലാത്ത ഒരു സിനിമയായി ഇത് മാറി. ടി പി ചന്ദ്രശേഖരൻ എന്ന വ്യക്തിയെ കോമാളിയായി അവതരിപ്പിച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ് മൊയ്തു ചെയ്തത്.

അത്യന്തം ഗൗരവകരമായ ഒരു വിഷയത്തെ തീർത്തും നിസ്സാരമായി സമീപിക്കുകയാണ് അണിയറക്കാർ. ചന്ദരശേഖരന്റെ രക്തസാക്ഷിത്വത്തെപോലും നിസ്സാരമായിട്ടാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്. പോരാട്ട വീര്യം നിറഞ്ഞു നിൽക്കുന്ന ഒഞ്ചിയത്തിന്റെ ചരിത്രം പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒഞ്ചിയത്ത് വെടിയേറ്റ് വീണ സഖാക്കളുടെയും ചോര കൊണ്ട് തടവറയുടെ ചുമരിൽ അരിവാൾ ചുറ്റിക വരച്ച് രക്തസാക്ഷിയായ മണ്ടോടി കണ്ണന്റെയും വീരഗാഥകൾ കേട്ടാണ് കുട്ടിയായ ടി .പി വളരുന്നത്. പിന്നീട് അദ്ദേഹം പാർട്ടിയുടെ കരുത്തനായ നേതാവായി വളരുന്നു. ടി. പി യുടെയും വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും ചിത്രീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ചിത്രം, പാർട്ടിയുമായുള്ള അകൽച്ച, ആർ. എം പി രൂപീകരണം എന്നിവയിലൂടെയെല്ലാം കടന്ന് ടി .പിയുടെ കൊലപാതകത്തിലേക്ക് നടന്നു കയറുന്നു. പ്രേക്ഷകർ പല പ്രാവശ്യം വായിച്ചും കണ്ടും അറിഞ്ഞ കാര്യങ്ങൾ തന്നെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കാനുള്ളതെന്നതുകൊണ്ട്, അത് ആകർഷകമാക്കാനുള്ള ശ്രമം അണിയറക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരുന്നു. പക്ഷെ ആവർത്തിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ വല്ലാത്തൊരു വിരസതയിലേക്കാണ് കൊണ്ടുപോകുന്നത്. പത്രങ്ങളിൽ വായിച്ചും കേട്ടതുമായ കാര്യങ്ങൾ അതേ പോലെ പകർത്തിയ രംഗങ്ങളും അതിലെ കൃത്രിമത്വവും വല്ലാത്ത കല്ലുകടിയാണ് ഉണ്ടാക്കുന്നത്. ടി. പി വധവുമായി ബന്ധപ്പെട്ട അന്വേഷണ കാര്യങ്ങൾ ഒരു ചാനൽ ക്രൈം പ്രോഗ്രാം പോലെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ. എന്നാൽ ചാനൽ പ്രോഗ്രാമിന്റെ പോലും നിലവാരം ഈ അവതരണത്തിന് ഇല്ലാതെ പോവുകയും ചെയ്തു.

ടി പി യുമായി രൂപ സാദൃശ്യമുള്ളതുകൊണ്ട് മാത്രം നായകനാക്കിയ കഥാപാത്രം ഉൾപ്പെടെ വളരെ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. പാർട്ടി സെക്രട്ടറി മുതൽ പല കഥാപാത്രങ്ങളും മിമിക്രി നിലവാരത്തിൽ ഒതുങ്ങുന്നു. കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന ആരുമായും ബന്ധമില്‌ളെന്ന് മൊയ്തു പറയുന്നുണ്ട്. എന്നാൽ ചില കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾ ചിത്രത്തിൽ ഉപയോഗിക്കുമ്പോൾ, ചിലരുടേത് പേര് മാറ്റിയാണ് ഉപയോഗിച്ചിട്ടുള്ളത്. സി. പി. എമ്മിനെ ഇ. പി .എം എന്നും, ആർ.എം. പിയെ എം. ആർ. പി എന്നുമെല്ലാം പേരുമാറ്റി ചിത്രീകരിക്കുമ്പോൾ, പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും ആർ. എം. പി നേതാക്കന്മാരുടെയും പേരുകൾ പലതും യഥാർത്ഥത്തിലുള്ളത് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അനന്തൻ, വടി സുകു എന്നെല്ലാം പേരുകളിൽ പല കഥാപാത്രങ്ങളും കയറിവരുന്നു. ചിലയിടത്ത് വെറും കഥയാണെന്ന് വ്യക്തമാക്കുമ്പോൾ ചിലയിടത്ത് ആർ.എം. പിയുടെ ടി. പി അനുസ്മരണം ഉൾപ്പെടെ യഥാർത്ഥത്തിൽ കാണിക്കുന്നുമുണ്ട്.ഈ പടത്തെ റിയലിസ്റ്റിക്കായാണോ, ഫിക്ഷൻ ഓറിയന്റഡ് ആയാണോ ചെയ്യേണ്ടത് എന്നുള്ള പ്രാഥമികകാര്യങ്ങൾപോലും സംവിധായകന് വ്യക്തതയില്‌ളെന്ന് ചുരുക്കം.

എല്ലാം വെറും ചീപ്പ് പബ്‌ളിസിറ്റിക്കായി!

റെ ബുദ്ധിമിട്ടി ഈ പൊട്ടപ്പടം കണ്ടപ്പോൾ ( ഒരു തീയറ്ററിൽ ആകെ ഒരു ഷോ മാത്രമുള്ളതിനാൽ ഒരു ദിവസം മെനക്കെട്ടാണ് പടം കണ്ടത്) ചിരിച്ചുപോയത് നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളുടെ വാർത്താ സെൻസിനെ കുറിച്ചാണ്. സിപിഐ(എം) വിരുദ്ധതയുടെപേരിൽ എന്തും ആഘോഷിക്കുന്നെ മാനസികാവസ്ഥയിലേക്ക് അവർ മാറിക്കഴിഞ്ഞു.ഈ പടം റിലീസ് ചെയ്യാൻ സിപിഐ(എം) അനുവദിക്കുന്നില്ല എന്ന വാർത്തയെഴുതിയ ലേഖകരുടെയും അത് ചാനൽ ചർച്ചയായക്കിയയവരുടെയും ബുദ്ധിയുടെ നിലവാരം ഒന്ന് ആലോചിച്ചുനോക്കൂ. അത് പച്ചക്കള്ളമാണെന്നും ചീപ്പ് പബ്‌ളസിറ്റി സ്റ്റണ്ടാണെന്നും മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്ന ബുദ്ധിമാത്രം മതി.ഒരു പാർട്ടി വിചാരിച്ചാൽ ഈ കേരളത്തിൽ ഒരു സിനിമ തടയാൻ കഴിയുമോ? ഇതിലും ഭീകരമായി സിപിഎമ്മിൻെ ആക്രമിക്കുന്ന എത്രയോ പടങ്ങൾ വന്നുപോയി. അവക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലല്ലോ.മാത്രമല്ല, വർഷം നൂറ്റമ്പതിനടുത്ത് പടങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് തീയറ്ററുകൾ വളരെ ബിസിയാണ്.16കോടി മുടക്കിയ താരസമ്പുഷ്ടമായ 'ഡബിൾബാരൽ' ഒരാഴ്ച ഹോൾഡ് ഓവറായ കാലമാണിത്. അതായത് പടം നന്നെങ്കിലേ തീയേറ്റർപോലും കിട്ടൂ എന്നത് ഈ വ്യവസായത്തിന്റെ പ്രഥമിക പാഠമാണ്. എന്നാൽ പിണറായി വിജയൻ കേരളത്തിലെ എല്ലാ തീയറ്റർ ഉടമകളോടും വിളിച്ചുപറഞ്ഞ് പടം മുടക്കി എന്ന രീതിയിലായിരുന്നു മാതൃഭൂമിയിലും മനോരമയിലും കണ്ട കോപ്രായങ്ങൾ.ആർക്കും പറ്റിക്കാവുന്ന രീതിൽ നമ്മുടെ മാദ്ധ്യമങ്ങളുടെ സ്വഭാവം മാറിക്കഴിഞ്ഞു.

ചിത്രത്തിന് ആദ്യമിട്ട പേര് 'ടി.പി 51 വയസ്സ്, 51 വെട്ട്'എന്നായിരുന്നു. ഈ പേര് കേട്ടപ്പോൾ തന്നെ സിനിമയെക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് ആരുടെയോ നിർദ്ദേശപ്രകാരം ആ പേര് ടി.പി 51 എന്നാക്കി. തുടർന്ന് സി പി എമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ സിനിമയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം മാദ്ധ്യമങ്ങളിൽ വരുത്താൻ മൊയ്തു താഴത്ത് ശ്രമിച്ചു പോന്നു. സി. പി. എമ്മുകാർ ഭീഷണിപ്പെടുത്തുന്നതായും തന്നെ അക്രമിക്കാൻ ശ്രമിക്കുന്നതായുമെല്ലാം പറഞ്ഞ് നിരന്തരം വാർത്താ സമ്മേളനങ്ങൾ നടത്തലായി അദ്ദേഹത്തിന്റെ പണി. ഒടുവിൽ പൂർത്തിയായ സിനിമയുടെ പ്രദർശനം തടയാൻ സി. പി. എം ശ്രമിക്കുന്നു എന്ന ആരോപണവുമായി മൊയ്തു വീണ്ടും വാർത്തകളിൽ നിറഞ്ഞു. എന്നാൽ ആര്, എന്ത്,എങ്ങനെയെന്നൊന്നും ഗ്ഗ്രേകാസ് ചെക്ക് ചെയ്യാതെ മാദ്ധ്യമങ്ങൾ നിരന്തരം വാർത്തകൊടുത്ത് മൊയ്തുവിനെ പ്രശസ്തനാക്കി. ഇതേ ടെക്ക്‌നിക്ക് ഇനി മറ്റുള്ളവർക്കും അനുകരിക്കാവുന്നതാണ്.ചുമ്മാ സിപിഎമ്മിന്റെ പിരടിക്കിട്ട് എന്തെങ്കിലും എടുത്തുവച്ചാൽ മതി. മാദ്ധ്യമങ്ങൾ അത് ഹിറ്റാക്കിക്കൊള്ളും! ( മാദ്ധ്യമ സിൻഡിക്കേറ്റുപോലെ സാഹിത്യ സിൻഡിക്കേറ്റുമുണ്ടെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന രീതിയിൽ കഥയും കവിതയും എഴുതയാൽ എളുപ്പത്തിൽ പ്രസിദ്ധീകരിക്കപ്പെടുമെന്നും ഒരിക്കൽ പിണറായി വിജയൻ പറഞ്ഞതോർക്കുന്നു. ഇപ്പോഴിതാ സിനിമാ സിൻഡിക്കേറ്റുമായി)

സി പി എം നേതാവായ പിണറായി വിജയനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടും ആർ. എസ്.എസിനെ മഹത്വവത്ക്കരിച്ചുകൊണ്ടും പുറത്തിറങ്ങിയ ലക്ഷണമൊത്ത ഫാസിസ്റ്റ് സിനിമയായിരുന്നു 'ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ആ സിനിമക്കെതിരെ കേരളത്തിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായോ. എങ്കിലും ആവിഷ്‌ക്കാരപരമായി 'ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്' മോശമായിരുന്നില്ല. സിനിമ എങ്ങനെയെടുക്കണം എന്ന് പഠിക്കാൻ മൊയ്തു ഈ പടമെങ്കിലും കാണണം. ടി പി 51 എന്ന ചിത്രത്തിന് കൂടുതൽ തിയേറ്റർ കിട്ടരുതേ എന്നാവും ചന്ദ്രശേഖരനെ സ്‌നേഹിക്കുന്നവർ പ്രാർത്ഥിക്കുക. ടി പി യെക്കുറിച്ചുള്ള നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കന്നവർക്ക് അത് പോലും നഷ്ടമാവുകയാണ് ഈ ചിത്രം കണ്ടാലുള്ള ഗുണം. സിനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയാൽ സി. പി.എമ്മുകാർ തന്നെ സിനിമ എല്ലായിടത്തും കൊണ്ടുപോയി സൗജന്യ പ്രദർശനങ്ങൾ സംഘടിപ്പിക്കാനും സാധ്യത ഏറെയാണ്.

വാൽക്കഷ്ണം: ടി.പി വധത്തെ അപലപിച്ചില്ല എന്ന 'കുറ്റത്തിനാൽ' മുമ്പ് പ്രഭാവർമ്മയുടെ കവിതാ പരമ്പര മലയാളം ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ എസ്.ജയചന്ദ്രൻ നായർ തുടർ പ്രസിദ്ധീകരണം അനുവദിക്കാതെ നിർത്തിവച്ചിരുന്നു. ഹീനമായ അനീതിയെ ചോദ്യം ചെയ്യാത്ത കലാകാരന്മാരും സാംസ്കാരിക കുറ്റവാളികളാണെന്ന വാദമായിരുന്ന അന്ന് അദ്ദേഹം ഉയർത്തിയത്.അതുപോലെതന്നെ രക്തസാക്ഷികളുടെ ഓർമ്മകളെ അപമാനിച്ച് സിനിമയെടുക്കുന്നവരും സാംസ്കാരിക കുറ്റവാളികളാണ്. മൊയ്തുവിന് ആത്മാഭിമാനം അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രേക്ഷകരോട് മാപ്പു പറഞ്ഞ് ഈ സിനിമ തീയറ്ററുകളിൽനിന്ന് പിൻവലിക്കയാണ് വേണ്ടത്.