ന്യൂഡൽഹി: രാജ്യത്തെ തീവണ്ടി ഗതാഗതം സാധാരണ നിലയിലേക്കെത്തുന്നു. മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മാവേലി, മലബാർ എക്സപ്രസ്സുകൾ ഈ മാസം ആദ്യ വാരം മുതൽ സർവ്വീസ് പുനരാരംഭിക്കും.

മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്ത് മുതലുമാണ് ഓടിത്തുടങ്ങുക. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്‌മെന്റുകളുണ്ടാവില്ല.

എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.ചെന്നൈ-തിരുച്ചെന്തൂർ, ചെന്നൈ-കാരയ്ക്കൽ,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗർകോവിൽ, ചെന്നൈ എഗ്മോർ-രാമേശ്വരം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-മന്നാർഗുഡി എന്നിവയാണ് വീണ്ടും സർവീസ് തുടങ്ങുന്ന മറ്റുവണ്ടികൾ. അതേസമയം പകൽവണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്പ്രസുകൾ എന്ന് ഓടിത്തുടങ്ങുമെന്നു കാര്യത്തിൽ തീരുമാനമായിട്ടില്ല.