രാജകുമാരി: അപടത്തിൽ പെട്ട യുവാവിന്റെ ഹൃദയം മറ്റൊരാൾക്ക് കൈമാറുന്നതിനായി ഒരു നാട് കൈകോർത്ത കഥ ട്രാഫിക് എന്ന സിനിമയിലാണ് നമ്മൾ ആദ്യം കണ്ടത്.പിന്നീട് യഥാർത്ഥ ജീവിതത്തിലും സമാനമായ നിരവധി സംഭവങ്ങൾക്ക് നമ്മുടെ സംസ്ഥാനം സാക്ഷ്യം വഹിച്ചു.ഇപ്പോഴിത സമാന രീതിയിൽ ഒരു ഒന്നര വയസ്സുകാരന്റെ ജീവൻ രക്ഷിച്ച കഥയാണ് പുറത്ത് വരുന്നത്.പാമ്പുകടിയേറ്റ കുരുന്നിന്റെ ജീവനാണ് ആംബുലൻസ് ഡ്രൈവർമാർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സിനിമയെ വെല്ലും ട്രാഫിക് മിഷനിലൂടെ തിരിച്ചു പിടിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കു പാമ്പു കടിയേൽക്കുന്നത്. കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പാമ്പു കടിക്കുന്നത് വീട്ടുകാർ കണ്ടെങ്കിലും ഏതിനം പാമ്പാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.അതിനാൽ തന്നെ കുട്ടിക്ക് പെട്ടെന്ന് ചിിത്സ ലഭ്യമാക്കുക മാത്രമായിരുന്നു ലക്ഷ്യം.

ഉടൻ നാട്ടുകാരിൽ ചിലർ രാജകുമാരിയിലെ ആംബുലൻസ് ഡ്രൈവർ ജിന്റോ മാത്യുവിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടിയുമായി മറ്റൊരു വാഹനം രാജകുമാരിയിലേക്കു പുറപ്പെട്ടിരുന്നു. രാജകുമാരിയിലെത്തിയ ഉടൻ ജിന്റോ മാത്യു കുട്ടിയുമായി ആംബുലൻസിന്റെ മുൻ സീറ്റിൽ കയറി. മറ്റൊരു ഡ്രൈവറായ ജിജോ മാത്യുവാണ് ഓടിച്ചത്. എമർജൻസി മിഷൻ സർവീസിന്റെ ഭാഗമായി പൊലീസ്, സന്നദ്ധ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെല്ലാം ഉൾപ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മകളിലേക്കു ജിന്റോ വിവരം കൈമാറി.

ആംബുലൻസിനു വഴിയൊരുക്കാൻ സന്നദ്ധ പ്രവർത്തകർ റോഡിൽ പല ഭാഗത്തും കാത്തുനിന്നു. തിരക്കുള്ള ടൗണുകളിൽ ആംബുലൻസിന് സുഗമമായി കടന്നു പോകാൻ പൊലീസും സൗകര്യമൊരുക്കി. രാജകുമാരിയിൽ നിന്ന് 20 മിനിറ്റ് കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി കുട്ടിക്കു പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി.

ഒന്നേകാൽ മണിക്കൂർ കൊണ്ടാണ് ആംബുലൻസ് അടിമാലിയിൽ നിന്ന് കോട്ടയത്ത് എത്തിയത്. മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി ഉറങ്ങാതിരിക്കാനും ജിന്റോയും ജിജോയും ശ്രമിച്ചു. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വാർഡിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു.