പരിഷ്‌കൃതരും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കാടരെന്നുമൊക്കം പലരും ആദിവാസികളെ പരിഹസിക്കാറുണ്ടെങ്കിലും തങ്ങളുടെ വംശമഹിമയിൽ അഭിമാനം കൊള്ളുന്നവരാണ് ആദിവാസികൾ. ഇതിൽ കലർപ്പ് കലരുന്നതിനെ അവർ സഹിക്കുകയുമില്ല. ഇതിന് വേണ്ടി എന്ത് കടുകൈയും പ്രവർത്തിക്കാൻ തങ്ങൾ ഒരുക്കമാണെന്നാണ് ആൻഡമാനിലെ ഒരു കൂട്ടം ആദിവാസികൾ തെളിയിച്ചിരിക്കുന്നത്. പരപുരുഷ ബന്ധത്തിൽ പിറന്ന ഒരു കുഞ്ഞിനെ കൊന്നു കളഞ്ഞാണ് ഇവർ തങ്ങളുടെ വംശത്തിന്റെ ശുദ്ധത നിലനിർത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവിടുത്തെ അപൂർവ ഗോത്രവർഗക്കാർക്കെതിരെ കേസ് എടുക്കണോ എന്ന് പോലും അറിയാതെ പൊലീസ് ധർമസങ്കടത്തിലായിരിക്കുകയാണ്. ആൻഡമാനിൽ സംഭവിച്ച ഈ ദുരന്തത്തെ ലോകം ഉറ്റുനോക്കുകയാണിപ്പോൾ.

ആൻഡമാനിലെ ഏറ്റവും പഴയ ആദിവാസിവിഭാഗമായ ജരാവ വിഭാഗത്തിൽ പിറന്ന കുഞ്ഞിനെയാണ് ഇവർ വംശശുദ്ധി നിലനിർത്താനായി കുരുതികൊടുത്തിരിക്കുന്നത്. കുഞ്ഞിന്റെ അച്ഛൻ പുറത്ത് നിന്നുള്ള ആളാണെന്ന് വെളിപ്പെട്ടതിനെ തുടർന്നാണ് അവർ ഈ പാതകം നിർവഹിച്ചിരിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഒറ്റപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ കൂട്ടത്തിലാണ് ജരാവ ഉൾപ്പെടുന്നത്. നീണ്ട 60,000ത്തോളം വർഷങ്ങളായി വേട്ടയാടി ഭക്ഷണം ശേഖരിക്കുന്ന പാരമ്പര്യവും വംശശുദ്ധിയും ഇവർ കാത്ത് സൂക്ഷിച്ച് വരുകയാണ്.തെക്കൻ ആൻഡമാൻ ദ്വീപിലാണ് മുക്കിക്കൊന്ന രീതിയിൽ അഞ്ചുമാസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ഇന്ത്യയ്ക്കും തായ്‌ലൻഡിനുമിടയിൽ ബംഗാൾ ഉൾക്കടലിലാണീ ദ്വീപ് നിലകൊള്ളുന്നത്.

കുട്ടിയുടെ മാതാവ് അവിവാഹിതയായിരുന്നുവെന്നും പിതാവ് പുറത്ത് നിന്നുള്ള ആളായിരുന്നുവെന്നും കുട്ടിയുടെ തൊലിക്ക് അമ്മയുടെ തൊലിയിൽ നിന്ന് വ്യത്യാസമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്. പിതാവ് പുറത്ത് നിന്നുള്ള ആളായതിനാലാണ് കുട്ടി കൊല്ലപ്പെട്ടതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നത്.പ്രത്യേകനിയമം മൂലം സംരക്ഷിക്കപ്പെട്ട ആദിവാസി വിഭാഗമാണ് ജരാവ. ഇവരുടെ സ്വതസിദ്ധമായ ജീവിതത്തിൽ സാധ്യമായേടുത്തോളം ഇടപെടരുതെന്ന് പൊലീസിന് കർക്കശനിർദ്ദേശവുമുണ്ട്. ഇക്കാരണത്താൽ പ്രസ്തുത കേസിൽ ആദിവാസികളെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ പൊലീസിനാവുന്നില്ല.

എന്നാൽ കുട്ടിയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായ നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമുണ്ട്. കുട്ടിയുടെ മരണത്തിന് മുമ്പ് ജരാവക്കാർ മദ്യപിക്കുകയും രാത്രിയിൽ കാട്ടിലേക്ക് പോകുന്നത് കണ്ടതായുമാണ് രണ്ട് സ്ത്രീകൾ വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ ഉറങ്ങിക്കിടക്കുമ്പോൾ അതിനെ ഇവർ അനധികൃതമായി കവർന്നെടുത്തുകൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.തുടർന്ന് കുഞ്ഞിന്റെ ജഢം ദ്വീപിലെ ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു.ടാറ്റെഹാനെ എന്ന ആദിവാസിയാണ് ഇതിന് ഉത്തരവാദിയെന്നും അയാളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്ത്രീ ആരോപിക്കുന്നു.ഈ വിഷയം ഇപ്പോൾ ഇന്ത്യയിലെ ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റിന് മുന്നിലെത്തിയിരിക്കുകയാണ്.

എന്നാൽ ആദിവാസി സ്ത്രീക്ക് എങ്ങനെയാണ് പരപുരുഷ ബന്ധമുണ്ടായതെന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഈ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. ടാറ്റെഹാനെയ്ക്ക് മദ്യനൽകി കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതിന് മറ്റൊരാളും അറസ്റ്റിലായിട്ടുണ്ടെന്ന് സൂചനയുണ്ട്.ആരും നിയമത്തിന് അതീതരല്ലെങ്കിലും ഈ ആദിവാസികൾക്ക് പ്രത്യേക പദവിയുള്ളതിനാൽ തങ്ങളുടെ ജോലിയുടെ ഭാഗമായി അവരുടെ താൽപര്യങ്ങളെ സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരായിരിക്കുകയാണെന്നാണ് ദി സൗത്ത് ആൻഡമാൻ പൊലീസ് സൂപ്രണ്ടും ഈ കേസിന്റെ അന്വേഷണത്തിന്റെ ചാർജുള്ള ഉദ്യോഗസ്ഥനുമായ അതുൽ കുമാർ താക്കൂർ പറയുന്നത്.