മസ്‌കത്ത്: അശോഭ ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്ന് കരകയറി വരുന്ന ഒമാനെ വലയ്ക്കാൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമെത്തുന്നു. ന്യൂനമർദ്ദം മഴമേഘങ്ങളായി ഒമാൻ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ വരുന്ന 48 മണിക്കൂറിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴക്കും പൊടിക്കാറ്റിനും സാധ്യതയേറുന്നു. ദോഫാർ ഗവർണറേറ്റിന്റെ തീരദേശങ്ങൾ, അൽ ഹജർ പർവത നിരകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.

ബുറൈമി, ഫഹൂദ്, റുസ്താഖ്, ഇബ്ര, സൈഖ്, സുമൈൽ, ബഹ്ല, ഇബ്രി, നിസ്വ, സുവൈഖ്, മുദൈബി, ബിദിയ, യങ്കൽ, ഖുറിയാത്ത് എന്നിവിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. മത്സ്യബന്ധനത്തിന് കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ദൂരകാഴ്ച കുറയാം. അതിനാൽ മോട്ടോറിസ്റ്റുകൾ ജാഗ്രത പാലിക്കേണ്ടതാണ്. ശക്തമായ കാറ്റും ചില പ്രദേശങ്ങളിലുണ്ടാകാം. വാദികൾ മുറിച്ചു കടക്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്.

അശോഭ കാറ്റ് ശർഖിയ്യ ഗവർണറേറ്റുകളിൽ വൻ നാശനഷ്ടമുണ്ടാക്കിയിരുന്നി. ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.