ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ 37 നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. മേധാ പട്കർ, ഭൂട്ടാ സിങ്, യോഗേന്ദ്ര യാദവ്, ദർസൻ പാൽ, രാകേഷ് ടിക്കായത്ത്, ഗുർനാംസിങ് ചദൂനി, ജെഗീന്ദർ ഉപഗ്രഹ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സംഘർഷത്തിന് ഉത്തരവാദികളാണെന്നു പൊലീസ് പറയുന്നു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 200 പേരെ കസ്റ്റഡിയിലെടുത്തു. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർക്കാണു പരുക്കേറ്റത്.

സംഘർഷവുമായി ബന്ധപ്പെട്ട് 550 അക്കൗണ്ടുകൾ ട്വിറ്റർ സസ്‌പെൻഡ് ചെയ്തു. ട്രാക്ടർ റാലി അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിൽ കർഷക സമരത്തിൽനിന്നു രണ്ടു സംഘടനകൾ പിന്മാറി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണു പിന്മാറിയത്. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ സർക്കാർ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമരസമിതി പ്രതികരിച്ചു.

സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് പാർലമെന്റ് മാർച്ച് നടത്തുന്നതിനെ ചൊല്ലി കർഷക സംഘടനകൾക്കിടയിൽ ഭിന്നത നിലനിൽക്കുകയാണ്. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയ ദീപ് സിദ്ധുവിന്റെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി വിവാദം കനത്തു. ദീപ് സിദ്ധുവിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ദീപ് സിദ്ധു പ്രധാനമന്ത്രിക്കും ബിജെപി എംപി സണ്ണി ഡിയോളിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.