ന്യൂഡൽഹി: വിമാനയാത്രക്കിടെ മൊബൈൽ ഫോണും, ഇന്റർനെറ്റും ഉപയോഗിക്കുന്നതിനുള്ള സൗകര്യം നിലവിൽ വരുന്നു. ഇന്ത്യൻ ആകാശ പരിധിയിലൂടെ വിമാനത്തിൽ സഞ്ചരിക്കുന്നവർക്ക് ഉപഗ്രഹ ഭൂതല നെറ്റ്‌വർക്കുകളുടെ സാഹയത്തോടെ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുമതി നൽകി. ടെലിക്കോം അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

പുതിയ സംവിധാനം നിലവിൽ വരുമ്‌ബോൾ മൊബൈൽ ഫോൺ ഫ്‌ളൈറ്റ് മോദിലാക്കണം എന്നതാണ് പ്രധാന നിബന്ധന. വിമാനത്തിൽ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കാനാണ് ട്രായിയുടെ പ്രധാന നിർദ്ദേശം. വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്‌നങ്ങളോ ഇല്ലാതെ വേണം ശുപാർശ നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തിൽ കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിലാണു സേവനം നൽകാൻ ശുപാർശ.

വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങൾ മൊബൈലിൽ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. ആഭ്യന്തര രാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. തുടർന്നാണ് 'ഇൻഫ്‌ളൈറ്റ് കണക്ടിവിറ്റി' ശുപാർശകൾ ട്രായ് പുറത്തുവിട്ടത്.

ഫോൺ ഇൻഫ്‌ളൈറ്റ് അല്ലെങ്കിൽ എയ്‌റോപ്ലെയ്ൻ മോദിലാണെങ്കിൽ മാത്രം വൈഫൈ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാർശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇന്റർനെറ്റ് സൗകര്യത്തിൽ തടസ്സമുണ്ടാകരുത്. മറ്റുരീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാർശയിൽ പറയുന്നു

ഇന്ത്യൻ ആകാശപരിധിയിലൂടെ സഞ്ചരിക്കുന്ന ആഭ്യന്തരഅന്താരാഷ്ട്ര വിമാനങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള ട്രായിയുടെ അഭിപ്രായം ഓഗസ്റ്റ് പത്തിനാണ് ടെലികോം വകുപ്പ് ആരാഞ്ഞത്.