ബെംഗളൂരു: രാഷ്ട്രപതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ പൊലീസുകാരന് പാരിതോഷികം. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിർത്തിയതാവട്ടെ പൊലീസുകാരനും. സസ്പെൻഷനല്ല സർവീസിൽ നിന്ന് പുറത്താക്കാൻ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പൊലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ പാടിപ്പുകഴ്‌ത്തുകയും ചെയ്യുന്നു.

ജനപ്രതിനിധികൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകൽപിക്കാതെ റോഡിൽ തടഞ്ഞുനിർത്തുന്നതാണ് പതിവ്. അപ്പോൾ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കിൽ പറയേണ്ടതില്ലല്ലോ.
എന്നാൽ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിലേക്ക് കടന്നു വരുന്നത് ഒരു ആംബുലൻസാണെങ്കിലോ. പ്രഥമ പരിഗണന എന്താണെന്ന അങ്കലാപ്പിലാവും പൊലീസുകാരൻ. എന്നാൽ സംശയങ്ങളോ ആശയക്കുഴപ്പമോ ഇല്ലാതെ സന്ദർഭത്തിനനുസരിച്ച് മനസ്സാന്നിധ്യം കൈവെടിയാതെ ആ പൊലീസുകാരൻ പ്രഥമ പൗരനേക്കാൾ പ്രഥമ പരിഗണന ആംബുലൻസിന് നൽകി.

രാഷ്ട്രപതി കാത്തു നിൽക്കട്ടെ ആംബുലൻസ് പോകട്ടെ എന്ന നിലപാടെടുത്തത് ബെംഗളൂരു ട്രാഫിക് പൊലീസിലെ സബ് ഇൻസ്പെക്ടർ എംഎൽ നിജലിംഗപ്പയാണ്. ജൂൺ 17നാണ് സംഭവം. ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയുടെ സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖർജി. ട്രിനിറ്റി സർക്കിളിൽ രാഷ്ട്രപതിയുടെ വാഹനം എത്തിച്ചേരുന്നതിന് ഏതാനും നിമിഷം മുമ്പാണ് വാഹന വ്യൂഹത്തെ തടഞ്ഞു നിർത്തി അതു വഴി വന്ന ആംബുലൻസിന് കടന്നു പോകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നിജലിംഗപ്പ തനിക്ക് കീഴിലുള്ള പൊലീസുകാർക്ക് നിർദ്ദേശം നൽകിയത്.

പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അഭയ് ഗോയാൽ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററിൽ കുറിപ്പിട്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായത്.