ചാലക്കുടി: അടിയന്തിര ഘട്ടത്തിൽ ആംബുലൻസോ മറ്റുവാഹനങ്ങളോ ലഭിക്കാത്തതിനാൽ കോവിഡ് ബാധിച്ച് അവശനിലയിലായ രോഗിയെ ട്രാക്ടറിൽ ആശുപത്രിയിലെത്തിച്ച് കുടുംബം. ചാലക്കുടി പരിയാരം പഞ്ചായത്തിലെ മാനസീക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് വീട്ടുാരുടെ തന്നെ ട്രാക്ടറിൽ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

രാത്രിയോടെ യുവാവിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പൾസ് ഓക്‌സിമീറ്ററിൽ പരിശോധിച്ചപ്പോൾ ഓക്‌സിജന്റെ അളവു കുറഞ്ഞതായി കണ്ടെത്തി.തുടർന്ന് വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനായി പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അടിയന്തിരമായി വാഹനം ലഭ്യമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടായിരുന്നു പഞ്ചായത്തംഗം അല്ലി ഡേവിസിന്റെ മറുപടി.അടിയന്തരമായി വാഹനം ലഭ്യമാക്കാൻ കഴിയില്ലെന്നറിഞ്ഞ് മറ്റു വാഹനങ്ങൾ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ട്രാക്ടറിൽ ആശുപത്രിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ പറഞ്ഞു.

പിന്നീട് ന്യുമോണിയ ബാധിച്ചതായും ഷുഗറിന്റെ അളവ് ഉയർന്നതായും തിരിച്ചറിഞ്ഞതോടെ താലൂക്ക് ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അതേസമയം യുവാവിനെ ട്രാക്ടറിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ കുറിച്ച് ഫേസ്‌ബുക് പോസ്റ്റിട്ടയാൾക്കു മർദനമേറ്റതായി പരാതി. സേവാദൾ മണ്ഡലം ചെയർമാൻ ഷാരോൺ കൊടിയനാണ് മർദനമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. പഞ്ചായത്ത് ഓഫിസിനു സമീപത്തു വച്ച് 8 അംഗ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണു മർദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.