- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണ പരിശോധനാ വിവരങ്ങൾ മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം: ടിആർഎ
ആലപ്പുഴ: പട്ടണത്തിലെ ഭക്ഷണശാലകളിലെയും ഭക്ഷ്യവസ്തു വിതരണ കേന്ദ്രങ്ങളിലെയും പരിശോധനാ വിവരങ്ങൾ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പതിവായി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജിന് മുനിസിപ്പൽ സെക്രട്ടറി മുഖേന തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) വീണ്ടും നിവേദനം നല്കി.
ഈ വിഷയത്തിൽ പത്തിലേറെ വർഷങ്ങളായി നിരവധി നിവേദനങ്ങളും പരാതികളും സമർപ്പിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സമർപ്പിച്ച നിവേദനം തീയതി 2016 ജൂൺ രണ്ടിനായിരുന്നു. തുടർന്നു ഓർമ്മപ്പെടുത്തൽ കത്തുകൾ പലത് അയച്ചു. ഒന്നിനും മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.
ആലപ്പുഴ പട്ടണത്തിലെ ഭക്ഷണശാലകളിലും ഭക്ഷ്യവസ്തു വിതരണ കേന്ദ്രങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം തുടർച്ചയായി പരിശോധന നടത്തണമെന്നും പരിശോധനയ്ക്കു ശേഷമെടുക്കുന്ന നടപടികൾ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അന്നന്നു തന്നെ പ്രസിദ്ധീകരിക്കണമെന്നുമാണ് നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുള്ളത്. ജനങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇത് ആവശ്യമാണ്.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും കടകളിലും പരിശോധന നടത്തി നിയമങ്ങൾ പാലിക്കാതെയും വൃത്തിഹീനമായും മായം കലർത്തിയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നല്കുകയും പിഴ ഈടാക്കുകയും കൂടാതെ അടച്ചുപൂട്ടാൻ നിർദ്ദേശം നല്കുകയും ചെയ്യാറുണ്ട്. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ വില്ക്കുന്നതും മായം കലർത്തുന്നതും ആവർത്തിച്ച് ഒരേ എണ്ണ ഉപയോഗിക്കുന്നതുമാണ് സ്ഥിരം കുറ്റങ്ങൾ എന്നാണ് മനസിലാക്കുന്നത്. എന്നാൽ പരസ്യതാത്പര്യങ്ങളുള്ളതിനാൽ സാധാരണ ഗതിയിൽ കുറ്റാരോപിതരുടെയോ കടകളുടെയോ പേരുവിവരങ്ങൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കാറില്ല. അതിനാൽ നടപടിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും തെറ്റിദ്ധാരണ പരക്കുന്നതും മറ്റു സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിറുത്തുന്നതും പതിവാണ്.
അത്യന്തം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ലൈസൻസും അനുമതിയുമൊന്നുമില്ലാതെ അനധികൃതമായും ഗതാഗതതടസ്സമുണ്ടാക്കിയും അപകടകരമായും പ്രവർത്തിക്കുന്ന വഴിയോര ഭക്ഷണ തട്ടുകടകൾ പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. മലിനജലമാണ് പലയിടങ്ങളിലും കുടിക്കാനും പാത്രങ്ങൾ കഴുകാനും ഉപയോഗിക്കുന്നത്. എലി, പാറ്റ തുടങ്ങിയ രോഗവാഹികളായ ക്ഷുദ്രജീവികളെ ഭക്ഷണസാധനങ്ങളിൽ വരെ കാണാം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പകർച്ചവ്യാധികൾ തടയാനും തുടർച്ചയായ പരിശോധനകളും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കലും ആവശ്യമാണ്.
വൃത്തിഹീനവും നിലവാരം കുറഞ്ഞതും പഴകിയതും ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വില്ക്കുന്ന കടകളെക്കുറിച്ച് വ്യക്തമായി തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ജനങ്ങളിൽ നിന്നു പരാതികൾ ലഭിക്കാൻ കാത്തിരിക്കരുത്. പതിവായി പരിശോധനകൾ നടത്തുകയും ഔദ്യോഗികമായി മുനിസിപ്പാലിറ്റി അത് വെളിപ്പെടുത്തുകയും വേണം.
മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നു കഴിഞ്ഞ പത്തിലേറെ വർഷങ്ങളായി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. വിവരാവകാശ നിയമം അനുസരിച്ച് ആവശ്യപ്പെട്ടാൽ മുനിസിപ്പാലിറ്റിക്കു വിവരങ്ങൾ വ്യക്തമാക്കി ഓരോരുത്തർക്കും മറുപടി വിശദമായി നല്കേണ്ടതുണ്ട്. പൊതുക്കാര്യങ്ങൾ വെബ്സൈറ്റിൽ നല്കിക്കൊണ്ടിരുന്നാൽ അത്തരം അന്വേഷണങ്ങളും അതുമൂലമുണ്ടാകുന്ന അനാവശ്യ ജോലിത്തിരക്കും ഒഴിവാക്കാനുമാകും.: നിവേദനത്തിൽ വിശദീകരിക്കുന്നു.