കൊച്ചി: പ്രതിഷേധങ്ങൾ ഇരമ്പുന്ന സാഹചര്യത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ കൊച്ചി ക്യാംപസിലെ പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവച്ചു. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടിസിഎസ് ക്യാംപസ്സിലാണ് പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് നടപടി താൽക്കാലികമായി മരവിപ്പിച്ചത്. ഇമെയിൽ മുഖേന മീറ്റിങ് അറിയിപ്പ് നൽകി ജീവനക്കാരോട് സ്വമേധയാ രാജിവയ്ക്കാൻ ആവശ്യപ്പെടുകയാണ് പതിവ്. ഇത്തരമൊരു മീറ്റിങ് വെള്ളിയാഴ്ച വിളിച്ചിരുന്നു. എന്നാൽ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് ഈ മീറ്റിങ് മാറ്റിവയ്ക്കുകയായിരുന്നു. നേരത്തെ പിരിച്ചുവിട്ട ജീവനക്കാർക്ക് അയച്ചതിന് സമാനമായ ഇമെയിൽ സന്ദേശമാണ് കഴിഞ്ഞ ദിവസം ജീവനക്കാർക്ക് ലഭിച്ചത്. നടപടി മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതിനെ തുടർന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നടപടിയെന്ന് ടിസിഎസ് കൊച്ചി ക്യാംപസിലെ ജീവനക്കാർ വ്യക്തമാക്കുന്നു.

അതേസമയം പിരിച്ചുവിടലിനെതിരെ പിന്തുണയുമായി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന സിഐടി.യു, ഐ.എൻ.ടി.യു.സി എന്നീ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കൊച്ചി ഉൾപ്പെടെയുള്ള ടി.സി.എസ് ക്യാംപസുകളിൽ നിന്ന് 30000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ്(സിഐടിയു) ആവശ്യപ്പെട്ടു. പത്തുവർഷത്തിലധികമായി ജോലിചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അമ്പതിനായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാൻ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. കമ്പനിയുടെ ലാഭം കൂട്ടാനാണ് വർഷങ്ങളായി ജോലിചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ തൊഴിലാളികളെ ചുരുങ്ങിയ വേതനത്തിനു നിയമിക്കുന്നതെന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാർക്ക് പിന്തുണയുമായി ബിഎംഎസും രംഗത്തെത്തിയിട്ടുണ്ട്. ടിസിഎസിന്റെ നടപടി നിഷ്ഠൂരമാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ വിജയകുമാർ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ രൂപം കൊണ്ട ഫെഡറേഷൻ ഓഫ് ഐടി എംപ്ലോയീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം ചൂടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ടിസിഎസ് ജീവനക്കാർ.കൊച്ചിയിലെ ടിസിഎസിൽ നിന്നും പിരിച്ചുവിട്ടവർ ഈ സംഘടനയുടെ ലേബലിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. നാളെ കൊച്ചിയിൽ പ്രതിഷേധ സമരം നടത്താനാണ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാർ ഒപ്പിട്ട ഭീമ ഹർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമർപ്പിക്കാനിരിക്കുകയാണ് സംഘടന. തോന്നിയപോലുള്ള പിരിച്ചുവിടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മുവ്വായിരത്തിലധികം പേർ ഓൺലൈനായി ഇതിനകം ഒപ്പുവച്ചു കഴിഞ്ഞു. കൊച്ചിയിലെ പ്രതിഷേധ പ്രകടനത്തിനു ശേഷം അടുത്തത് ബാംഗ്ലൂരിൽ നടത്താനും ഇവർ പദ്ധതിയിടുന്നുണ്ട്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പിരിച്ചുവിടൽ വാർത്തകൾ ടിസിഎസ് നിഷേധിച്ചു. പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെന്ന നിലയിൽ തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക എന്നത് സ്വാഭാവിക പ്രക്രിയയാണ് ടിസിഎസ് വക്താവ് വ്യക്തമാക്കി. മധ്യനിര തൊട്ട് സീനിയർ തലം വരെയുള്ള മാനേജ്‌മെന്റ് ജീവനക്കാരെ പുനരേകീകരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന റിപ്പോർട്ടുകളോട്, ഇത് വർഷത്തിലുടനീളം നടക്കുന്നതാണെന്നും ജീവനക്കാരുടെ പ്രകടനം, കമ്പനിയുടെ ബിസിനസ് ആവശ്യം, താൽപര്യം എന്നിവയ്ക്കനുസരിച്ചാണിതെന്നും കഴിഞ്ഞ മാസം ടി സി എസ് ഗ്ലോബൽ എച്ച് ആർ മേധാവി അജോയേന്ദ്ര മുഖർജി പ്രതികരിച്ചിരുന്നു. നേരത്തെ വലിയ വരുമാന നേടുമെന്ന് പ്രവചിച്ചിരുന്ന കമ്പനി ഈ വാക്കുകൾ പിൻവലിച്ച് ഈ സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനമായിരിക്കുമെന്നാണ് കഴിഞ്ഞ മാസം പറഞ്ഞത്.