- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എളമരം കരീമിനെ അപമാനിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ പുറത്താക്കുക'; മുദ്രാവാക്യം വിളികളുമായി ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാർച്ച്; പ്രതിഷേധം ലൈവായി കവർ ചെയ്ത് ചാനലും; ബാർക്ക് റേറ്റിംഗിൽ ഒന്നാമതെത്തുന്ന ഏഷ്യാനെറ്റിന്റെ ഗുട്ടൻസ് അറിയാം
തിരുവനന്തപുരം: മാധ്യമപ്രവർത്തനം എന്നത് കേരളത്തിലെ സാഹചര്യത്തിൽ ഒരു പ്രതിപക്ഷ പ്രവർത്തനം കൂടയാണെന്ന് നിരവധി നിരീക്ഷകർ അഭിപ്രായപ്പെടാറുണ്ട്. ഭരണക്കാരുടെ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടുമ്പോൾ തന്നെ നല്ല കാര്യങ്ങൾക്ക് കൈയടിക്കുകയും ചെയ്യേണ്ടതുണ്ട്. വിനു വി ജോൺ എന്ന മാധ്യമപ്രവർത്തകൻ പലപ്പോഴും പ്രവർത്തിച്ചിട്ടുള്ളത് ഈ ലൈനിൽ തന്നെയാണ്. ട്രേയ്ഡ് യൂണിയൻ സംഘടനകൾ രണ്ട് ദിവസം ദേശീയ പണിമുടക്ക് നടത്തിയപ്പോൾ ഏഷ്യാനെറ്റ് ്‌നയൂസിൽ വിനു നയിച്ച ചർച്ചകളാണ് കേരളത്തിലെ ഭരണപ്പാർട്ടിക്ക് തലവേദനയായി മാറിയത്.
സമരക്കാർ നടത്തിയ അതിക്രമങ്ങൾ റിപ്പോർട്ടു ചെയ്തപ്പോൾ നേതാക്കൾക്ക് ഉത്തരംമുട്ടുകയും ചെയ്തു. ഇതോടെയാണ് വിനുവിനും ഏഷ്യാനറ്റിനും എതിരായി ഇന്ന് പ്രതിപഷേധ മാർച്ച് നടത്തുകയും ചെയ്തത്. എന്നാൽ സിപിഎം നടത്തിയ പ്രതിഷേധ മാർച്ചും ചാനലിൽ ലൈവ് കവറേജ് നൽകി ഏഷ്യാനെറ്റ് ന്യൂസ്. ഒരു കാര്യത്തിൽ മാത്രമേ വ്യത്യാസം വന്നുള്ളൂ, സമരക്കാർ പറയുന്ന കാരണം തെറ്റാണെന്ന് ആവർത്തിക്കുന്ന വീഡിയോയും അന്നത്തെ ചർച്ചയും ചാനൽ കാണിക്കുന്നുണ്ട്.
ആനത്തലവട്ടം ആനന്ദനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഇന്ന് സമരങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരടക്കം മുഴുവൻ തൊളിലാളികളും ഈ പോരാട്ടത്തിൽ അണിചേരേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വിനു വി ജോണിന്റെ ആഹ്വാനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുക്കണം. ഈ രീതിയിൽ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകും - ആനത്തലവട്ടം പറഞ്ഞു.
തൊഴിലാളി സംഘടനകളുടെ മാർച്ച് പൊലീസ് ഫയർസ്റ്റേഷൻ ആസ്ഥാനത്തിന് മുന്നിൽ വച്ച് തടഞ്ഞു. 'ജനപ്രിയ തൊഴിലാളിവർഗ നേതാവ് എളമരം കരീമിനെ അപമാനിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ പുറത്താക്കുക' തുടങ്ങിയ പ്ലക്കാർഡുകളും ഏന്തിയാണ് സമരക്കാർ എത്തിയത്. എന്നാൽ, ഈ സമരവും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു. ചാനൽ എന്തുകൊണ്ടാണ് ബാർക്ക് റേറ്റിംഗിൽ മുന്നിൽ നിൽക്കുന്നത് എന്നതിന്റെ തെളിവായി മാറി വാർത്താ റിപ്പോർട്ടിംഗിലെ ആ പ്രൊഫഷണലിസവും.
തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലേയും കോഴിക്കോട്ടേയും ഏഷ്യാനെറ്റ് ന്യൂസ് മേഖല ഓഫീസുകളിലേക്കും തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി. 28-ാം തീയതി വൈകിട്ട് നടന്ന ന്യൂസ് അവർ ചർച്ചയാണ് തൊഴിലാളി സംഘടനകളുടെ മാർച്ചിന് ആധാരം. പണിമുടക്കിന്റെ ആദ്യ ദിവസം നടന്ന ആക്രമണ സംഭവങ്ങളെ അപലപിക്കുകയായിരുന്നു ന്യൂസ് അവർ. അക്രമണ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി നിസാരവൽക്കരിക്കുന്ന എളമരം കരീമിന്റെ പ്രസംഗം ന്യൂസ് അവറിൽ സംപ്രേഷണം ചെയ്തിരുന്നു. ചെറിയ പ്രശ്‌നങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നുവെന്ന തരത്തിലായിരുന്നു എളമരത്തിന്റെ പ്രസംഗം.
'ഇത് പെട്ടന്നുണ്ടാക്കിയ മിന്നൽ പണിമുടക്കല്ല, അങ്ങനെയായിരുന്നുവെങ്കിൽ ഒരു വിവരവുമറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി, വെള്ളം കിട്ടിയില്ല, ചായ കിട്ടിയില്ല എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം...രണ്ട് മാസം മുമ്പ് പ്രഖ്യപിച്ചതാണ്. എത്ര മാധ്യമങ്ങൾ വന്നു ഈ സമരത്തിന്റെ സന്ദേശം ജനങ്ങളെ അറിയിക്കാൻ. ഇപ്പോ പോകുന്നു ഏതെങ്കിലും ഒരു ഓട്ടോറിക്ഷ തടഞ്ഞു അപ്പുറത്തൊരാളെ മാന്തി, ഇപ്പുറത്തൊരാളെ പിച്ചി എന്നൊക്കെ, പരാതികളാണ് ' ഇതായിരുന്നു എളമരത്തിന്റെ പ്രസ്താവന.
ഇത് ജനവിരുദ്ധ പ്രസ്താവനയെന്ന് വിമർശനമാണ് അവതാരകൻ വിനു വി ജോൺ ഉന്നയിച്ചത്. ഈ ചർച്ചയുടെ ഒരു ഭാഗം അടർത്തിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്.
അതേസമയം മാധ്യമസ്ഥാപനത്തിന് മുന്നിലെ സമരം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ടായാൽ മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നയിക്കുകയല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് എന്തായാലും നിലപാട് ഐഎൻടിയുസിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ