- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യലഹരിയിൽ പാഞ്ഞെത്തി ഇടിച്ചു തെറിപ്പിച്ചത് രണ്ട് ബൈക്കുകൾ; അപകടം അറിഞ്ഞെത്തിയ പൊലീസ് 'ഡ്രൈവറെ' സ്റ്റേഷനിലേക്ക് മാറ്റിയത് ഒരു സംശയവും ആർക്കും നൽകാതെ; കാർ പരിശോധനയിൽ കണ്ടത് രണ്ട് സ്റ്റാറുള്ള യൂണിഫോമും പൊലീസ് തൊപ്പിയും; ട്രാഫിക് എസ് ഐയെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞ കഥ
തിരുവനന്തപുരം: ഡിജിപിയുടെ വാക്കിന് പുല്ലുവില. പൊതു ഇടങ്ങളിൽ പേരു ദോഷമുണ്ടാക്കരുതെന്ന നിർദ്ദേശം വീണ്ടും ഒരു എസ് ഐ അട്ടിമറിച്ചു. തിരുവനന്തപുരം പട്ടത്ത് എസ് ഐ ഓടിച്ചിരുന്ന കാറിടിച്ച് അപകടമുണ്ടാകുമ്പോൾ വീണ്ടും സഹപ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് തന്നെ രംഗത്ത് എത്തുന്നു. പഴവങ്ങാടിയിൽ പരാതിക്കാരിയുടെ കാറിലെത്തി ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ച നെടുമങ്ങാട് സി ഐയുടെ സസ്പെൻഷനും കാര്യങ്ങൾ എങ്ങുമെത്തിക്കുന്നില്ല. ഹണിട്രാപ്പിന് സമാനായി മദ്യലഹരിയിൽ പൊലീസ് നാണംകെടുകയാണ് പട്ടത്ത്.
ട്രാഫിക് എസ് ഐ അനിൽകുമാർ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തു നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത്. എസ് ഐ അനിൽകുമാർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തിരുവനന്തപുരം പട്ടം കോസ്മോ ആശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടം നടന്നത്. ട്രാഫിക് എസ്ഐ അനിൽകുമാർ ഓടിച്ച ആൾട്ടോ കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത് അതിൽ ഒരു ബൈക്കിൽ ഒരാൾ ഇരിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തെത്തിയ പൊലീസ് എസ് ഐയെ മാറ്റി നിർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബൈക്കിൽ ഉണ്ടായിരുന്ന ആളുകൾ ട്രാഫിക് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല എസ് ഐ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും പൊലീസുകാർ എസഐയെ അതിവേഗം അവിടുന്ന് മാറ്റുകയായിരുന്നെനും നാട്ടുകാർ പറയുന്നു.
അപകടത്തിൽ പെടുമ്പോൾ എസ് ഐ മാസ്ക് വച്ചിരുന്നു. പൊലീസ് എത്തി ഇയാളെ കൊണ്ടു പോകുമ്പോൾ മാസ്ക് മാറ്റി വീഡിയോ എടുക്കാൻ നാട്ടുകാർ ശ്രമിച്ചു. എന്നാൽ മാസ്ക് പൊക്കി വച്ച് മുഖം മറയ്ക്കാനായിരുന്നു ശ്രമം. ഇതിനിടെ ചിലർ മാസ്ക് താഴ്ത്തി. ഇതോടെ പൊലീസ് ക്ഷുഭിതരായി. ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്നും പറഞ്ഞു. മദ്യ ലഹരിയിൽ കാറിടിച്ച ആളിനെ എന്തു കൊണ്ട് പൊലീസ് ഇങ്ങനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അപ്പോൾ അവിടെ ഉണ്ടായിരുന്നവർക്ക് മനസ്സിലായിരുന്നില്ല. കാർ പരിശോധനയിൽ പൊലീസ് യൂണിഫോം കിട്ടിയതാണ് നിർണ്ണായകമായത്.
ട്രാഫിക് എസ് ഐയാണ് കേസിൽ കുടുങ്ങുന്നത്. മദ്യപിച്ച് വണ്ടി ഓടിക്കുന്നവരെ പിടിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ. സാധാരണക്കാർക്ക് പെറ്റി അടിച്ച് മുന്നേറുന്ന അനിൽകുമാറാണ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം ഊരിവച്ച് മദ്യലഹരിയിൽ വണ്ടി ഓടിച്ചത്. സ്വന്തം കാറാണ് അപകടത്തിൽ പെട്ടതെന്ന് വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ പരിശോധനയിൽ മറുനാടനും മനസ്സിലായി. ചെമ്പഴന്തി അണിയൂരിലാണ് കാറുടമയുടെ വീട്. അനിൽകുമാർ എന്ന് തന്നെയാണ് ഉടമയുടെ പേരും.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. അനിൽകുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും, തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കുടമകൾക്ക് നഷ്ടപരിഹാരം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. സ്വന്തം കാറിലാണ് അനിൽകുമാർ സഞ്ചരിച്ചിരുന്നത്. ആരാണ് വാഹനം ഓടിച്ചതെന്ന് നാട്ടുകാർക്ക് അറിയില്ലായിരുന്നു. സാധാരണ വസ്ത്രമായിരുന്നു ഇയാൾ ധരിച്ചത്.
പൊലീസ് എത്തിയ ശേഷം കാറിലെ ഡ്രൈവറെ രക്ഷിക്കാനാണ് തിടുക്കം കാട്ടിയത്. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. ഡ്രൈവറെ കൊണ്ടു പോയ ശേഷം കാർ നാട്ടുകാർ പരിശോധിച്ചു. ഇതിൽ നിന്നാണ് പൊലീസുകാരനാണ് ഡ്രൈവറെന്ന സൂചന കിട്ടിയത്. ഡ്രൈവറെ സ്റ്റേഷനിലേക്ക് മാറ്റും വിധം ആർക്കും സംശയമുണ്ടാകാത്ത വിധമാണ് പൊലീസ് ഇടപെടലുകൾ നടത്തിയത്. കാറിനുള്ളിൽ പൊലീസുകാരന്റെ യൂണിഫോം ഉണ്ടായിരുന്നു. ഇതിൽ അനിൽകുമാർ എന്ന പേരും.
രണ്ട് സ്റ്റാർ കണ്ടതോടെ കാറിലുണ്ടായിരുന്നത് എസ് ഐയാണെന്നും മനസ്സിലായി. ഇതോടെയാണ് നാട്ടുകാരുടെ ക്ഷോഭം അണപൊട്ടിയത്. കേസും വഴക്കുമായാൽ എസ് ഐയ്ക്ക് പണി കിട്ടും. ഇതൊഴിവാക്കാനായിരുന്നു സഹപ്രവർത്തകരുടെ ഇടപെടൽ.
മറുനാടന് മലയാളി ബ്യൂറോ