- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ ഞങ്ങളുടെ കുട്ടിയാണ്... കുടുംബാംഗം.... ചേർത്തുപിടിച്ച് പോളിറ്റ് ബ്യൂറോ അംഗം ഇത്രയും പറഞ്ഞപ്പോൾ കെ കെ രമ പൊട്ടിക്കരഞ്ഞു; കുലംകുത്തിയെ കെട്ടിപ്പിടിച്ചതിന് പിബി അംഗങ്ങൾക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമോ? സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും ടിപിയുടെ ഭാര്യയെ ആലിംഗനം ചെയ്തത് ചർച്ചകളിൽ; സ്നേഹാലിംഗനം സിപിഎം വിരുദ്ധമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുലംകുത്തിയെന്ന് വിളിച്ച ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎയെ കെട്ടിപിടിച്ചതിനും ആർദ്രമായി കൈയിൽ തൊട്ടതിനും സുഭാഷിണി അലിയുടെയും ബൃന്ദ കാരാട്ടിന്റെയും പേരിൽ പാർട്ടി നടപടിയുണ്ടാകുമോയെന്ന് സാമുഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയിൽ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽവച്ചാണ് സുഭാഷിണിയും ബൃന്ദയും രമയെ കണ്ടത്. സുഭാഷിണി അലി രമയെ കെട്ടിപ്പിടിക്കുന്നതും, ബൃന്ദകാരാട്ട് ആർദ്രതയോടെ രമയുടെ കൈയിൽ പിടിച്ചിരിക്കുന്നതുമായ ചിത്രങ്ങൾ ഇന്നത്തെ മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
നീ ഞങ്ങളുടെ കുട്ടിയാണ്, കുടുംബാംഗം.... ചേർത്തുപിടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഇത്രയും പറഞ്ഞപ്പോൾ തന്നെ കെ കെ രമ പൊട്ടിക്കരഞ്ഞു പോയി. നിറകണ്ണുകളുമായി സുഭാഷിണി അലി ആശ്വസിപ്പിച്ചപ്പോഴും രമയുടെ കണ്ണുകളിൽ നനവ് വറ്റാതെനിന്നു. കണ്ടുനിന്നവരുടെ പോലും കണ്ണുനനയിച്ച രംഗം എന്നാണ് കേരള കൗമുദിയിലെ റിപ്പോർട്ട്. അവർക്കെല്ലാം ഇവിടുത്തെ കാര്യങ്ങളൊക്കെ നന്നായി അറിയാം. താൻ കുടുംബാംഗമാണെന്ന് പറഞ്ഞു കേട്ടപ്പോൾ കരഞ്ഞുപോയെന്നും രമ പറഞ്ഞു.
സമ്മേളന വേദിയിൽവെച്ച് രമയെ അടുത്തിരുത്തി കൈയിൽ പിടിച്ചുകൊണ്ട് കുശലാന്വേശഷണം നടത്തുന്ന ചിത്രം സഹിതമാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ പ്രതിയോഗികൾ രമയെ തള്ളിപ്പറഞ്ഞപ്പോഴും ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിച്ച ഏക സിപിഎം നേതാവായിരുന്നു ബൃന്ദകാരാട്ട്.
ദോഷംപറയരുതല്ലോ, സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ പാർട്ടിയുടെ രണ്ട് ഉന്നത വനിതാ നേതാക്കൾ കെ കെ രമ എംഎൽഎയുമായി സ്‌നേഹവും സൗഹൃദവും പങ്കിട്ടതിനെക്കുറിച്ച് വാർത്തയോ ചിത്രങ്ങളോ കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രമയോടുള്ള പകയും വിദ്വേഷവും സിപിഎമ്മിന്റെ കേരളഘടകം ഇപ്പോഴും നിലനിർത്തുന്നുവെന്നതിന്റെ തെളിവാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളെ പോലും തമസ്‌കരിക്കുന്ന പാർട്ടി നയം.
-കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ കമ്മ്യുണിസ്റ്റ് അണികൾ,അവർ അടിമകൾ അല്ലെങ്കിൽ, കണ്ണ് തുറന്ന് കാണേണ്ടതാണ് ഈ ദൃശ്യം. ദുഃഖത്തിന്റെ ഘനീഭവിച്ച ഒരു രൂപം ഉള്ളിലെ കനലുകൾ മറച്ചുവെച്ചു മനുഷ്യസഹജമായി നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ചു മാനവികതയുടെ മുഖം പ്രകാശിപ്പിക്കുന്നു. തൊട്ടടുത്ത് ചരിത്രം ഒരിക്കലും മാപ്പു നൽകാത്ത പാപത്തെയും പേറി അതിജീവിതയെ ഉറ്റുനോക്കി നിസ്സഹായത പ്രകടിപ്പിക്കുന്ന മറ്റൊരാൾ. അവർക്കിടയിൽ കനലുകൾ ചാരം മൂടി കിടക്കുന്നുണ്ടാകും- എന്നാണ് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ശക്തിധരന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ബൃന്ദയുടെയും, സുഭാഷിണി അലിയുടെയും നിലപാടുകളെ പ്രകീർത്തിച്ചിരിക്കുന്നത്.
-തൃക്കാക്കര ഒന്ന് കഴിഞ്ഞോട്ടെ,.... കാണിച്ചുതരാം...... ഇനി ഇത്തരം വനിതാ ശാക്തീകരണം..... നിയമസഭയുടെ ചെലവിലായാലും വെച്ചുപൊറുപ്പിക്കില്ല.. എന്നാണ് ഒരു കമന്റ്. മറ്റൊരു കമന്റ് ഇങ്ങനെയാണ്, വെട്ടിനുറുക്കപ്പെട്ട സ്വന്തം പ്രിയതമന്റെ വേർപാടിൽ മനംനൊന്ത് കഴിയുന്ന ഒരു ഹതഭാഗ്യയെ കാണാനും ആശ്വാസ വാക്ക് പറയാനും ചെന്ന പി.ബി അംഗമായിരുന്ന ഒരാളെ ശാസിക്കാനും അവഹേളിക്കാനും തയ്യാറായ സംസ്ഥാന പാർട്ടി നേതൃത്വം ഈ പിബി അംഗങ്ങളോട് എന്ത് സമീപനമാകും സ്വീകരിക്കാൻ പോവുന്നതെന്നറിയാൻ ആകാംക്ഷയുണ്ട്.
തൃക്കാക്കര തിരഞ്ഞെടുപ്പിനിടയിൽ പാർട്ടി ശത്രുക്കൾക്ക് ഇങ്ങനെയൊരു വടി കൊടുത്തതിന് സുഭാഷിണി അലിയും, ബൃന്ദ കാരാട്ടും ഇനി എന്തെല്ലാം പഴികളായിരിക്കും കേൾക്കേണ്ടി വരിക. ഒന്നുറപ്പാണ് രണ്ടാൾക്കുമെതിരെ പാർട്ടിയുടെ കേരള ഘടകത്തിൽ നിന്നും പാർട്ടിവിരുദ്ധ പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും സഹിതം പരാതികൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തേക്ക് പോകുമെന്നുറപ്പാണ്. കുലംകുത്തിയുടെ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പാർട്ടിവിരുദ്ധമെന്ന് ഒരു പക്ഷേ, പോളിറ്റ് ബ്യൂറോ തന്നെ കണ്ടെത്തിയേക്കാം.
അതുകൊണ്ട് തന്നെയാണ് പിണറായി വിജയൻ പറഞ്ഞ വാക്കുകൾ സത്യമാവുന്നത്.- നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ.........-അങ്ങനെ ഈ വിഷയത്തിൽ സോഷ്യൽ മീഡിയാ ചർച്ച തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ