കണ്ണൂർ: ദേശീയതലത്തിൽ സിനിമാ പുരസ്‌ക്കാരം നേടിയാലോ, അന്താരാഷ്ട്ര തലത്തിൽ കായിക മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ നാട്ടുകാർ നൽകുന്നൊരു സ്വീകരണ ശൈലിയുണ്ട്. വിജയികളെ തുറന്ന വാഹനത്തിൽ ആനയിക്കും. റോഡിന്റെ ഇരുവശങ്ങളിലും ആശംസകൾ നേർന്നു കൊണ്ട് നാട്ടുകാരും. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച കണ്ണൂരിൽ സമാനമായ ഒരു സ്വീകരണ ചടങ്ങ് അരങ്ങേറി. എന്താണ് സംഭവം എന്നല്ലേ.. രാജ്യനന്മക്ക് വേണ്ടി പ്രവർത്തിച്ച ശേഷം തിരിച്ചെത്തിയ വ്യക്തിക്കല്ല, സ്വീകരണം ലഭിച്ചത്. അതിക്രൂരമായി ഒരു മനുഷ്യനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായിരുന്നു ആ സ്വീകരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹ ചടങ്ങിലായിരുന്നു അത്യാർഭാഡം നിറഞ്ഞ ഈ സ്വീകരണ ചടങ്ങ് അരങ്ങേറിയത്.

കോട്ടും സ്യൂട്ടും ധരിച്ചു കൊണ്ട് ഷാഫി തുറന്ന ഔഡി കാറിൽ നിന്നും ചുറ്റു നിന്നവർക്ക് നേരെ കൈവീശി കാണിക്കുന്നു. പുതുപുത്തൻ ഔഡി കാറിൽ ചൊക്ലി നഗരത്തിൽ ചുറ്റിക്കറങ്ങിയാണ് ഷാഫിയുടെ വിവാഹ ആഘോഷം നടന്നത്. സിപിഎമ്മിന്റെ എല്ലാ ആശിർവാദങ്ങളോടെയുമാണ് ടിപിയുടെ ഘാതകന്റെ വിവാഹം അരങ്ങേറിയത്. സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ വെള്ള കോട്ട് ധരിച്ച് ഔഡിയിലാണ് കൊലയാളി എത്തിയത്. ഷാഫിക്ക് വിവാഹം കഴിക്കാൻ അവസരം ഒരുക്കാൻ വേണ്ടി ജയിൽ ഉപദേശക സമിതിയുടെ നിർദ്ദേശം പോലും കാറ്റിൽപ്പറത്തിയാണ് പിണറായി സർക്കാർ അവസരം ഒരുക്കിയത്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ അഞ്ചാം പ്രതിയായ ചൊക്ലി ഓറിയന്റൽ സ്‌കൂളിനുസമീപം പറമ്പത്ത് വീട്ടിൽ കെ.കെ. മുഹമ്മദ് ഷാഫിയുടെ വിവാഹത്തലേന്ന് തലശ്ശേരി എംഎൽഎയും സിപിഐഎം നേതാവുമായ എ എൻ ഷംസീർ അടക്കമുള്ളവർ എത്തിയിരുന്നു. ഈ ഫോട്ടോ സൈബർ സഖാക്കൾ തന്നെയാണ് പ്രചരിപ്പിച്ചതും. സി.പി.എം നേതാക്കളുടെ മുഖ്യ കാർമികത്തത്തിൽ തന്നെയായിരുന്നു വിവാഹം. നിരവധി സി.പി.എം നേതാക്കൾ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. വിവാഹത്തിന് ആവശ്യമായ പണം നൽകിയതും പരോൾ സംഘടിപ്പിച്ചു നൽകിയതും സി.പി.എം നേതാക്കൾ ഇടപെട്ടാണെന്നതും വ്യക്തമാണ്.

ടി പി വധത്തിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്നും പാർട്ടി കരകയറുന്നതിനിടെ എംഎൽഎ പ്രതിയുടെ വിവാഹ വിരുന്നിൽ പങ്കെടുത്തത് സിപിഐഎം നേതാക്കളെ വെട്ടിലാക്കിയിരിരുന്നു. സിപിഐഎം സൈബർ ഇടങ്ങളിൽ സജീവമായ പാർട്ടി അനുഭാവികൾ തന്നെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. ഇതും പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ട്ടിച്ചിട്ടിട്ടുണ്ട്. നേരത്തെ ഷാഫിയുടെ വിവാഹക്ഷണക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെ പാർട്ടി ശാസിച്ച സിപിഐഎം സൈബർ പ്രചാരകൻ ആകാശ് തില്ലങ്കേരി എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹാവശ്യത്തിനു വേണ്ടിയുള്ള പരോളിന് അപേക്ഷനൽകാനായി മാത്രം അച്ചടിച്ച ഇംഗ്ലീഷിൽ തയ്യാറാക്കിയ ക്ഷണക്കത്ത് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു.

ആകാശ് തില്ലങ്കേരി നേരത്തെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിശ്രുത വധുവുമായി എത്തുകയും ആരാണെന്നു അന്വേഷിച്ച കാത്തുസൂക്ഷിപ്പുകാരായ സിഐടിയു പ്രവർത്തകരോട് കയർക്കുകയും ചെയ്തത് വിവാദമായിരുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തിയതിനു ജില്ലാ സെക്രട്ടറി പി ജയരാജൻ ഫേസ്‌ബുക് പോസ്റ്റിലൂടെ ശാസിക്കുകയും പിന്നീട് ആകാശ് തില്ലങ്കേരി മാപ്പുപറയുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള സിപിഐഎമ്മിനെതിരായി വലിയതോതിൽ ജനരോഷം ഉണ്ടാക്കിയപ്പോൾ പാർട്ടി ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് എടുത്തിരുന്നത്. േ

കസിൽ അറസ്റ്റിലായ സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ സി രാമചന്ദ്രനെതിരെ സിപിഐഎം അച്ചടക്ക നടപടിയെടുത്തിരുന്നു. ഉന്നത നേതാക്കൾ അറസ്റ്റിലായത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കിയത് ആശ്വാസം പകർന്നു. കൊലയാളി സംഘത്തിൽ പെട്ടവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു പാർട്ടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവർക്ക് നിയമസഹായം നൽകിയത് സിപിഐഎം ആണെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.