മംഗലാപുരം: സാമൂഹ്യ പ്രവർത്തനവും പൊതുബോധവും കൊണ്ട് മംഗളൂരുവിലെ തലമുറകളെ പ്രചോദിപ്പിച്ച പ്രശസ്ത ട്രാഫിക് വാർഡൻ ചീഫ് ജോസഫ് ഗോൺസാൽവസ് (99 )അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത് .

1922 ജനുവരി 1 ന് ജനിച്ച ജോ പലർക്കും വലിയ പ്രചോദനമായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലും അദ്ദേഹം ഒരു ചെറുപ്പക്കാരനെ പോലെയാണ് പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചത്. 100 വർഷം പൂർത്തിയാകാൻ നാല് മാസം മാത്രം അവശേഷിക്കെയാണ് മരണം തേടി എത്തിയത്.

ഫാൽനിർ നിവാസിയായ ജോ, ബ്രിട്ടീഷ് സ്ഥാപനമായ ജെ എൽ മോറിസണിൽ ജോലി ചെയ്താണ് തുടക്കം. ഇവിടെ മാനേജ്‌മെന്റ് ട്രെയിനിയായി ചേർന്ന് ജനറൽ സെയിൽസ് മാനേജരായി മാറി. പിന്നീട് അദ്ദേഹം മറ്റൊരു കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. തുടർന്ന് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്കറ്റിംഗിൽ ശ്രദ്ധ തിരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം കൂടിയായിരുന്നു ജോ.

വിരമിച്ച ശേഷം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെയും ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. നോർത്ത് അമേരിക്കയിലെ സെന്റ് അലോഷ്യസ് അലുമ്‌നി അസോസിയേഷന്റെ സ്ഥാപക-ഡയറക്ടറായിരുന്നു.

മംഗളൂരുവിലെ ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം മുൻകൈയെടുക്കുകയും ട്രാഫിക് വകുപ്പിന്റെ സഹായത്തോടെ 2015 ൽ ട്രാഫിക് വാർഡൻ മേധാവിയായി ചുമതലയേൽക്കുകയും ചെയ്തു. ഡ്രൈവിംഗും മറ്റ് പ്രധാന പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയ ഇദ്ദേഹത്തിന്റെ സേവനത്തിനും സംഭാവനയ്ക്കും ട്രാഫിക് വിഭാഗത്തിന്റെ ആദരവും ലഭിച്ചിരുന്നു.

യോഗപ്രേമിയും ഫിറ്റ്‌നസിന്റെ കാര്യത്തിൽ പലർക്കും ഒരു മാതൃകയുമായിരുന്നു ജോ. പ്രായമായവർക്കായിതന്റെ വ്യായാമങ്ങൾ പ്രദർശിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് വേണ്ടിയുള്ള സന്ദേശം പകരാൻ നിരവധി പരിപാടികൾ നടത്തി വരുകയായിരുന്നു.മരണം വരെ തന്റെ ജീവിതം ജങ്ങൾക്കായി സമർപ്പിക്കാൻ സാധിച്ചതിന്റെ തൃപ്തിയിലാണ് ജോ വിടവാങ്ങിയത് .