ആലപ്പുഴ : സർക്കാരിന്റെ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങൾ പാളുന്നു. കൈയിലിത്തിരി പണവും രണ്ടുപേർ ജാമ്യക്കാരായുണ്ടെങ്കിൽ ഏതു കുടിയനും എപ്പോൾ വേണമെങ്കിലും സ്‌റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോകാം.

സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നു, ഒപ്പം അപകടങ്ങളും. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ കണക്കുകൾ പിന്തള്ളി നടപ്പുവർഷം കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നാണ് സൂചന. 2013 -ൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ കേസുകളുടെ എണ്ണം 2.5 ലക്ഷത്തിലധികമായിരുന്നു. എന്നാൽ അപകടങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ പൊലീസിന്റെയും ഗതാഗത വകുപ്പുന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നും നിരവധി ബോധവൽക്കണ പരിപാടികൾ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. 2014 -ൽ ഇതു മൂന്നുലക്ഷത്തിലേക്ക് നീങ്ങി. അതേസമയം 2015- ലെ മാസാന്ത്യ കണക്കുകൾ പരിശോധിക്കുമ്പോൾ മുൻവർഷങ്ങളെ വെല്ലുന്നതരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

നിലവിലെ നാലുമാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലാതലങ്ങളിൽ ഇത്തരം കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഏറെ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങളുള്ള തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണ് ഏറെയും കേസുകൾ കുമിഞ്ഞുകൂടുന്നത്. ആലപ്പുഴ ജില്ല ഒട്ടും പിന്നിലല്ല. ജില്ലയിൽ ജനുവരിയിൽ 1664, ഫെബ്രുവരിയിൽ 1537, മാർച്ചിൽ 1907, ഏപ്രിലിൽ 1627 എന്നിങ്ങനെ കേസുകളാണ് ക്രൈം റെക്കാർഡ്‌സ് ബ്യൂറോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2014-ൽ ആലപ്പുഴ ജില്ലയിൽ മാത്രമായി 20,071 പേരാണ് പൊലീസ് പിടിയിലായത്. ഇതിൽ ഏറെപ്പേരും യുവാക്കളാണ്. 2013-ൽ 19649 പേരും. സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ ഭൂരിഭാഗവും മദ്യപിച്ചുള്ള ഡ്രൈവിങ് തന്നെയെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ചകളിലെ ഡ്രൈഡേ ഒഴിവാക്കിയതു മൂലം കൂടുതൽ ആളുകൾ ഈ ദിവസം പൊലീസ് പിടിയിലാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിനം 1500 ഓളം മദ്യപന്മാരാണ് ഇത്തരത്തിൽ പൊലീസ് വലയിലാകുന്നത്.

എന്നാൽ നിയമം കർശനമാണെങ്കിലും രണ്ടുപേർ ജാമ്യക്കാരായും കൈയിൽ ഇത്തിരി പണവുമുണ്ടെങ്കിൽ സ്റ്റേഷനിൽനിന്നുതന്നെ കുടിയന്മാർക്ക് ഇറങ്ങിപോകാമെന്ന സ്ഥിതിയാണുള്ളത്. കാര്യങ്ങൾ ഇത്തരത്തിൽ നീങ്ങിയാൽ ഭയാനകയമായ കേസുകൾക്കായിരിക്കും കേരളം സാക്ഷിയാവുക.