പത്തനംതിട്ട: മെയ് ദിനത്തിൽ ആ ആശ്വാസ വാർത്ത വായിച്ചാണ് എല്ലാവരും ഉണർന്നത്.ചെയ്യാത്ത കൂലിക്ക് കൂലി ആവശ്യപ്പെടുന്ന പരിപാടിക്ക് അവസാനമിട്ട് സർക്കാർ ഉത്തരവിറങ്ങി. ചുമട്ടുതൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യപ്രവണതകൾ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴിൽ സംസ്‌കാരം പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചില യൂണിയനുകൾ തൊഴിൽമേഖലകളിൽ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് എട്ടിന് നടന്ന ട്രേഡ്യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ചയുടെകൂടി അടിസ്ഥാനത്തിലാണ് തൊഴിൽവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണതകൾ സംസ്ഥാനത്തെ സംരംഭകത്വ വളർച്ചയ്ക്ക് വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് നടപടി.എന്നാൽ, സിപിഎമ്മിന്റെ ട്രേഡ് യൂണിയൻ സംഘടനയായ സിഐടിയു തന്നെ ഉത്തരവിനെ നോക്കുകുത്തിയാക്കിയ കഥയാണ് ഇനി പറയുന്നത്.

പത്തനംതിട്ടയിലെ മല്ലപ്പള്ളി വെണ്ണിക്കുളമാണ ്സ്ഥലം.പടുതോട് നാറാണത്ത് രാജു വർഗീസിന്റെ വീട് നിർമ്മാണത്തിന്റെ ഭാഗമായി ഗ്രാനൈറ്റ് വാങ്ങിക്കൊണ്ടുവന്ന ഉടമയോടാണ് നോക്കുകൂലി ചോദിച്ചത്. ലോഡിറക്കുന്നത് സിഐടിയുവിൽ പെട്ട് ചുമട്ടുതൊഴിലാളികൾ തടഞ്ഞു.നോക്കുകൂലിയായി ചോദിച്ചത് 13,000 രൂപ. 120 ചതുരശ്ര അടി ഗ്രാനൈറ്റ് ഇറക്കുന്നതിനാണ് ഈ തുക ആവശ്യപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വൈകുന്നേരം 4.30 ഓടെ, ഉടമ പത്തനംതിട്ടയിലെ സ്ഥാപനത്തിൽ നിന്ന് ഗ്രാനൈറ്റ് വാങ്ങി കടയിൽ നിന്നുള്ള വാഹനത്തിൽ തൊഴിലാളികളുമായി എത്തിയത്. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഗ്രാനൈറ്റ് ഇറക്കാൻ തുടങ്ങിയപ്പോഴാണ് വെണ്ണിക്കുളത്ത് നിന്ന് ഏഴ് സിഐടിയു തൊഴിലാളികളെത്തി. ലോഡ് തങ്ങൾ ഇറക്കിക്കോളാമെന്നും അതല്ലെങ്കിൽ 13,000 രൂപ നൽകണമെന്നും വീട്ടുടമയോട് ആവശ്യപ്പെട്ടു.തുക അൽപം കുറച്ചുനൽകാൻ ഉടമ കെഞ്ചിയെങ്കിലും തൊഴിലാളികൾ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

നോക്കുകൂലി നിരോധന ഉത്തരവിന്റെ അറിയിപ്പിനൊപ്പം കണ്ട ടോൾ ഫ്രീ നമ്പറിലും വിളിച്ച് ഉടമയായ രാജു പരാതി നൽകി.അസിസ്റ്റന്റ് ലേബർ ഓഫീസർ തൊഴിലാളികളുമായി ഫോണിൽ സംസാരിച്ചെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. മൂന്ന് മണിക്കൂർ നീണ്ട തർക്കത്തിനൊടുവിൽ, അസിസ്റ്റന്റ് ലേബർ ഓഫീസർ എം.എസ്.സുരേഷ് സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് അനുരഞ്ജനമായത്. 2000 രൂപയ്ക്ക് ലോഡിറക്കാൻ തൊഴിലാളികൾ തയ്യാറായി.

ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ അനഭിലഷണീയ പ്രവണതകൾ അവസാനിപ്പിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.ഏതെങ്കിലും തൊഴിൽമേഖലയിൽ തൊഴിൽ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയർന്ന കൂലി നിരക്കുകൾ ആവശ്യപ്പെട്ടോ തൊഴിലുടമയെയോ ഉടമയുടെ പ്രതിനിധിയെയോ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുകയോ വസ്തുവകകൾ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല.എന്നാൽ, ഇതൊക്കെ നടപ്പാവുമോ എന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പലരും ചോദിക്കുന്നത്.