തിരുവനന്തപുരം: കുഞ്ഞനന്തനെ വിട്ടയ്ക്കാനുള്ള സർക്കാർ നീക്കത്തിന് തടസ്സമായി ഗവർണ്ണർ പി സദാശിവത്തിന്റെ കടുത്ത നിലപാട്. ഇതോടെ കൊലക്കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സമ്മതം അറിയേണ്ട അവസ്ഥയുമെത്തി. ഈ സാഹചര്യത്തിലാണ് കുഞ്ഞനന്തന്റെ മോചനത്തിനായി ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ മൊഴി പൊലീസിന് എടുക്കേണ്ടി വന്നത്. ജീവപര്യന്തം തടവിൽ കഴിയുന്നവർക്ക് ശിക്ഷാ ഇളവ് നൽകാനാവില്ലെന്ന നിലപാടിലാണ് ഗവർണ്ണർ എന്നാണ് സൂചന. കുഞ്ഞനന്തന്റെ മോചനം അനുവദിക്കില്ലെന്ന് രമ നിലപാട് എടുത്തു കഴിഞ്ഞു. ഇത് സർക്കാർ നീക്കത്തിന് തിരിച്ചടിയാണ്.

ജീവപര്യന്തം എന്നാൽ ആജീവനാന്ത തടവാണെന്നും 14 വർഷത്തിനു ശേഷം മോചനം അവകാശമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ താൻ നൽകിയ ഉത്തരവ് സർക്കാർ പാലിച്ചോ എന്ന് പരിശോധിക്കാനും ഗവർണ്ണർ തീരുമാനിച്ചിട്ടുണ്ട്. ഇതും അതീവ നിർണ്ണായകമാകും. സർക്കാർ പട്ടികയ്ക്ക് എതിരാണ് നിയമോപദേശമെങ്കിൽ ലിസ്റ്റിൽ ഗവർണ്ണർ ഒപ്പിടില്ല. ശിക്ഷ ഇളവ് നൽകാനുള്ള 739 തടവുകാരുടെ ലിസ്റ്റ് ഈ മാസം 8ന് സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. അതിന് പിന്നാലെ ടി.പി വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന പി.കെ.കുഞ്ഞനന്തൻ അടക്കം കൊലക്കേസുകളിൽ പ്രതികളായ ചിലരുടെ അപേക്ഷ പ്രത്യേകമായും നൽകി. ഇതോടെയാണ് കടുത്ത നിലപാടിലേക്ക് ഗവർണ്ണർ കടന്നത്. കുഞ്ഞനന്തന്റെ മോചനത്തെ രമ എതിർക്കുകയാണ്. അവർ നിയമപോരാട്ടത്തിനും സന്നദ്ധമാകുമെന്ന് അറിയിച്ചു കഴിഞ്ഞു. ഇതോടെ അതീവ രഹസ്യമായി കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള നീക്കം പൊളിയുമെന്ന ആശങ്ക സിപിഎമ്മിൽ സജീവമാവുകയാണ്.

14വർഷം പൂർത്തിയാക്കിയവർക്ക് ഇളവ് നൽകാമെന്ന് ജസ്റ്റിസ് കൃഷ്ണയ്യർ ഉൾപ്പെട്ട ഏഴംഗ ഭരണഘടനാബഞ്ചിന്റെ ഉത്തരവുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്. ചട്ടപ്രകാരമുള്ള ഇളവുകൾ മാത്രമാണ് നൽകുന്നത്. നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നും സർക്കാർ പറയുന്നു.കേരളപ്പിറവിയുടെ വജ്രജൂബിലിക്ക് ശിക്ഷ ഇളവിന് രണ്ട് വർഷം മുൻപ് തയ്യാറാക്കിയ കൊലക്കേസ് പ്രതികളടക്കമുള്ള 1850പേരുടെ ലിസ്റ്റ് ഗവർണർ മടക്കിയിരുന്നു. ഓരോരുത്തരുടെയും കേസിന്റ വിവരങ്ങൾ, ഇളവ് നൽകാനുള്ള കാരണം എന്നിവ രേഖപ്പെടുത്തി പ്രത്യേകം അപേക്ഷകൾ നൽകാനും നിർദ്ദേശിച്ചിരുന്നു. ആ ലിസ്റ്റ് ചുരുക്കിയ സർക്കാർ 739 പേരുടെ അപേക്ഷ ഒറ്റഫയലിലാണ് ഇപ്പോൾ ഗവർണർക്ക് നൽകിയത്.

ആദ്യം നൽകി പട്ടികയിൽ കൊടി സുനിയും ചന്ദ്രബോസ് വധക്കേസിലെ നിസാം അടക്കമുള്ളവർ ഉണ്ടായിരുന്നു. ഇത് മടക്കിയതോടെയാണ് പുതയ ലിസ്റ്റ് അയച്ചത്. ഈ ലിസ്റ്റിൽ 14 വർഷം ശിക്ഷ അനുഭവിച്ച കൊലക്കേസ് പ്രതികൾ അടക്കമുള്ള 19 പേർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു മാത്രമുണ്ട്. പത്തുവർഷം വരെ തടവ് അനുഭവിച്ച 14 പേരും 65 വയസ് കഴിഞ്ഞ ഏഴുപേരും ഉണ്ട്. വാടകക്കൊലയാളികൾ, സ്ത്രീ പീഡകർ, ലഹരിക്കേസ് പ്രതികൾ എന്നിവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നിയമസെക്രട്ടറി രണ്ട് വട്ടം രാജ്ഭവനിലെത്തി ഗവർണറെ അറിയിച്ചിരുന്നു. ചന്ദ്രബോസ് വധക്കേസിൽ 38 വർഷം ശിക്ഷ കിട്ടിയ മുഹമ്മദ് നിസാം അടക്കം ആദ്യപട്ടികയിലെ ഒൻപതുകൊടും കുറ്റവാളികളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഴിവാക്കിയത്.

ചന്ദ്രശേഖർ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി പി.കെ കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ കള്ളക്കളികൾ സജീവമാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാകുന്നത്. പ്രായാധിക്യമെന്ന പരിഗണന നൽകി കുഞ്ഞനന്തനെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനാണ് ഗവർണ്ണറുടെ നിലപാട് വിനയാകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യ പ്രശ്നങ്ങളുയർത്തി ജയിൽ മോചിതനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യവും ആരോഗ്യ പ്രശ്നവും ഉയർത്തി കുഞ്ഞനന്തനെ വിട്ടാലും ആരും ചോദ്യം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. എന്നാൽ കൊലക്കേസ് പ്രതികളുടെ കാര്യത്തിൽ ഇത് പാടില്ലെന്നാണ് ഗവർണ്ണറുടെ പക്ഷം..

കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ ജയിൽ ഉപദേശക സമിതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കുഞ്ഞനന്തനും കെ സി രാമചന്ദ്രനുമടക്കം ടി പി ചന്ദ്രശേഖരൻഡ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 1800 പേർക്ക് ശിക്ഷായിളവു നൽകാനായി ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടിക മുൻപ് വിവാദമായിരുന്നു. മറുനാടൻ മലയാളിയാണ് വിവരാവകാശത്തിലൂടെ ഈ നീക്കം പുറത്തുകൊണ്ടു വന്നത്. ഇത് വിവാദമായതോടെ നീക്കം പാളി. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നു കാണിച്ച് ഈ പട്ടിക ഗവർണർ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് സർക്കാർ ഗവർണർക്കു സമർപ്പിച്ച 739 പേരുടെ പട്ടികയിൽ ടി പി കേസിലെ പ്രതികളുടെ പേരുണ്ടായിരുന്നില്ല. തന്ത്രപൂർവ്വമായിരുന്നു ഇതിൽ സർക്കാരിന്റെ തുടർനീക്കം. വിവാദമൊഴിവാക്കാൻ കുഞ്ഞനന്തനെ ഒറ്റയ്ക്ക് പുറത്തു കൊണ്ടു വരാനും നീക്കം നടത്തി.

ടി.പി ചന്ദ്രശേഖരൻ കേസിലെ 13-ാം പ്രതിയായിരുന്നു പി.കെ കുഞ്ഞനന്തൻ ഇടതു സർക്കാർ അധികാരം ഏറ്റതിൽ പിന്നെ ഭൂരിപക്ഷം ദിവസങ്ങളിലും കുഞ്ഞനന്തൻ ജയിലിൽ ആയിരുന്നില്ല. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇയാൾക്ക് പരോൾ നൽകിക്കൊണ്ടിരുന്നത്. ഏറ്റവും ഒടുവിൽ പരോളിനിറങ്ങി സിപിഎം സമ്മേളനത്തിനും കുഞ്ഞനന്തൻ പങ്കെടുത്തു. പാനൂർ ഏരിയാ കമ്മറ്റിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞനന്തൻ ഒമ്പതിൽ ഏഴു മാസം പരോളിൽ ആയിരുന്നുവെന്ന് വിവരാവകാശ രേഖയിലും വ്യക്തമായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒമ്പത് മാസത്തിനിടെ 211 ദിവസം കുഞ്ഞനന്തനു പരോൾ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. പാനൂർ കുന്നോത്ത് പറമ്പ് സി പി എം ലോക്കൽ സമ്മേളനത്തിന്റെ പൊതു വേദിയിലും പ്രകടനത്തിലുമൊക്കെ പരോളിലിറങ്ങിയ കുഞ്ഞനന്തൻ പങ്കെടുത്തിരുന്നു. പരോളിന്റെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇത്തരത്തിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തത്. സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിള്ളങ്ങൽ സെൻട്രൽ ബ്രാഞ്ച് നിർമ്മിച്ച സംഘാടക സമിതി ഉദ്ഘാടനം പി. കുഞ്ഞനന്തനാണ് നിർവ്വഹിച്ചത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കില്ലർ സ്‌ക്വാഡുകളെ അയയ്ക്കുന്നതും പിന്നീട് പകരക്കാരായി വാടക കൊലയാളികളെ പൊലീസിലെത്തിക്കുന്നതുമൊക്കെ കുഞ്ഞന്തനായിരുന്നു. പല കൊലപാതകങ്ങളിലും ഇയാൾ സൂത്രധാരനായിരുന്നെങ്കിലും ഒന്നിലും പ്രതിയായിരുന്നില്ല. ടി പി കേസിൽ നടന്ന പഴുതുകളടച്ച അന്വേക്ഷണത്തിലാണ് കുഞ്ഞനന്തൻ ആദ്യമായി അകത്താകുന്നത്. ആർഎംപിയും ടിപിയുടെ ഭാര്യ കെകെ രമയും എടുത്ത ഉറച്ച നിലപാടായിരുന്നു ഇതിന് കാരണം.